ഇന്റര്‍വ്യൂ ഒക്കെ കാണാറുണ്ടെന്ന് പല്ലൊന്നും ഇല്ലാത്ത അമ്മൂമ്മ ഓടിവന്നു പറഞ്ഞു, അവര്‍ക്കും ഈ പ്രായത്തില്‍ സ്‌ട്രെസ് ഒക്കെയുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍
Entertainment news
ഇന്റര്‍വ്യൂ ഒക്കെ കാണാറുണ്ടെന്ന് പല്ലൊന്നും ഇല്ലാത്ത അമ്മൂമ്മ ഓടിവന്നു പറഞ്ഞു, അവര്‍ക്കും ഈ പ്രായത്തില്‍ സ്‌ട്രെസ് ഒക്കെയുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th January 2023, 8:05 am

നായകനായും സംവിധായകനായും മലയാള സിനിമയില്‍ ഏറെ ശ്രദ്ധേയനായ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. രസകരമായി അഭിമുഖങ്ങളില്‍ സംസാരിക്കാറുള്ള താരവുമാണ് ധ്യാന്‍. അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ക്കും പ്രേക്ഷകര്‍ ഏറെയാണ്.

തന്റെ അഭിമുഖം കാണാറുണ്ടെന്ന് ഒരു പ്രായമായ സ്ത്രീ അടുത്തു വന്നു പറഞ്ഞ അനുഭവം പങ്കുവെക്കുകയാണ് ധ്യാനിപ്പോള്‍. പല്ലൊന്നും ഇല്ലാത്ത അവര്‍ അടുത്തേക്ക് ഓടി വന്ന് ഇന്റര്‍വ്യൂ കാണാറുണ്ടെന്ന് പറഞ്ഞപ്പോള്‍ തനിക്ക് അതിശയം തോന്നിയെന്നും ധ്യാന്‍ പറഞ്ഞു.

കുട്ടികള്‍ ഒക്കെ ഇന്റര്‍വ്യൂ കാണാറുണ്ടെന്ന് പറയുന്നത് പോലെയല്ല പ്രായമായവര്‍ കാണാറുണ്ട് പറയുന്നതെന്നും ധ്യാന്‍ പറഞ്ഞു. എന്നാല്‍ സിനിമ കാണാറുണ്ടെന്ന് ആരും പറയാറില്ലെന്നും ധ്യാന്‍ പറഞ്ഞു. ഇന്ത്യന്‍ സിനിമ ഗാലറിക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”കഴിഞ്ഞ ദിവസം കണ്ണൂര്‍ പോയപ്പോള്‍ വയസായ ഒരു അമ്മൂമ്മ എന്റെ അടുത്തേക്ക് വന്നു. പല്ലൊന്നും ഇല്ല അവര്‍ക്ക്. ഇന്റര്‍വ്യൂ ഒക്കെ കാണാറുണ്ടെന്ന് എന്നോട് പറഞ്ഞു. ഞാന്‍ ആകെ അതിശയിച്ചു പോയി.

ഈ പ്രായത്തില്‍ എന്റെ ഇന്റര്‍വ്യൂ കാണുന്നുണ്ടെന്ന് പറയുമ്പോള്‍ എന്താണ് ഞാന്‍ അവരോട് പറയുക. പ്രായമുള്ളവര്‍ക്ക് ആശ്വാസം ആകുന്നുണ്ടെന്ന് പറയുമ്പോള്‍ അതില്‍ എനിക്ക് സന്തോഷം തോന്നി. അവര്‍ക്കും ഈ പ്രായത്തില്‍ സ്‌ട്രെസ് ഒക്കെയുണ്ട്.

പിള്ളേരൊക്കെ വന്ന് ഇന്റര്‍വ്യൂ കാണാറുണ്ടെന്ന് പറയുന്നത് ഓക്കെ പക്ഷെ പ്രായമായവര്‍ വന്ന് ഇങ്ങനെ പറയുമ്പോള്‍ അതെനിക്ക് എന്തോ ഭയങ്കര സന്തോഷം തോന്നി. സിനിമ കാണാറുണ്ടെന്ന് ആരും പറയാറില്ല അത് വേറെ കാര്യം,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

വീകമാണ് ധ്യാനിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. സാഗറാണ് ചിത്രത്തിന്റെ സംവിധായകന്‍. ധ്യാനിന് പുറമെ സിദ്ദീഖ്, ഡയാന, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ഡെയിന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

content highlight: actor dhyan sreenivasan about his interviews