ധര്‍മ്മജന്‍ വേണ്ട; കെ.പി.സി.സിയ്ക്ക് പരാതിയുമായി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി
Kerala Election 2021
ധര്‍മ്മജന്‍ വേണ്ട; കെ.പി.സി.സിയ്ക്ക് പരാതിയുമായി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th March 2021, 2:59 pm

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി. ധര്‍മ്മജന്‍ മത്സരിക്കുന്നത് യു.ഡി.എഫിന് ക്ഷീണം ചെയ്യുമെന്നും മണ്ഡലം കമ്മിറ്റി അറിയിച്ചു.

ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.പി.സി.സിയ്ക്ക് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ പിന്തുണച്ചത് ചര്‍ച്ച ചെയ്യപ്പെടുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലം ധര്‍മ്മജന് വേണ്ടി പരിഗണിക്കുന്നെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ധര്‍മ്മജന്‍ ബാലുശ്ശേരിയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുളള നിരവധി പേരെ വീട്ടിലെത്തി കാണുകയും കോണ്‍ഗ്രസ് ജില്ലാ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.

നിലവില്‍ മുസ്ലിം ലീഗാണ് ബാലുശ്ശേരിയില്‍ മത്സരിക്കുന്നത്. ഇത് കോണ്‍ഗ്രസ് ഏറ്റെടുത്ത് ധര്‍മ്മജനെ മല്‍സരിപ്പിക്കാനാണ് ആലോചന. പതിറ്റാണ്ടുകളായി എല്‍.ഡി.എഫ് മണ്ഡലമാണ് ബാലുശ്ശേരി.

കഴിഞ്ഞ തവണ സി.പി.ഐ.എമ്മിലെ പുരുഷന്‍ കടലുണ്ടി 15,000 ത്തിലേറെ വോട്ടുകള്‍ക്കാണ് ഇവിടെ നിന്നും വിജയിച്ചത്. ധര്‍മ്മജന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ മണ്ഡലം പിടിക്കാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

അതേസമയം ബാലുശ്ശേരി മണ്ഡലത്തില്‍ ധര്‍മ്മജന്‍ അല്ല മോഹന്‍ലാല്‍ വന്ന് മത്സരിച്ചാലും എല്‍.ഡി.എഫ് തന്നെ വിജയിക്കുമെന്ന് നിലവിലെ എം.എല്‍.എ പുരുഷന്‍ കടലുണ്ടി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Dharmajan Bolgatti Balussery Congress Denies Candidate Kerala Election 2021