എന്റെ സിനിമകളെല്ലാം ജനങ്ങള്‍ക്ക് മനസ്സിലായി, ഹിറ്റാവുകയും ചെയ്തു; പക്ഷെ അഭിനയത്തിന് ഒരു പഞ്ചായത്ത് അവാര്‍ഡ് പോലും കിട്ടിയിട്ടില്ല: ബാബു ആന്റണി
Entertainment
എന്റെ സിനിമകളെല്ലാം ജനങ്ങള്‍ക്ക് മനസ്സിലായി, ഹിറ്റാവുകയും ചെയ്തു; പക്ഷെ അഭിനയത്തിന് ഒരു പഞ്ചായത്ത് അവാര്‍ഡ് പോലും കിട്ടിയിട്ടില്ല: ബാബു ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th June 2021, 10:12 am

മലയാള സിനിമയിലെ ഒരു കാലത്തെ ആക്ഷന്‍ ഹീറോയായിരുന്നു നടന്‍ ബാബു ആന്റണി. ഇന്നും ബാബു ആന്റണിയ്ക്ക് പകരക്കാരനാകാന്‍ കഴിയുന്ന ഒരു നടന്‍ മലയാള സിനിമയിലുണ്ടായിട്ടില്ല.

അതുവരെ മലയാളിക്ക് പരിചിതമായിരുന്ന നായകസങ്കല്‍പങ്ങളില്‍ നിന്നും വ്യത്യസ്തമായ ആകാരവടിവും അഭിനയശൈലിയുമായിട്ടായിരുന്നു ബാബു ആന്റണി സിനിമയിലെത്തിയത്. ഒട്ടും വൈകാതെ തന്നെ സിനിമയില്‍ അദ്ദേഹം തന്റേതായ ഇടംനേടിയെടുക്കുകയും ചെയ്തു.

പിന്നീട് സിനിമയില്‍ നിന്നും ചില ഇടവേളകള്‍ നേരിട്ട നടന്‍ ഇപ്പോള്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇതിനിടെ ബാബു ആന്റണിയുടെ അഭിനയശൈലിക്കും ശരീരഭാഷയ്ക്കുമെതിരെ ചിലര്‍ കമന്റുകളുമായി എത്തിയിരുന്നു.

തനിക്കെതിരെ വന്ന മോശം കമന്റുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബാബു ആന്റണി ഇപ്പോള്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖഭാഷ മാത്രമല്ല ശരീരഭാഷ കൂടിയാണ് അഭിനയമെന്നാണ് താന്‍ കരുതുന്നതെന്നും തന്റെ സിനിമകള്‍ ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നും ഹിറ്റായിട്ടുണ്ടെന്നും ബാബു ആന്റണി പറഞ്ഞു. എന്നാല്‍ തനിക്കിത് വരെ അഭിനയത്തിന് ഒരു അവാര്‍ഡ് പോലും കിട്ടിയിട്ടില്ലെന്നും ബാബു ആന്റണി പറഞ്ഞു.

എന്നെ സംബന്ധിച്ചിടട്ടോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഓഡിയന്‍സിനു നന്നായി മനസിലാക്കാന്‍ പറ്റുമെങ്കില്‍ പിന്നെ ആവശ്യമില്ലാത്ത എക്‌സ്പ്രസഷന്‍സ് എനിക്ക് താല്പര്യമില്ല. സ്റ്റോറി, സ്‌ക്രിപ്റ്റ്, ഷോട്ടുകള്‍, ബി.ജി.എം., കോസ്റ്റാര്‌സ് എല്ലാം അഭിനയത്തില്‍ നമ്മെ സഹായിക്കുന്ന ഘടകങ്ങളാണെന്ന് ബാബു ആന്റണി പറഞ്ഞു.

‘ഞാന്‍ ചെയ്ത വൈശാലിയും, അപരാഹ്നവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങള്‍ക്കു മനസ്സിലാവുകയും സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു.

പിന്നെ എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്തു അവാര്‍ഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടു ഇവനെന്തിനു ഈ അവാര്‍ഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല. ഇന്ത്യയിലെ വലിയ സംവിധായകര്‍ക്ക് എനിക്കെതിരെ ഒരു പരാതിയുമില്ല താനും. എന്റെ വര്‍ക്കില്‍ അവര്‍ ഹാപ്പിയുമാണ്. അതുകൊണ്ടു ചില സഹോദരന്മാര്‍ സദയം ക്ഷമിക്കണം,’ ബാബു ആന്റണി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Babu Antony against hate comments about his acting