ശ്വാസം കിട്ടാതെ എന്റെ കണ്ണൊക്കെ തള്ളി പുറത്തേക്ക് വരുന്നുണ്ട്, പെര്‍ഫോമന്‍സ് ആണെന്ന് കരുതി ആരും ശ്രദ്ധിക്കുന്നില്ല; മരണത്തെ മുഖാമുഖം കണ്ടതിനെ കുറിച്ച് ആസിഫ്
Malayalam Cinema
ശ്വാസം കിട്ടാതെ എന്റെ കണ്ണൊക്കെ തള്ളി പുറത്തേക്ക് വരുന്നുണ്ട്, പെര്‍ഫോമന്‍സ് ആണെന്ന് കരുതി ആരും ശ്രദ്ധിക്കുന്നില്ല; മരണത്തെ മുഖാമുഖം കണ്ടതിനെ കുറിച്ച് ആസിഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th October 2021, 3:42 pm

ജീന്‍ പോളിന്റെ സംവിധാനത്തിലൊരുങ്ങിയ ഹണി ബീ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് ആസിഫ് അലി. തന്റേയും ഭാവനയുടേയും കഥാപാത്രം വെള്ളത്തിലേക്ക് ചാടുന്ന സീന്‍ ഷൂട്ട് ചെയ്യുമ്പോഴുണ്ടായ സംഭവത്തെ കുറിച്ചാണ് ആസിഫ് അലി പറയുന്നത്.

മരണത്തെ മുഖാമുഖം കാണുകയായിരുന്നു ആ സമയത്തെന്നും എന്നാല്‍ തന്റേത് അഭിനയമാണെന്ന് ധരിച്ച് ആരും രക്ഷിക്കാന്‍ എത്തിയില്ലെന്നും ആസിഫ് പറയുന്നു. അന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു താനെന്നും കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.

ഹണീബിയുടെ ഓപ്പണിങ് സീക്വന്‍സില്‍ വെള്ളത്തില്‍ ഞാനും ഭാവനയും ഇങ്ങനെ മുങ്ങിപ്പോകുന്നതാണ് സീന്‍. ഇത് ലക്ഷദ്വീപില്‍ വെച്ചാണ് നമ്മള്‍ ഷൂട്ട് ചെയ്തത്. അങ്ങനെ ഞങ്ങള്‍ എത്തി. അണ്ടര്‍ വാട്ടര്‍ ആണ് ഷോട്ട്. അങ്ങനെ ഇവര്‍ ഫുള്‍ ക്യാമറയും കാര്യങ്ങളുമൊക്കെ സെറ്റ് ചെയ്ത് ഓക്‌സിജന്‍ മാസ്‌കും കിറ്റുമൊക്കെ ഇട്ട് എല്ലാവരും താഴെ വെയ്റ്റ് ചെയ്യുകയാണ്.

നമ്മള്‍ ഇങ്ങനെ നിര്‍ത്തിയിട്ട ബോട്ടില്‍ കിടക്കുന്നു.ആക്ഷന്‍ പറയുമ്പോള്‍ ഞാനും ഭാവനയും ഒരുമിച്ച് വെള്ളത്തിലേക്ക് ചാടുന്നു. ഭയങ്കര ബ്യൂട്ടിഫുളായിട്ടുള്ള ഒരു സീനാണ്. മുങ്ങിയ ശേഷം നമ്മള്‍ ഇങ്ങനെ സ്ട്രഗിള്‍ ചെയ്യുന്നു ഇതാണ് ഷോട്ട്.

ഇത് ഫുള്‍ പ്ലാന്‍ ചെയ്തപ്പോള്‍ ഞാന്‍ ചാടില്ല എന്നായി ഭാവന. എക്‌സൈറ്റ്‌മെന്റ് കാരണം ഞാനാണെങ്കില്‍ ചാടാമെന്ന് പറയുകയും ചെയ്തു. ഭാവന പേടിയാണെന്ന് പറഞ്ഞതോടെ ഇവര്‍ ലക്ഷദ്വീപില്‍ നിന്ന് സര്‍ട്ടിഫൈഡ് ആയ ഒരു ഡൈവറെ കൊണ്ടുവന്നു. ഡൈവര്‍ ആയതുകൊണ്ട് തന്നെ ഇവര്‍ മുടി പറ്റെ വെട്ടിയിരിക്കുകയാണ്.

അങ്ങനെ ഇവര്‍ക്ക് ഭാവനയുടെ കോസ്റ്റിയൂമും ഭാവനയുടേത് പോലുള്ള ഒരു വിഗ്ഗും സെറ്റ് ചെയ്തു കൊടുത്തു. എന്റെ ഉള്ളിന്റെ ഉള്ളില്‍ ഒരു ധൈര്യം ഉണ്ട്. ഞാന്‍ ചാടുന്നത് ഒരു ഡൈവറുടെ കൂടെയാണ്. എന്ത് പറ്റിയാലും ഇവള്‍ നോക്കിക്കോളും എന്ന്. അങ്ങനെ സീന്‍ എടുക്കാറായി. ആക്ഷന്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും കൂടി ചാടി.

ചാട്ടത്തില്‍ ഈ വിഗ്ഗ് ഊരി ഈ കുട്ടിയുടെ മുഖത്ത് കുടുങ്ങി. ഇതോടെ വെപ്രാളത്തില്‍ അവള്‍ കേറി എന്നെ പിടിച്ചു. ആകെ വെപ്രാളത്തിലാണ് ഇത് ചെയ്യുന്നത്. അവര്‍ ആകെ പാനിക്കായി. വിഗ്ഗ് മൊത്തം മുഖത്ത് കുടുങ്ങിയിട്ട് എന്താണ് ചെയ്യേണ്ടതെന്ന് ഇവര്‍ക്ക് അറിയില്ല.

ഞാനാണെങ്കില്‍ ഈ കുട്ടിയെ വിടീക്കാന്‍ നോക്കുകയാണ്. പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ നമുക്ക് വേണ്ട യഥാര്‍ത്ഥ ഷോട്ട് ഇതാണ്. വെള്ളത്തില്‍ സ്ട്രഗിള്‍ ചെയ്യുന്നതാണ് ഷോട്ട്. അപ്പോള്‍ ഇത് കാണുന്ന ആര്‍ക്കും മനസിലാകുന്നില്ല ഇതൊരു റിയല്‍ സ്ട്രഗിള്‍ ആണെന്നും എനിക്ക് ശ്വാസം കിട്ടുന്നില്ല എന്നതും.

ഞാന്‍ കൈകൊണ്ടൊക്കെ കാണിക്കുന്നുണ്ട്. ഇവര്‍ക്ക് ഒന്നും മനസിലാകുന്നില്ല. ഇവരൊക്കെ പെര്‍ഫോമന്‍സ് എന്ന് പറഞ്ഞ് ഇരിക്കുകയാണ്. എന്റെ കണ്ണൊക്കെ തള്ളി ഇങ്ങനെ വരികയാണ്. അപ്പോള്‍ നമ്മുടെ കൂടെ വന്ന ലക്ഷദ്വീപില്‍ നിന്നുള്ള അവര്‍ക്ക് മനസിലായി പണി പാളിയെന്ന് അവര്‍ പെട്ടെന്ന് വന്ന് ഓക്‌സിജന്‍ മാസ്‌ക് വെച്ച് എന്നെ മുകളിലേക്ക് കയറ്റുകയായിരുന്നു,” ആസിഫ് പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Actor Asif Ali Share Honey Bee Movie  Shooting Experiance