ആസിഫ് ഫോണ്‍ അറ്റന്റ് ചെയ്യില്ലെന്ന് പലരും പരാതി പറഞ്ഞുകേട്ടിട്ടുണ്ട്, അതിന്റെ കാരണമിതാണ്; ജിബു ജേക്കബ് പറയുന്നു
Film News
ആസിഫ് ഫോണ്‍ അറ്റന്റ് ചെയ്യില്ലെന്ന് പലരും പരാതി പറഞ്ഞുകേട്ടിട്ടുണ്ട്, അതിന്റെ കാരണമിതാണ്; ജിബു ജേക്കബ് പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th July 2021, 1:41 pm

കൊച്ചി: ജിബു ജേക്കബ്- ആസിഫ് അലി കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് എല്ലാം ശരിയാകും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ലോക്കല്‍ നേതാവായ വിനീത് എന്ന ചെറുപ്പക്കാരനായിട്ടാണ് ആസിഫ് അലി ഇതില്‍ അഭിനയിക്കുന്നത്.

ചിത്രത്തിനായി ആസിഫ് അലിയില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്ന് ജിബു പറയുന്നു. നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഏറ്റവും കംഫര്‍ട്ടായിട്ടുള്ള ആര്‍ട്ടിസ്റ്റാണ് ആസിഫ് അലി. ഷൂട്ടിംഗിന് മുന്‍പും ശേഷവും ആസിഫിനെ കിട്ടാന്‍ വലിയ പാടാണെന്ന് എല്ലാവരും പറയാറുണ്ട്. പക്ഷെ ഷൂട്ടിംഗ് സമയത്ത് ലൊക്കേഷനില്‍ നിന്ന് മാറാത്തായാളാണ്,’ ജിബു ജേക്കബ് പറയുന്നു.

ആസിഫിനെ ഫോണില്‍ കിട്ടില്ലെന്ന് പലരും പരാതി പറയാറുണ്ടെന്നും അതിന്റെ കാരണം തനിക്ക് ഈ സിനിമയുടെ ചിത്രീകരണവേളയില്‍ ബോധ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരു സിനിമ നടന്നുകൊണ്ടിരിക്കുമ്പോള്‍ ആ സിനിമയുടെ സംവിധായകനെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ആസിഫ് ഫോണെടുക്കാത്തത്. ലൊക്കേഷനില്‍ അത് വളരെ ഗുണമാണ്,’ ജിബു പറയുന്നു.

വെള്ളിമൂങ്ങയാണ് ജിബു ജേക്കബിന്റെ ആദ്യ സിനിമ. ബിജുമേനോന്‍ നായകനായ ഈ ചിത്രത്തില്‍ അതിഥി താരമായി ആസിഫ് അലി അഭിനയിച്ചിരുന്നു.