ഫോണ്‍ വിളിച്ചിട്ട് ഞാന്‍ എടുത്തില്ല, നഷ്ടമായത് എക്കാലത്തേയും ഹിറ്റ് ചിത്രം; മനസുതുറന്ന് ആസിഫ്
Malayalam Cinema
ഫോണ്‍ വിളിച്ചിട്ട് ഞാന്‍ എടുത്തില്ല, നഷ്ടമായത് എക്കാലത്തേയും ഹിറ്റ് ചിത്രം; മനസുതുറന്ന് ആസിഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th October 2021, 10:33 am

ഫോണ്‍ വിളിച്ചാല്‍ എടുക്കാതിരിക്കുക എന്നത് തന്റെ മോശം സ്വഭാവങ്ങളില്‍ ഒന്നാണെന്നും അതുകാരണം തനിക്ക് നഷ്ടമായ ചിത്രങ്ങള്‍ ഏറെയാണെന്നും പറയുകയാണ് നടന്‍ ആസിഫ് അലി. താന്‍ നോ പറഞ്ഞ ചിത്രങ്ങള്‍ നഷ്ടപ്പെട്ടതോര്‍ത്ത് വിഷമമില്ലെന്നും എന്നാല്‍ തന്റെയടുത്തേക്ക് എത്താന്‍ പറ്റാതെ പോയ നല്ല ഒരുപാട് സിനിമകള്‍ ഉണ്ടെന്നും ആസിഫ് കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഞാന്‍ നോ പറഞ്ഞ സിനിമകളെ കുറിച്ച് ചിന്തിച്ച് എനിക്ക് ഒരിക്കലും നഷ്ടം തോന്നിയിട്ടില്ല. എനിക്ക് മനസിലാവാത്ത സിനിമകളോടാണ് ഞാന്‍ നോ പറഞ്ഞിട്ടുള്ളത്. പക്ഷേ എന്റെ അടുത്തേക്ക് എത്താന്‍ പറ്റാതെ പോയ ഒരുപാട് നല്ല സിനിമകള്‍ ഉണ്ടായിരുന്നു.

എന്റെ ഏറ്റവും വലിയ മോശം സ്വഭാവം എന്നത് ഞാന്‍ ഫോണ്‍ എടുക്കില്ലെന്നതായിരുന്നു. അതുകൊണ്ട് എനിക്ക് ഒരുപാട് നല്ല സിനിമകള്‍ നഷ്ടമായിട്ടുണ്ട്. ഇന്‍ഡസ്ട്രിയില്‍ തന്നെ വലിയൊരു മാറ്റമുണ്ടാക്കിയ ഒരു സിനിമയുടെ 100ാം ദിവസത്തിന്റെ ആഘോഷത്തിന് പോകുമ്പോള്‍ ആ സിനിമയുടെ സംവിധായകന്‍ എന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ആസിഫായിരുന്നു ഈ ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നതെന്ന്. ആ സിനിമ ഏതെന്ന് ഞാന്‍ പറയുന്നില്ല. അങ്ങനെയുള്ള കുറേ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നെ അത് എനിക്ക് വെച്ചിരുന്ന സിനിമായിരുന്നില്ലെന്ന് കരുതി സമാധാനിച്ചു,” ആസിഫ് പറയുന്നു.

വേറെ ആളുകള്‍ ചെയ്ത സിനിമ അത് നമ്മളെ വെച്ച് ചെയ്തിരുന്നെങ്കില്‍ എന്ന് തോന്നിയ സന്ദര്‍ഭം ഉണ്ടോ എന്ന ചോദ്യത്തിന് ‘പ്രേമം’ എന്നായിരുന്നു ആസിഫിന്റെ മറുപടി.

ഞാന്‍ അത് നിവിനോടും പറഞ്ഞിട്ടുണ്ട്. ആ സിനിമ ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് കരുതിയിട്ടുണ്ട്. അങ്ങനെയുള്ള പാട്ടുകള്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് കരുതിയിട്ടുണ്ട്. ഞാന്‍ ചെയ്യാതെ ഹിറ്റായ എല്ലാ സിനിമകളും ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട് (ചിരി). നിവിന്‍ അത്രയും ഭംഗിയായി ചെയ്തതുകൊണ്ടാണ് ആ ക്യാരക്ടറിനോട് നമുക്ക് ഇഷ്ടം തോന്നുന്നത്, ആസിഫ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Actor Asif Ali About His Cinema Career