ഫഹദിന്റെ കണ്ണുകള്‍ക്കിടയില്‍ അംഗീകാരം കിട്ടാതായിപ്പോയിട്ടില്ല, സിനിമകള്‍ സെലക്ട് ചെയ്യുന്ന കാര്യത്തില്‍ എനിക്ക് അസൂയ തോന്നിയിട്ടുണ്ട്: ആസിഫ് അലി
Entertainment news
ഫഹദിന്റെ കണ്ണുകള്‍ക്കിടയില്‍ അംഗീകാരം കിട്ടാതായിപ്പോയിട്ടില്ല, സിനിമകള്‍ സെലക്ട് ചെയ്യുന്ന കാര്യത്തില്‍ എനിക്ക് അസൂയ തോന്നിയിട്ടുണ്ട്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th November 2022, 5:44 pm

മമ്മൂട്ടി നായകനായ റോഷാക്കില്‍ ആസിഫ് അവതരിപ്പിച്ച ദിലീപ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇറങ്ങിയ സമയത്ത് തന്നെ അതിലെ മുഖംമൂടിക്കിടയിലെ കണ്ണുകള്‍ കണ്ട് ആസിഫാണെന്ന് പ്രേക്ഷകര്‍ മനസിലാക്കിയിരുന്നു.

കണ്ണ് കൊണ്ട് അഭിനയിക്കുന്ന നടനാണെന്ന് വിശേഷിക്കപ്പെടുന്ന ഫഹദ് ഫാസിലിന്റെ ഇടയില്‍ അംഗീകാരം കിട്ടാതെ പോയിട്ടുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് ആസിഫ്. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലെ ചോദ്യത്തിനാണ് ആസിഫ് മറുപടി പറഞ്ഞത്.

”ഞാന്‍ പതിനൊന്ന് വര്‍ഷമായി സിനിമയില്‍ വന്നിട്ട്. ഓരോ സിനിമ കഴിയുമ്പോഴും എന്നെക്കുറിച്ച് കുറ്റം പറയുന്നത് മാത്രമാണ് ഞാന്‍ കേള്‍ക്കുന്നത്. ആ കുറ്റങ്ങളില്‍ നിന്ന് കൊണ്ടാണ് കറക്ഷന്‍ ചെയ്യാനായി ശ്രമിക്കുന്നത്.

ഫഹദിന്റെ കണ്ണുകള്‍ക്കിടയില്‍ എനിക്ക് അംഗീകാരം കിട്ടാതായിപ്പോയി എന്നൊന്നും തോന്നിട്ടില്ല. ഫഹദ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുകയും അസൂയപ്പെടുത്തുകയും ചെയ്യാറുണ്ട്.

നല്ല സിനിമകളും നല്ല ടീമും ഫഹദിന്റെ ചുറ്റും എപ്പോഴും ഉണ്ടാകാറുണ്ട്. എന്റെ സെലക്ഷനില്‍ ഞാന്‍ എപ്പോഴും പരാജയം നേരിട്ടിട്ടുണ്ട്. അപ്‌ഡേറ്റഡായ സിനിമകള്‍ ചെയ്യാന്‍ എനിക്ക് പറ്റിയിട്ടില്ല. അതുമാത്രമേ എന്നെ വിഷമിപ്പിച്ചിട്ടുള്ളു.

അല്ലാതെ എന്നെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പറയുന്നതില്‍ വലിയ കാര്യമില്ല. ഞാന്‍ നല്ല സിനിമകള്‍ സെലക്ട് ചെയ്ത് ചെയ്യാന്‍ തുടങ്ങിയാല്‍ എന്നെയും ആളുകള്‍ തിരിച്ചറിയും അഭിനന്ദിക്കും. അതിന് വേണ്ടി ഞാന്‍ ശ്രമിക്കണം അല്ലാതെ അസൂയ ഉണ്ടായിട്ട് കാര്യമില്ല,” ആസിഫ് പറഞ്ഞു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമനാണ് ആസിഫിന്റെ പുതിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഒരു നാട്ടില്‍ നടക്കുന്ന മോഷണപരമ്പരയുടെ പിന്നാലെയാണ് ചിത്രത്തിന്റെ കഥ പോകുന്നത്.

content highlight: actor asif ali about fahad fasil’s film selection