ഷൂട്ടിനിടയിലെ ഒഴിവുസമയങ്ങള്‍ മമ്മൂക്കയ്‌ക്കൊപ്പം കാരവാനിലായിരിക്കും, എങ്കിലും പിറ്റേ ദിവസം കാരവാനില്‍ കയറാന്‍ പേടി തോന്നും: ആസിഫ് അലി
Film News
ഷൂട്ടിനിടയിലെ ഒഴിവുസമയങ്ങള്‍ മമ്മൂക്കയ്‌ക്കൊപ്പം കാരവാനിലായിരിക്കും, എങ്കിലും പിറ്റേ ദിവസം കാരവാനില്‍ കയറാന്‍ പേടി തോന്നും: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th October 2021, 10:08 pm

മമ്മൂട്ടിയോട് തനിക്ക് പേടി കലര്‍ന്ന ബഹുമാനമാണുള്ളതെന്ന് നടന്‍ ആസിഫ് അലി. ഒറ്റവാക്കില്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ സാധിക്കാത്ത ഒരു വ്യക്തിയാണ് മമ്മൂട്ടിയെന്നും താരം പറഞ്ഞു.

കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് യുവതാരം ആസിഫ് അലി സംസാരിച്ചത്.

ജീവിതത്തില്‍ തന്നെപ്പറ്റി നല്ലത് മാത്രം പറയണമെന്ന് താന്‍ ആഗ്രഹിക്കുന്ന വ്യക്തികളിലൊരാളാണ് മമ്മൂക്കയെന്നും എത്രനേരം തന്നെ ഒരുമിച്ചിരുന്നു സംസാരിച്ചാലും പിന്നീട് കാണുമ്പോള്‍ മമ്മൂക്കയോട് അറിയാതെ ഉള്ളിലൊരു പേടി തോന്നാറുണ്ടെന്നും താരം പറഞ്ഞു.

‘ഒരു പരിചയം ഇല്ലാത്ത വ്യക്തികളുടെ കൂടെ നമ്മള്‍ സംസാരിച്ചിരിക്കുമ്പോള്‍ ക്രമേണ ആ വ്യക്തിയുടെ അടുത്ത് നമുക്ക് കുറച്ച് സ്വാതന്ത്ര്യം തോന്നും, പക്ഷെ മമ്മൂക്കയുടെ കാര്യത്തില്‍ നേരെ തിരിച്ചാണ്. അദ്ദേഹത്തിന്റെ കൂടെ ഒരുപാട് നേരം ഇരുന്ന് സംസാരിച്ചാലും സമയം ചിലവഴിച്ചാലും പിന്നീട് കാണുമ്പോള്‍ അറിയാതെ ഉള്ളില്‍ ഒരു പേടി തോന്നും,’ ആസിഫ് പറഞ്ഞു.

ഇരുവരും ഒരുമിച്ചഭിനയിച്ച ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലുള്ള അനുഭവങ്ങളും ആസിഫ് അലി അഭിമുഖത്തില്‍ പങ്കുവെച്ചു. ചിത്രീകരണത്തിനിടയിലെ ഒഴിവുസമയങ്ങള്‍ മമ്മൂട്ടിയുടെ കാരവാനിലാണ് ചെലവഴിച്ചിരുന്നതെന്നും അത്രയ്ക്കും സ്വാതന്ത്ര്യം ലഭിച്ചിരുന്നെങ്കില്‍ പോലും പിറ്റേ ദിവസം കാരവാനില്‍ കയറാന്‍ പേടി തോന്നിയിരുന്നെന്നുമാണ് താരം പറയുന്നത്.

‘ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന മനുഷ്യനാണ് മമ്മൂക്ക. ഈ പേടിയാണ് അദ്ദേഹത്തിന് ഞാന്‍ കൊടുക്കുന്ന ബഹുമാനം,’ താരം പറഞ്ഞു. മുന്‍പും മമ്മൂട്ടിയോടുള്ള തന്നെ ബഹുമാനത്തെ കുറിച്ചും ആരാധനയെക്കുറിച്ചും ആസിഫ് അലി തുറന്നുപറഞ്ഞിട്ടുണ്ട്.

ആര്‍.ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോ, രജിഷ വിജയനൊപ്പമുള്ള എല്ലാം ശരിയാകും, രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്നിവയാണ് ഷൂട്ടിംഗ് പൂര്‍ത്തിയായി റിലീസിനൊരുങ്ങുന്ന ആസിഫ് അലി സിനിമകള്‍..

സിബി മലയിലിന്റെ സംവിധാനത്തില്‍ കൊത്ത് എന്ന സിനിമയും ജിസ് ജോയ് ചിത്രവും ആസിഫിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Asif Ali about Actor Mammootty