അത് ലാലേട്ടന് ഇഷ്ടപ്പെട്ടില്ല, പുള്ളി ആകെ മൂഡ് ഔട്ട്‌ ആയി: അപ്പാ ഹാജ
Entertainment
അത് ലാലേട്ടന് ഇഷ്ടപ്പെട്ടില്ല, പുള്ളി ആകെ മൂഡ് ഔട്ട്‌ ആയി: അപ്പാ ഹാജ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd November 2023, 9:49 pm

മലയാളികൾ എന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ ചെയ്ത നടനാണ് അപ്പാ ഹാജ. ഇൻ ഹരിഹർ നഗറിലെ ഒരൊറ്റ കഥാപാത്രം മാത്രം മതി അദ്ദേഹത്തെ മലയാളികൾക്ക് തിരിച്ചറിയാൻ.

പണ്ട് താൻ തുടങ്ങിയ ഒരു ഷൂ കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മോഹൻലാലുമൊത്തുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് അപ്പാ ഹാജ.

സമയം തെറ്റിച്ച് താൻ ലാലേട്ടനെ വിളിക്കാൻ ചെന്നപ്പോൾ അദ്ദേഹം ആകെ മൂഡ് ഔട്ട് ആയെന്നും അദ്ദേഹത്തെ പിക്ക് ചെയ്ത് വണ്ടി തിരിക്കുന്നതിനിടയിൽ സമ്മാനമായി കിട്ടിയ പുതിയ മാരുതി കാറിൽ ചെറുതായി ഇടിച്ചതുമെല്ലാം അപ്പാ ഹാജ പറയുന്നു. കാൻചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ ലാലേട്ടനെ ചെന്ന് കാണുന്നത് വരവേൽപ്പ് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ആയിരുന്നു. ഞങ്ങൾ തീരുമാനിച്ച ദിവസം അദ്ദേഹത്തിന് ഷൂട്ടിങ് ഉള്ളതുകൊണ്ട് ലാലേട്ടൻ തിരുവനന്തപുരത്ത് വരുന്ന ഒരു ദിവസം ഉദ്ഘാടനം വെക്കാമോ എന്നദ്ദേഹം ചോദിച്ചു. എനിക്കത് ഓക്കെയായിരുന്നു.

അങ്ങനെ ഉദ്ഘാടന ദിവസം ആയപ്പോൾ ലാലേട്ടൻ തിരുവനന്തപുരത്ത് എത്തി. അന്ന് കവഡിയാറിലാണ് ലാലേട്ടൻ താമസിക്കുന്നത്. ഞാൻ അദ്ദേഹത്തെ വിളിക്കാൻ കാലത്ത് തന്നെ പോയി. ആളുകൾ ഒന്ന് കൂടിയിട്ട് ലാലേട്ടനെ വിളിക്കാം എന്നായിരുന്നു ഞാൻ കരുതിയത്. 10 മണി ആയിരുന്നു ഞാൻ പറഞ്ഞ സമയം.

എന്നാൽ ഞാൻ ലാലേട്ടനെ വിളിക്കാൻ ചെല്ലുമ്പോൾ 10 മണി ആയിട്ടുണ്ടായിരുന്നു. അത് ലാലേട്ടന് ഇഷ്ടപ്പെട്ടില്ല. പത്തുമണി എന്നു പറഞ്ഞാൽ അപ്പോൾ തന്നെ അത് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ലാലേട്ടൻ ആ കാര്യത്തിലൊക്കെ ഭയങ്കര സ്ട്രിക്ട് ആണ്. അപ്പോൾ തന്നെ പുള്ളി മൂഡ് ഔട്ട്‌ ആയി.

ലാലേട്ടന് ചിത്രം സിനിമ 365 ദിവസം ഓടിയതിന്റെ ഭാഗമായി ഒരു മാരുതി കാർ സമ്മാനമായി കിട്ടിയ ദിവസമായിരുന്നു അത്. അന്ന് ഞാൻ ലാലേട്ടനെ പിക്ക് ചെയ്ത് വണ്ടി തിരിക്കുന്നതിനിടയിൽ ചെറുതായി ആ മാരുതിയിൽ ഒന്ന് തട്ടി. ഞാൻ അതൊന്ന് സ്റ്റാർട്ട് ചെയ്ത് നോക്കിയിട്ട് പോലുമില്ല, നീയതിൽ ചെന്ന് ഇടിച്ചല്ലേയെന്ന് ലാലേട്ടൻ തമാശയായി പറഞ്ഞു.

പിന്നെ പുള്ളി എന്റെ കൂടെ ആരെ കണ്ടാലും തമാശയായി പറയുമായിരുന്നു, എന്റെ മാരുതിയിൽ ഇടിച്ചതിവനാണെന്ന്.

അത് അദ്ദേഹം മറക്കില്ല. ഈയിടെ കൊവിഡ് ടൈമിൽ അദ്ദേഹം എന്നെ വിളിച്ചപ്പോഴും തമാശയായി പറഞ്ഞത്, അപ്പ ഹാജ നമുക്ക് മാരുതിയിൽ ഇടിക്കണ്ടേ എന്നായിരുന്നു,’ അപ്പാ ഹാജ പറയുന്നു.

Content Highlight: Actor Appa Haja Talk About  Memories  With Mohanlal