കുറച്ച് ചീത്തയൊക്കെ പറഞ്ഞാലെ നിരഞ്ജന നന്നായി അഭിനയിക്കുള്ളു; അനൂപ് മേനോന്‍
Movie Day
കുറച്ച് ചീത്തയൊക്കെ പറഞ്ഞാലെ നിരഞ്ജന നന്നായി അഭിനയിക്കുള്ളു; അനൂപ് മേനോന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th June 2021, 9:47 pm

കൊച്ചി: സംവിധായകനെന്ന നിലയില്‍ അഭിനേതാക്കളില്‍ നിന്നും സിനിമയ്ക്ക് വേണ്ട കഴിവിനെ പുറത്തെടുക്കുന്നതിനെപ്പറ്റി തുറന്നു പറയുകയാണ് അനൂപ് മേനോന്‍. ഫിലിം ഡെയ്‌ലി മോളിവുഡിന് 2020 ഡിസംബറില്‍ നല്‍കിയ അഭിമുഖത്തിലാണ് അനൂപിന്റെ പരാമര്‍ശം.

നടി നിരഞ്ജനയുമൊത്തുള്ള അഭിനയ അനുഭവങ്ങളെപ്പറ്റിയും അദ്ദേഹം തുറന്നു പറഞ്ഞു.

‘നിരഞ്ജന കുറച്ച് ചീത്തയൊക്കെ പറഞ്ഞാലെ നല്ല രീതിയില്‍ അഭിനയിക്കുള്ളു. ചീത്ത പറഞ്ഞുകഴിഞ്ഞാല്‍ നിരഞ്ജന കുറച്ചുനേരം ഒറ്റയ്ക്ക് പോയിരുന്ന് ഐ വില്‍ ഡൂ ഇറ്റ് എന്നൊക്കെ പറയും. അപ്പോള്‍ എനിക്ക് അറിയാം. അടുത്ത ടേക്കില്‍ ഒക്കെ ആയിരിക്കും എന്ന്. അതിന്റെ തുടര്‍ച്ച പോലെ ഞാന്‍ എപ്പോഴും സെക്കന്റ് ടേക്ക് ഒക്കെ ആകുമ്പോള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് അവളെ പ്രകോപിപ്പിക്കും. പ്രകോപിതയായാല്‍ നിരഞ്ജന നന്നായി അഭിനയിക്കും,’ അനൂപ് പറയുന്നു.

നടന്‍ ജോജുവിനെപ്പറ്റിയും അനൂപ് മനസ്സു തുറന്നിരുന്നു. സിനിമാ മേഖലയിലെ മോശം അനുഭവങ്ങളെ അതിജീവിച്ച് വാശിയോടെ മുന്നോട്ട് വന്ന നടനാണ് ജോജു ജോര്‍ജ് എന്നും ജോജുവിനെ പോലെ സിനിമയെന്ന മാധ്യമത്തെ ഇത്രയും ഇഷ്ടത്തോടെ നോക്കിക്കാണുന്ന മറ്റൊരു നടനെ താന്‍ കണ്ടിട്ടില്ലെന്നും അനൂപ് പറയുന്നു.

അനൂപ് മേനോന്റെ നിരവധി സിനിമകളില്‍ ജോജു അഭിനയിച്ചിട്ടുണ്ട്. ട്രിവാണ്ട്രം ലോഡ്ജ്, കോക്ക് ടെയില്‍, തിരക്കഥ, കാലിഫോര്‍ണിയ എന്നീ ചിത്രങ്ങളിലെല്ലാം ജോജു വേഷമിട്ടിട്ടുണ്ട്. തിരക്കഥ സിനിമയ്ക്കകത്തു കാണിച്ച സിനിമയുടെ ഛായാഗ്രാഹകനായിരുന്നു ജോജുവെന്നും അനൂപ് പറഞ്ഞു.

ആര് എന്ത് ചീത്ത വിളിച്ചാലും ഞാന്‍ എവിടെയെങ്കിലും എത്തും എന്ന വിശ്വാസം ജോജുവിനുണ്ടായിരുന്നുവെന്നും അഭിമുഖത്തില്‍ അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.


Content Highlights: Actor Anoop Menon About Niranjana