ഓപ്പറേഷന്‍ ജാവയിലെ 'പീറ്ററേട്ടന്‍' സര്‍വീസില്‍ നിന്ന് വിരമിച്ചു; ആശംസകളുമായി 'ബഷീര്‍'
Malayalam Cinema
ഓപ്പറേഷന്‍ ജാവയിലെ 'പീറ്ററേട്ടന്‍' സര്‍വീസില്‍ നിന്ന് വിരമിച്ചു; ആശംസകളുമായി 'ബഷീര്‍'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st June 2021, 12:07 pm

കൊച്ചി: ഓപ്പറേഷന്‍ ജാവയിലെ ബഷീര്‍ എന്ന പരുക്കനായ സൈബര്‍ സെല്‍ ഉദ്യോഗസ്ഥനായി എത്തി തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചയാളാണ് അലക്‌സാണ്ടര്‍ പ്രശാന്ത്. ഇപ്പോഴിതാ സിനിമയില്‍ അലക്‌സാണ്ടര്‍ പ്രശാന്തിന്റെ സഹപ്രവര്‍ത്തകനായിയെത്തിയ ജോസ് സര്‍വീസില്‍ നിന്ന് വിരമിച്ച വിവരം പങ്കുവെച്ചിരിക്കുകയാണ് നടന്‍.

‘ഇത് ബഷീര്‍ സാറിന് ഇന്ററസ്റ്റുള്ള കേസ് ആണ് എന്ന ഹിറ്റ് ഡയലോഗിന്റെ ഉടമ. ഓപ്പറേഷന്‍ ജാവാ ടീമിന്റെ സ്വന്തം പീറ്ററേട്ടന്‍. യഥാര്‍ഥത്തില്‍ ജോസേട്ടന്‍, ഇന്ന് കൊച്ചി കപ്പല്‍ ശാലയില്‍ നിന്നും സുദീര്‍ഘമായ കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുകയാണ്. ഭാവി ജീവിതത്തില്‍ എല്ലാവിധ ആശംസകളും
നേരുന്നു,’ അലക്‌സാണ്ടര്‍ പ്രശാന്ത് ഫേസ്ബുക്കില്‍ എഴുതി.

ഇന്ത്യയുടെ അഭിമാനമായ ഇന്‍സ് വിക്രന്റ് എന്ന യുദ്ധകപ്പലില്‍ ഇന്‍സ്ട്രുമെന്റേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ സീനിയര്‍ ഗ്രേഡ് ആയി സേവനം അനുഷ്ഠിച്ചുവരികയായിരുന്നെന്നു അദ്ദേഹമെന്നും അലക്‌സാണ്ടര്‍ അറിയിച്ചു.

ജാവയിലെ വിനയദാസന്‍ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ ലുക്ക്മാനും അലക്‌സാണ്ടര്‍ പങ്കുവെച്ച പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ഓപ്പറേഷന്‍ ജാവ. വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വി.സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് പൂര്‍ത്തിയാക്കിയത്.
ക്യാമറ ഫായിസ് സിദ്ദീഖും എഡിറ്റിംഗ് നിഷാദ് യൂസഫും നിര്‍വഹിച്ചിരിക്കുന്നു. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlights: actor Alexander Prasant shared the news  retirement of Jose co-actort of operation java