അഭിപ്രായം പറയാന്‍ എഡിറ്റിങ്ങ് പഠിക്കേണ്ട, സിനിമകള്‍ പരാജയപ്പെടാന്‍ കാരണം പ്രേക്ഷകരല്ല: അജു വര്‍ഗീസ്
Entertainment news
അഭിപ്രായം പറയാന്‍ എഡിറ്റിങ്ങ് പഠിക്കേണ്ട, സിനിമകള്‍ പരാജയപ്പെടാന്‍ കാരണം പ്രേക്ഷകരല്ല: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd December 2022, 8:23 am

 

സിനിമകള്‍ മോശമാകുമ്പോള്‍ അതിനെ വിമര്‍ശിക്കാനുള്ള അവകാശം പ്രേക്ഷകര്‍ക്കുണ്ടെന്ന് നടന്‍ അജു വര്‍ഗീസ്. ഒരു ഹോട്ടലില്‍ കയറി ആഹാരം കഴിക്കുമ്പോള്‍ അത് മോശമാണെങ്കില്‍ താന്‍ പറയാറുണ്ടെന്നും അതുപോലെ തന്നെയാണ് പ്രേക്ഷകരുടെ കാര്യമെന്നും താരം പറഞ്ഞു. അഭിപ്രായം പറയാന്‍ എഡിറ്റിങ് പഠിക്കേണ്ട ആവശ്യമില്ലെന്നും അജു കൂട്ടിച്ചേര്‍ത്തു.

വാമനന്‍ എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 

‘ഒരു സിനിമ പരാജയപ്പെടാനുള്ള കാരണം ആ സിനിമയുടെ വിധിയാണ്. പ്രേക്ഷകര്‍ക്ക് ആ പരാജയവുമായി ഒരു ബന്ധവുമില്ല. കാരണം അവരല്ലല്ലോ തിരക്കഥ എഴുതുന്നത്. സിനിമകള്‍ പരാജയപ്പെടുമ്പോള്‍ തുടക്കകാലങ്ങളിലൊക്കെ എനിക്ക് വിഷമം വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. സിനിമകള്‍ വിജയിക്കുമ്പോള്‍ ഞാന്‍ അമിതമായ സന്തോഷിക്കാറുമില്ല പരാജയപ്പെടുമ്പോള്‍ വേദനിക്കാറുമില്ല.

പ്രേക്ഷകര്‍ സിനിമ മോശമാണെന്ന് പറഞ്ഞാല്‍ അതിനെ അങ്ങനെ തന്നെ സ്വീകരിക്കാന്‍ ശ്രമിക്കാറുണ്ട്. കാരണം ഞാനൊരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് കഴിയുമ്പോള്‍, അത് മോശമാണെങ്കില്‍ ഉറപ്പായും അക്കാര്യം ഞാന്‍ അവരോട് പറയും. അതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതിയിടും എന്നല്ല ഞാന്‍ പറഞ്ഞത്. അതുപോലെ തന്നെയാണ് ഞാന്‍ ഏത് സാധനം വാങ്ങുമ്പോഴും.

ഞാന്‍ പൊതുമധ്യത്തില്‍ വെക്കുന്ന ഒരു ഉല്പന്നമാണല്ലോ സിനിമ. അത് മോശമാണെങ്കില്‍ അതിനെ കുറിച്ച് പറയാന്‍ പ്രേക്ഷകര്‍ക്ക് നൂറ് ശതമാനം അവകാശമുണ്ട്. സിനിമയെ കുറിച്ച് പറയാന്‍ എഡിറ്റിങ് പഠിക്കേണ്ട ആവശ്യമില്ല. അഭിപ്രായം പറയാന്‍ എന്തിനാണ് എഡിറ്റിങ് പഠിക്കുന്നത്,’ അജു വര്‍ഗീസ് പറഞ്ഞു.

അതേസമയം സിനിമയില്‍ വളര്‍ന്നുവരുന്ന സൗഹൃദങ്ങള്‍ മറ്റുള്ളവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനും താരം മറുപടി പറഞ്ഞു. താന്‍ അവസാനമായി ചെയ്ത പല സിനിമകളും സൗഹൃദങ്ങള്‍ വഴി കിട്ടിയതാണെന്നും, ആരെയെങ്കിലും ഒഴിവാക്കിയാണോ തന്നെ അഭിനയിപ്പിച്ചതെന്ന് അറിയില്ലെന്നും അജു പറഞ്ഞു.

‘എന്റെ സുഹൃത്തുക്കളുടെ സിനിമയിലാണ് ഞാന്‍ കൂടുതലും അഭിനയിച്ചിട്ടുള്ളത്. അവസാനം ഇറങ്ങിയ പല സിനിമകളും സൗഹൃദം വഴി കിട്ടിയതാണ്. പിന്നെ അതില്‍ മാറ്റി നിര്‍ത്തലുകളുണ്ടോയെന്ന് അവരാണ് പറയേണ്ടത്. എനിക്ക് പകരം മറ്റൊരാളെ തീരുമാനിച്ചിട്ട് അയാളെ ഒഴിവാക്കി എന്നെ എടുത്തതാണോ എന്നൊന്നും എനിക്കറിയില്ല.

അതിനെ കുറിച്ചൊന്നും ഞാന്‍ അവരോട് ചോദിച്ചിട്ടുമില്ല, അവര്‍ എന്നോട് ഒന്നും പറഞ്ഞിട്ടുമില്ല. അങ്ങനെയുള്ള സംസാരങ്ങളൊന്നും ഞങ്ങള്‍ക്കിടയില്‍ വന്നിട്ടില്ല. സുഹൃത്തുക്കളായ രണ്ട് വ്യക്തികള്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ ഒരു വിധത്തിലും നമുക്ക് അതിനെ തടയാന്‍ കഴിയില്ല. സുഹൃത്തുക്കള്‍ അല്ലാത്തവര്‍ക്ക് ഒരിക്കലും ഒരു സിനിമ ചെയ്യാന്‍ കഴിയില്ല,’ താരം പറഞ്ഞു.

 

content highlight: actor aju varghese talks about film criticism