എഡിറ്റര്‍
എഡിറ്റര്‍
മോദിക്കെതിരെ പ്രതിഷേധിക്കുമെന്ന ഭയം: ഗുജറാത്തില്‍ വനിതാദിനത്തില്‍ ആയിരത്തിലേറെ സ്ത്രീകള്‍ കസ്റ്റഡിയില്‍; കസ്റ്റഡിയിലായത് അംഗനവാടി, ആശവര്‍ക്കേഴ്‌സ്
എഡിറ്റര്‍
Thursday 9th March 2017 1:37pm


അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പ്രതിഷേധ മുയര്‍ത്തുമെന്ന് ഭയന്ന് ആയിരത്തിലേറെ സോഷ്യല്‍ ആക്ടിവിസ്റ്റുകളെയും അംഗനവാടി, ആശ വര്‍ക്കര്‍മാരെയും കസ്റ്റഡിയിലെടുത്ത പൊലീസ് നടപടി വിവാദമാകുന്നു. മാര്‍ച്ച് ഏഴ്, എട്ട് ദിവസങ്ങളിലായി മോദി ഗുജറാത്ത് സന്ദര്‍ശിക്കാനിരിക്കെയായിരുന്നു ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്രയേറെയാളുകളെ പൊലീസ് കസ്റ്റഡിലെടുത്തത്.

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ഗുജറാത്തില്‍ നടത്താനിരുന്ന വനിതാ റാലി റദ്ദാക്കിയ പൊലീസ് ഒട്ടേറെ വനിതാ ആക്ടിവിസ്റ്റുകളെയും അംഗനവാടി, ആശ വര്‍ക്കര്‍മാരെയും കസ്റ്റഡിയിലെടുക്കുകയോ വീട്ടുതടങ്കലിലാക്കുകയോ ആയിരുന്നു.

ഗുജറാത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ വനിതാ സെല്ലിന്റെ ചുമതലയുള്ള വന്ദന പാട്ടീലിനെ മാര്‍ച്ച് 7ന് പുലര്‍ച്ചെ 3.30ഓടെ അവരുടെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത് വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിട്ടുണ്ട്. 100ഓളം പൊലീസുകാര്‍ വന്ദനയുടെ വീട്ടിലേക്കു അതിക്രമിച്ചു കയറി അവരെ അറസ്റ്റു ചെയ്യുകയായിരുന്നു.


Also Read: ആധുനികതയെ വെല്ലുവിളിക്കുന്നുവെന്നു ധരിച്ചു രണ്ടു ലോഡ് ശവം വീഴ്ത്തിയ മല്ലു ആനന്ദമാര്‍ഗികള്‍


വൈകുന്നേരം ആറിനും പുലര്‍ച്ചെ ആറിനും ഇടയ്ക്ക് സ്ത്രീകളെ അറസ്റ്റു ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യരുതെന്ന സുപ്രീം കോടതി നിര്‍ദേശത്തിന് പുല്ലുവില കല്‍പ്പിച്ചായിരുന്നു പൊലീസ് നടപടി.

അഹമ്മദാബാദിലെ ഒദ്ധവ് പൊലീസ് സ്റ്റേഷനില്‍ 12 മണിക്കൂറിലേറെയാണ് വന്ദനയെ പിടിച്ചിട്ടത്. വനിതാ ദിനത്തോടനുബന്ധിച്ച് മോദി പങ്കെടുക്കുന്ന രാജ്യമെമ്പാടുമുള്ള വനിതാ ജനപ്രതിനിധികള്‍ അണിനിരക്കുന്ന ദേശീയ വനിതാ കോണ്‍ഫറന്‍സിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് വന്ദനയെ അറസ്റ്റു ചെയ്തതെന്നാണ് ഒരു മുതിര്‍ന്ന പൊലീസ് ഓഫീസര്‍ വിശദീകരിച്ചതെന്ന് ദ വയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

’20 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വന്ദനയെ വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോകുന്നത്. ഒരു തവണ അവരുടെ രണ്ട് കുട്ടികളുടെ മുമ്പില്‍വെച്ചാണ് അവരെ അറസ്റ്റു ചെയ്തത്. കുട്ടികളെ പൊലീസുകാര്‍ ചീത്തവിളിക്കുകയും ചെയ്തു.’ ഗുജറാത്തിലെ എ.എ.പി മീഡിയ കോഡിനേറ്റര്‍ ഹര്‍ഷില്‍ നായക് പറയുന്നു.

ഗുജറാത്തിലെ ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട നളിയ കൂട്ടബലാത്സംഗത്തിനെതിരെ വന്ദനയും അവര്‍ക്കു കീഴിലുള്ള എ.എ.പി പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം തുടരുമെന്നും എ.എ.പി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വന്ദനയുടെ അറസ്റ്റ്.

അഹമ്മദാബാദിലെ കലക്ടറുടെ ഓഫീസിനു മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കവെയാണ് അംഗനവാടി ജീവനക്കാരെ കസ്റ്റഡിയിലെടുത്തത്.

‘വിവിധ ജില്ലകളില്‍ നിന്നും അഹമ്മദാബാദിലേക്കു വരികയായിരുന്ന അംഗനവാടി ജീവനക്കാരില്‍ പലരെയും പൊലീസ് തടഞ്ഞിട്ടും ഏതാണ്ട് 3000ത്തോളം അംഗനവാടി ജീവനക്കാര്‍ ഒത്തുകൂടിയിരുന്നു. മോദിയുടെ സന്ദര്‍ശനം കാരണം ഞങ്ങള്‍ക്ക് റാലി നടത്താന്‍ അനുമതി നല്‍കിയില്ല എന്നുമാത്രമല്ല ഞങ്ങളെ കസ്റ്റഡിയിലെടുത്ത് സാഹിബാങ് ഹെഡ്ക്വാട്ടേഴ്‌സിലേക്കു കൊണ്ടുപോകുകയും ചെയ്തു.’ ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അംഗനവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സിന്റെ ജനറല്‍ സെക്രട്ടറി എ.ആര്‍ സിന്ധു പറയുന്നു.

‘കസ്റ്റഡിയിലാണ് ഞങ്ങള്‍ വനിതാ ദിനം ആഘോഷിച്ചത്.’ സിന്ധു വ്യക്തമാക്കി.

ഇതിനു പുറമേ ഗുജറാത്തില്‍ മാര്‍ച്ച് എഴിന് ശബരി സംഗതം എന്ന വനിതാ എന്‍.ജി.ഒ സംഘടിപ്പിച്ച ഒരു റാലിക്ക് ഗുജറാത്ത് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. മോദിയുടെ സന്ദര്‍ശനം കാരണമായി പറഞ്ഞാണ് വനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിക്ക് അനുമതി നിഷേധിച്ചത്. പിന്നോക്ക, കീഴ്ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആണിത്.

‘റാലി റദ്ദാക്കിയുള്ള ഉത്തരവ് രേഖാമൂലം ലഭിച്ചിരുന്നു. രാണിപ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഞങ്ങളോട് സംസാരിക്കാനായി വന്നിരുന്നു. അദ്ദേഹം പറഞ്ഞത് റാലി മാര്‍ച്ച് 10ലേക്കു മാറ്റാനാണ്.’ ശബരി സംഗതംപ്രസിഡന്റ് പൊലോമീ മിസ്ട്രി പറഞ്ഞു.

പ്രതിഷേധം ഭയന്ന് ആക്ടിവിസ്റ്റുകളെ കസ്റ്റഡിയിലെടുക്കുന്നത് ഗുജറാത്തില്‍ ആദ്യമായല്ല. 2016 ആഗസ്റ്റില്‍ ഗുജറാത്തില്‍ ദളിത് പ്രക്ഷോഭം ശക്തിയാര്‍ജ്ജിച്ചവേളയിലും ഇത്തരത്തില്‍ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ മോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ഉന സമര നേതാവ് ജിഗ്നേഷ് മെവാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Advertisement