ഹര്‍ത്താല്‍ നേരിടുന്നതില്‍ കോഴിക്കോട് കമ്മീഷണര്‍ വീഴ്ചവരുത്തിയെന്ന ആരോപണം: ഉമേഷ് വള്ളിക്കുന്നിനെതിരെ നടപടിക്ക് ശുപാര്‍ശ
kERALA NEWS
ഹര്‍ത്താല്‍ നേരിടുന്നതില്‍ കോഴിക്കോട് കമ്മീഷണര്‍ വീഴ്ചവരുത്തിയെന്ന ആരോപണം: ഉമേഷ് വള്ളിക്കുന്നിനെതിരെ നടപടിക്ക് ശുപാര്‍ശ
ന്യൂസ് ഡെസ്‌ക്
Friday, 11th January 2019, 10:36 am

 

കോഴിക്കോട്: ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താല്‍ നേരിടുന്നതില്‍ കോഴിക്കോട് കമ്മീഷണര്‍ക്ക് വീഴ്ചപറ്റിയെന്ന് ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടിയ പൊലീസുകാരന്‍ ഉമേഷ് വള്ളിക്കുന്നിനെതിരെ നടപടിക്ക് ശുപാര്‍ശ.

സംഭവത്തില്‍ ഡി.വൈ.എസ്.പി ബിജു കെ. സ്റ്റീഫന്‍ ഉമേഷിന്റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് എസ്.പിക്ക് ഡി.വൈ.എസ്.പി ഇന്ന് റിപ്പോര്‍ട്ടു നല്‍കും.

ഹര്‍ത്താലിലെ സംഘര്‍ഷം തടയുന്നതില്‍ വീഴ്ചപറ്റിയെന്ന ആരോപണത്തിനു പിന്നാലെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനത്തുനിന്നും മഹേഷ് കുമാറിനെ മാറ്റിയിരുന്നു. സഞ്ജയ് കുമാര്‍ ഗുരുദീനെയാണ് തല്‍സ്ഥാനത്ത് നിയമിച്ചത്.

കോഴിക്കോട് മിഠായിത്തെരുവില്‍ സംഘപരിവാര്‍ ആക്രമണത്തില്‍ നിന്നും വാഗ്ദാനം ചെയ്ത സുരക്ഷ വ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്താന്‍ സാധിക്കാതിരുന്നത് ജില്ലാ പൊലീസ് മേധാവിയുടെ വീഴ്ചയാണെന്നായിരുന്നു ഉമേഷ് ആരോപിച്ചത്.

എണ്ണത്തില്‍ വളരെ കുറഞ്ഞ ഒരു സംഘത്തിന് തോന്നുന്നിടത്തെല്ലാം പ്രകടനം നടത്താനും അക്രമം കാണിക്കാനും സാധിക്കുന്ന വിധത്തില്‍ ദുര്‍ബലമായിരുന്നു കോഴിക്കോട്ടെ പൊലീസ് സംരക്ഷണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Also read:എസ്.പിയും ബി.എസ്.പിയും ഉറച്ചുതന്നെ; നാളെ സംയുക്ത വാര്‍ത്തസമ്മേളനം നടത്തുമെന്ന് നേതാക്കള്‍

മിഠായിത്തെരുവിലേക്ക് ധാരാളം വഴികളുള്ളത് കൊണ്ട് അക്രമികളെ നിയന്ത്രിക്കാന്‍ പറ്റിയില്ലെന്ന പൊലീസ് മേധാവിയുടെ വാദത്തേയും ഉമേഷ് എതിര്‍ത്തിരുന്നു. മിഠായിത്തെരുവില്‍ അക്രമികള്‍ വന്നത് ഊടുവഴികളിലൂടെയല്ല, പ്രധാന റോഡുകളിലൂടെയാണ്. തുറന്ന കടകളുടെ അടുത്തെത്തുന്നതിനു മുന്‍പേ അവരെ തടയാനുള്ള യാതൊരു സംവിധാനവും കണ്ടില്ല. മൂന്നു വഴികളില്‍ അക്രമികളെ തടയാനുള്ള പൊലീസിനെ വിന്യസിച്ചാല്‍ തന്നെ വിജയിക്കുമായിരുന്നു പക്ഷെ അതുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

“അക്രമത്തെ തടയുന്നതാണ് പൊലീസിങ് എന്ന് ഒരു IPS ഉദ്യോഗസ്ഥന് അറിയേണ്ടതല്ലേ? അവിടെ ജോലിക്കു നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് താന്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ബന്തവസ്സിനെക്കുറിച്ചു മനസ്സിലാക്കികൊടുക്കേണ്ടതും മറ്റു യൂണിറ്റുകളില്‍ നിന്നും വന്നു ജോലിചെയ്യുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെങ്കിലും സ്ഥലത്തിന്റെ ലേ ഔട്ടും അക്രമികള്‍ക്ക് വരാനും പോകാനുമുള്ള വഴികളും വരച്ചു കൊടുക്കേണ്ടതല്ലേ?

സര്‍ക്കാരും ഡി ജി.പിയും നിര്‍ദ്ദേശിച്ച പ്രകാരം കടകള്‍ക്കു സുരക്ഷ നല്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും പൊലീസിന്റെ വില കളയുന്ന അവസ്ഥയുണ്ടാക്കിയത് അറിവില്ലായ്മ കൊണ്ടോ അതോ മറ്റെന്തെങ്കിലും താല്പര്യങ്ങള്‍ കൊണ്ടോ?” എന്നും അദ്ദേഹം ചോദിച്ചിരുന്നു.