എഡിറ്റര്‍
എഡിറ്റര്‍
ആസിഡ് ആക്രമണത്തിന് ഇരയായ ദളിത് പൂജാരിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ക്ഷേത്രകമ്മിറ്റി
എഡിറ്റര്‍
Saturday 5th August 2017 2:30pm

പാലക്കാട്: ആസിഡ് ആക്രമണത്തിന് ഇരയായ ദളിത് പൂജാരിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി പരാതി. ക്ഷേത്രത്തില്‍ ശാന്തിക്കാരനായിരുന്നത് ദളിതനാണെന്ന് മാധ്യമങ്ങളിലൂടെ പരസ്യമായതോടെയാണ് ക്ഷേത്ര കമ്മിറ്റി പൂജാരിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

പട്ടാമ്പി വിളയൂര്‍ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിലെ ശാന്തിക്കാരനായ ഏലംകുളം സ്വദേശി ബിജുനാരായണനെ(32)യാണ് മുന്നറിയിപ്പൊന്നും ഇല്ലാതെജോലിയില്‍ നിന്ന് പുറത്താക്കിയത്.

കഴിഞ്ഞ ജൂണ്‍ ഏഴിന് പുലര്‍ച്ചെ അഞ്ചിന് വീട്ടില്‍ നിന്നും ക്ഷേത്രത്തിലേക്ക് ജോലിക്കായി പോകവെയാണ് എതിരെ വന്ന ഒരാള്‍ ശാന്തിക്കാരനായ ബിജുനാരായണന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിച്ചത്.


Dont Miss എതിര്‍പ്പുകള്‍ക്കൊടുവില്‍ ഡയാന രാജകുമാരിയുടെ സ്വകാര്യ ജീവിതവും ലൈംഗികതയും പ്രതിപാദിപ്പിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബ്രിട്ടീഷ് ചാനല്‍


ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ഏറെനാള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹം ദളിത് പൂജാരിയാണ് എന്ന് കാണിച്ച് പത്രമാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു പുറത്താക്കല്‍ നടപടി.

അതേസമയം ഒന്നരവര്‍ഷമായി ജോലി ചെയ്തിരുന്ന ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കുന്ന കാര്യം ഫോണില്‍ കൂടി പോലും ക്ഷേത്ര കമ്മിറ്റിക്കാര്‍ അറിയിച്ചില്ലെന്നും ബിജുനാരായണന്‍ പറഞ്ഞതായി നാരദാന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഞാന്‍ ദളിതനായിരുന്നു എന്ന കാര്യം ക്ഷേത്രകമ്മിറ്റിയില്‍ ചിലര്‍ക്ക് മാത്രമായിരുന്നു അറിയാവുന്നത്. എന്നെ ശാന്തിക്കാരനായി നിയമിച്ച കമ്മിറ്റിയല്ല ഇപ്പോള്‍ നിലവിലുള്ളത്. വാര്‍ത്ത വന്നതിന് ശേഷമാണ് ഞാന്‍ പട്ടികജാതിക്കാരന്‍ ആണെന്ന് കമ്മിറ്റിയിലും നാട്ടിലും പരസ്യമാകുന്നത്.

പട്ടികജാതിക്കാരന്‍ പൂജാരിയാകുന്നത് ക്ഷേത്രത്തിന് കുറച്ചില്‍ വരുത്തുമെന്നും ഭക്തര്‍ കുറയുമെന്നും ചിലര്‍ക്ക് തോന്നി കാണാം. എന്നെ ഒഴിവാക്കി പകരം പുതിയ ആളെ വെക്കുന്നത് പോലും അറിയിച്ചില്ല’-ബിജു നാരായണനന്‍ പറയുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അംഗീകൃത തന്ത്രിമാരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഏക പട്ടിക ജാതിക്കാരനായ ഞാന്‍ ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ഏക തന്ത്രിയാണ്. ഞാന്‍ തന്ത്രിയായപ്പോള്‍ നേരത്തെ എന്നെപ്പറ്റി ചില ചാനലുകാരും പത്രങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. പക്ഷെ ആ തന്ത്രിയാണ് ഞാനെന്ന് കമ്മിറ്റിക്കാര്‍ അറിഞ്ഞു കാണില്ലെന്നും

ജന്മം കൊണ്ട് ബ്രാഹ്മണരായ തന്ത്രിമാര്‍ക്ക് അവരുടെ ജാതി, പേരിനൊപ്പം വെളിപ്പെടുത്താം. നാരായണന്‍ നമ്പൂതിരി, ഭട്ടതിരി എന്നൊക്കെ. എന്നാല്‍ താണ ജാതിക്കാരന്‍ തന്ത്രിയായാല്‍ പേരിനൊപ്പം ജാതി വെളിപ്പെടുത്തരുത് എന്നുള്ളതിനാല്‍ ഞാന്‍ ജാതി പറഞ്ഞിരുന്നില്ല. എന്നെ ജാതി അറിയാതെ അവര്‍ നിയമിച്ചു, ജാതി അറിഞ്ഞപ്പോള്‍ പുറത്താക്കിയെന്നും തന്നെ ആക്രമിച്ച ആളെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും ബിജു പറയുന്നു.

Advertisement