ലൈംഗിക പീഡന പരാതി; പി.എസ്.ജി താരം അഷ്‌റഫ് ഹക്കീമിക്കെതിരെ കേസ്
Football
ലൈംഗിക പീഡന പരാതി; പി.എസ്.ജി താരം അഷ്‌റഫ് ഹക്കീമിക്കെതിരെ കേസ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd March 2023, 6:44 pm

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ റൈറ്റ് ബാക്ക് വിങ്ങര്‍ അഷ്‌റഫ് ഹക്കിമിക്കെതിരെ പീഡന കേസ്. ഹക്കീമി പീഡിപ്പിച്ചെന്നാരോപിച്ച് 24കാരിയായ യുവതി താരത്തിനെതിരെ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹക്കീമിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാരീസിലെ നാന്ററെയിലെ പ്രോസിക്യൂട്ടറുടെ ഓഫീസാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.

പരാതിയെ തുടര്‍ന്ന് താരത്തെ ചോദ്യം ചെയ്യലിന് വിധേയനാക്കിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. താരം പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും പരാതി നല്‍കിയ യുവതിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ നിന്നും ഹക്കീമിയെ വിലക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ മാസം 25നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിലേക്ക് വിളിച്ചുവരുത്തി ഹക്കീമി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ഫ്രഞ്ച് നഗരമായ ബുലോയ്നിലുള്ള ഹക്കീമിയുടെ വീട്ടില്‍ വെച്ചാണ് ലൈംഗിക പീഡനം നടന്നതെന്ന് യുവതിയുടെ മൊഴിയില്‍ പറയുന്നു.

താരത്തിന്റെ കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് താന്‍ രക്ഷപ്പെട്ടതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പരാതി നല്‍കാന്‍ യുവതി തയ്യാറായില്ല. തനിക്ക് പരാതിയില്ലെന്നും യുവതി അറിയിച്ചു. തുടര്‍ന്ന് പൊലീസ് വിവരം പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറുകയായിരുന്നു.

ഖത്തര്‍ ലോകകപ്പില്‍ മൊറോക്കന്‍ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ഹക്കീമി. നിലവില്‍ ബൂട്ടുകെട്ടുന്ന പി.എസ്.ജിയിലും നിര്‍ണായക താരമാണ് അഷ്‌റഫ് ഹക്കീമി.

Content Highlights: Achraf Hakimi is being charged