പെരിയ ഇരട്ടക്കൊലപാതകം: കുറ്റപത്രത്തിലെ സാക്ഷികള്‍ കുറ്റാരോപിതരും സി.പി.ഐ.എം നേതാക്കളുമെന്ന് റിപ്പോര്‍ട്ട്
periya political killing;
പെരിയ ഇരട്ടക്കൊലപാതകം: കുറ്റപത്രത്തിലെ സാക്ഷികള്‍ കുറ്റാരോപിതരും സി.പി.ഐ.എം നേതാക്കളുമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th June 2019, 8:41 am

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതകക്കേസിലെ കുറ്റപത്രത്തില്‍ സാക്ഷികളായുള്ളത് കുറ്റാരോപിതരും സി.പി.ഐ.എം നേതാക്കളും. പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള സാക്ഷി മൊഴികളാണ് ഇവരുടേതായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സാക്ഷിപ്പട്ടിക കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന ആരോപണവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്തെത്തി.

കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചവരാണ് സാക്ഷിപ്പട്ടികയിലുള്ളത്. ഒന്നാം പ്രതി പീതാംബരന്‍ കൃത്യത്തിന് മുമ്പ് തന്റെ ഫോണിലൂടെ മറ്റു പ്രതികളെ ബന്ധപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ തന്നെ ഏല്‍പ്പിച്ച ഫോണ്‍ പിന്നീട് കാണാതായെന്നാണ് പീതാംബരന്റെ ഭാര്യ മഞ്ജുഷയുടെ സാക്ഷിമൊഴി.

പാര്‍ട്ടിപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പീതാംബരന് തന്നോട് ശത്രുത ഉണ്ടായിരുന്നുവെന്നാണ് ഏഴാം പ്രതി ഗിജിന്റെ അച്ഛന്‍ ശാസ്താ ഗംഗാധരന്റെ മൊഴി. അതുകൊണ്ടാണ് തന്റെ മകനെ കൊലപാതക സംഘത്തില്‍ കൂട്ടിയത്. തന്റെ വാഹനമുപയോഗിച്ചതും കൃത്യത്തിന് വീടിനടുത്തുള്ള സ്ഥലം തെരഞ്ഞെടുത്തതും ആയുധങ്ങള്‍ തന്റെ പറമ്പില്‍ ഒളിപ്പിച്ചതും വ്യക്തിവിരോധം തീര്‍ക്കാനാണെന്നും ഗംഗാധരന്‍ അന്വേഷണസംഘത്തോടു പറഞ്ഞു.

പ്രതികളെ അറിയില്ലെന്നാണ് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി മാത്യുവിന്റെ മൊഴി. താനിയടിയിലെ മാത്യുവിന്റെ വീട്ടിലെത്തിയ പ്രതികള്‍ കുളിച്ച് വസ്ത്രം മാറിയാണു തിരികെപ്പോയതെന്നു നേരത്തേ സംശയമുയര്‍ന്നിരുന്നു.

ഇവരെക്കൂടാതെ സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം വി.പി.പി മുസ്തഫ, നേതാക്കളായ ബിനു ജോസഫ്, ബിജു സി. മാത്യു, ഏഴാം പ്രതി ഗിജിന്റെ അമ്മ ഗീത, ആരോപണവിധേയനായ വത്സരാജ്, അഡ്വ. ഗോപാലന്‍ നായര്‍ എന്നിവരും സാക്ഷിപ്പട്ടികയിലുണ്ട്. 229 സാക്ഷികളില്‍ 50 അമ്പത് പേര്‍ സി.പി.ഐ.എം നേതാക്കളോ കുറ്റാരോപിതരോ ആണെന്നും ആരോപണമുണ്ട്.

രണ്ടുമാസത്തിനു മുന്‍പാണ് കല്യോട്ടുവെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കില്‍ വീട്ടില്‍ പോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലം വിട്ടു. കൃപേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

സംഭവത്തില്‍ സി.പി.ഐ.എം ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠന്‍, കല്ല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. കൊലപാതകത്തില്‍ നേരിട്ടു പങ്കില്ലെങ്കിലും പ്രതികളെ ഒളിവില്‍പ്പോകാന്‍ സഹായിച്ചെന്നും തെളിവു നശിപ്പിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരായ കുറ്റം. 201, 212 വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.