എഡിറ്റര്‍
എഡിറ്റര്‍
‘തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയുടെ മുഖത്തടിച്ച് ഗുജറാത്ത് മോഡല്‍’; ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ എ.ബി.വി.പിയ്ക്ക് കനത്ത തോല്‍വി
എഡിറ്റര്‍
Saturday 25th November 2017 5:59pm

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പു തന്നെ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ഗുജറാത്തിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയ്ക്ക് കനത്ത തോല്‍വി.

സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ എ.ബി.വി.പി സ്ഥാനാര്‍ത്ഥിയെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായ ദിലീപ് കുമാറും ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥി തന്നെയായ അരവിന്ദും പരാജയപ്പെടുത്തുകയായിരുന്നു. വിപിന്‍ സിംഗ്, അര്‍ജുന്‍ പട്ടേല്‍ എന്നിവരാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മറ്റ് സ്വതന്ത്ര്യര്‍.

ദളിത് വിദ്യാര്‍ത്ഥി സംഘടനയായ ബിര്‍സ-അംബേദ്കര്‍-ഫൂലേ-സ്റ്റുഡന്റ് അസോസിയേഷന്‍, കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐ, എല്‍.ഡി.എസ്.എഫ്, യുണൈറ്റഡ് ഒ.ബി.സി ഫോറം എന്നീ സംഘടനകള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. അതേസമയം, എ.ബി.വി.പിയ്‌ക്കെതിരെ പ്രചരണ രംഗത്തുണ്ടായിരുന്നു.

എ.ബി.വി.പിയ്‌ക്കെതിരെ നേരത്തെ ദളിത്-ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ക്യാമ്പസില്‍ ധര്‍ണ്ണ നടത്തിയിരുന്നു. വലിയ മാര്‍ജിനിലാണ് എ.ബി.വി.പിയുടെ പരാജയമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ ചിന്ത മാറുന്നു എന്നതിന്റെ തെളിവാണെന്ന് മുന്‍ ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി കവിത കൃഷ്ണന്‍ പറയുന്നു. ഗുജറാത്ത് മോഡല്‍ വികസനം പൊളിഞ്ഞെന്നും യുവാക്കള്‍ പ്രതികരിക്കാന്‍ തുടങ്ങിയെന്നും കവിത പറയുന്നു.

ലോദ കമ്മറ്റിയുടെ നിര്‍ദ്ദേശം പ്രകാരം ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ സ്റ്റുഡന്റ്‌സ് യൂണിയനില്ല. സ്റ്റൂഡന്റ്‌സ് കൗണ്‍സിലാണുള്ളത്. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഓരോ കലാലയത്തില്‍ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികളെ കൗണ്‍സിലിലേക്ക് അയക്കുകയാണ് രീതി.

Advertisement