എഡിറ്റര്‍
എഡിറ്റര്‍
ജെ.എന്‍.യുവില്‍ നജീബ് അഹമ്മദിനെ മര്‍ദിച്ച പ്രവര്‍ത്തകനെ എ.ബി.വി.പി തെരഞ്ഞെടുപ്പിന് ഇറക്കുന്നു
എഡിറ്റര്‍
Tuesday 5th September 2017 4:57pm


ന്യൂദല്‍ഹി: നജീബ് അഹമ്മദിനെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരനാണെന്ന് സര്‍വകലാശാല അന്വേഷണ സമിതി കണ്ടെത്തിയ പ്രവര്‍ത്തകനെ എ.ബി.വി.പി ജെ.എന്‍.യുവില്‍ തെരഞ്ഞെടുപ്പിന് ഇറക്കുന്നു. അങ്കിത് റോയിയെയാണ് തങ്ങളുടെ 5 സ്ഥാനാര്‍ത്ഥികളിലൊരാളായി എ.ബി.വി.പി ഇറക്കുന്നത്.

സ്‌കൂള്‍ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചറല്‍ വിഭാഗം കൗണ്‍സിലര്‍ സ്ഥാനത്തേക്കാണ് ഇയാളെ മത്സരിപ്പിക്കുന്നത്. നജീബിനെ മര്‍ദിച്ച നാല് പ്രതികളിലൊരാളാണ് അങ്കിത് റോയ്.

കാമ്പസുകളില്‍ അച്ചടക്ക നടപടി നേരിട്ടവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിന് വിലക്കണമെന്ന് ലിങ്‌ദോ കമ്മിറ്റി നിര്‍ദേശങ്ങളില്‍ പറയുന്നുണ്ടെങ്കിലും അങ്കിതിനെതിരായ അന്വേഷണ സമിതി റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അതിനാല്‍ നോമിനേഷന്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്നുമാണ് ജെ.എന്‍.യു തെരഞ്ഞെടുപ്പ് സമിതിയുടെ നിലപാട്.

വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ വി.സിയുടെ അനുമതിയില്ലാതെ കൈമാറാനാകില്ലെന്നാണ് ഇക്കാര്യത്തില്‍ ജെ.എന്‍.യു ചീഫ് പ്രോക്ടറുടെ നിലപാട്. തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്നും വിവരങ്ങള്‍ തേടിക്കൊണ്ടുള്ള കത്ത് ലഭിച്ചിട്ടില്ലെന്നും ചീഫ് പ്രോക്ടറായ വിഭാ ടണ്ടന്‍ പറയുന്നു.

നജീബിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ശിക്ഷാനടപടിയായി അങ്കിത് അടക്കമുള്ള മൂന്ന് എ.ബി.വി.പി പ്രവര്‍ത്തകരെ ഹോസ്റ്റല്‍ മാറ്റുക മാത്രമാണ് ചെയ്തിരുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ജെ.എന്‍.യുവില്‍ എം.എസ്.സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായിരുന്ന നജീബ് അഹമ്മദിനെ ഒക്ടോബര്‍ 15നാണ് കാണാതാവുന്നത്. എ.ബി.വി.പി പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ നജീബിനെ മര്‍ദ്ദിച്ചതിന് പിന്നാലെയായിരുന്നു തിരോധാനവും.

ഇത്തവണത്തെ ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ നജീബിന്റെ തിരോധാനം ഉള്‍പ്പടെ വിഷയമാകുന്നതിനിടയിലാണ് കേസിലെ ആരോപണ വിധേയനായ വിദ്യാര്‍ത്ഥിയെ എ.ബി.വി.പി സ്ഥാനാര്‍ത്ഥിയാക്കുന്നത്.

Advertisement