ഗോരഖ്പൂര്‍ ഡി.ഡി.യുവില്‍ എ.ബി.വി.പിയും യു.പി പൊലീസും തമ്മില്‍ കൂട്ടത്തല്ല്; വീഡിയോ
national news
ഗോരഖ്പൂര്‍ ഡി.ഡി.യുവില്‍ എ.ബി.വി.പിയും യു.പി പൊലീസും തമ്മില്‍ കൂട്ടത്തല്ല്; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd July 2023, 11:52 am

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ദീന്‍ ദയാല്‍ ഉപാധ്യായ സര്‍വകലാശാലയില്‍ പരസ്പരം ഏറ്റുമുട്ടി എ.ബി.വി.പിയും യു.പി. പൊലീസും. വൈസ് ചാന്‍സലറെയും രജിസ്ട്രാറെയും എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതിയുണ്ട്. ഇതിന് പിന്നാലെ ക്യാമ്പസില്‍ പൊലീസെത്തിയപ്പോഴാണ് എ.ബി.വി.പി പ്രവര്‍ത്തകരുമായി ഏറ്റുമുട്ടുന്നത്.

പൊലീസും എ.ബി.വി.പി പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലാണ് ദീന്‍ ദയാല്‍ ഉപാധ്യായ സര്‍വകലാശാലയുള്ളത്.


സംഘര്‍ഷത്തില്‍ വൈസ് ചാന്‍സലര്‍ രാജേഷ് സിങ്, ഓഫീസിയേറ്റിങ് രജിസ്ട്രാര്‍ അജയ് സിങ്, നാല് എ.ബി.വി.പി പ്രവര്‍ത്തകര്‍, പൊലീസുകാര്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പത്തോളം എ.ബി.വി.പി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതായും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വകലാശാലയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാരെ കാണാന്‍ സര്‍വകലാശാല അധികൃതര്‍ വിസമ്മതിച്ചിരുന്നു. ഇതോടെയാണ് വൈസ് ചാന്‍സലര്‍ക്കെതിരെയും രജിസ്ട്രാര്‍ക്കെതിരെയും അക്രമമുണ്ടയത്.

വൈസ് ചാന്‍സലര്‍ ഉറപ്പുനല്‍കിയിട്ടും തങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍വകലാശാല തയ്യാറായിട്ടില്ലെന്ന് വിദ്യാര്‍ഥി യൂണിയന്‍ പറയുന്നു.

സര്‍വകലാശാലയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജൂലൈ 13ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ വൈസ് ചാന്‍സലറുടെ കോലം കത്തിച്ച് പ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് വൈസ് ചാന്‍സലര്‍ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും ഉടന്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട്, സംഘര്‍ഷം സൃഷ്ടിച്ചുവെന്നാരോപിച്ച് നാല് എ.ബി.വി.പി അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാന്‍ സര്‍വകലാശാല ഉത്തരവിട്ടിരുന്നു. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും പ്രതിഷേധവുമായി എത്തിയത്.

Content Highlight: ABVP and UP police clashed at Deen Dayal Upadhyay University in Uttar Pradesh