2008 മുതല്‍ ഇന്ത്യയില്‍ നടന്ന പല സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ വലതുപക്ഷ തീവ്രവാദി എം.ഡി മുര്‍ളി; പന്‍സാരെ, ദബോല്‍ക്കര്‍, ഗൗരി ലങ്കേഷ് വധത്തിന്റെ മുഖ്യ സൂത്രധാരനെന്നും എ.ടി.എസ്
India
2008 മുതല്‍ ഇന്ത്യയില്‍ നടന്ന പല സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ വലതുപക്ഷ തീവ്രവാദി എം.ഡി മുര്‍ളി; പന്‍സാരെ, ദബോല്‍ക്കര്‍, ഗൗരി ലങ്കേഷ് വധത്തിന്റെ മുഖ്യ സൂത്രധാരനെന്നും എ.ടി.എസ്
ന്യൂസ് ഡെസ്‌ക്
Friday, 3rd May 2019, 12:45 pm

 

മഹാരാഷ്ട്ര: 2008 മുതല്‍ രാജ്യത്ത് നടന്ന പല സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ ഒളിവില്‍ കഴിയുന്ന വലതുപക്ഷ തീവ്രവാദിയായ എം.ഡി മുര്‍ളിയാണെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്. നരേന്ദ്ര ദബോല്‍ക്കര്‍, കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് വധത്തിനു പിന്നിലെ മുഖ്യ സൂത്രധാരനും ഇയാളാണെന്ന് എ.ടി.എസ് പറയുന്നു.

2018ല്‍ ആഗസ്റ്റില്‍ സനാതന്‍ സന്‍സ്ത അനുകൂലിയായ വൈഭവ് റൗത്തിന്റെ വസതിയില്‍ എ.ടി.എസ് റെയ്ഡ് നടത്തിയപ്പോഴാണ് മുര്‍ളിയുടെ പേര് ഉയര്‍ന്നുകേട്ടത്. റെയ്ഡില്‍ വലിയ തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു.

പിന്നീട് സനാതന്‍ സന്‍സ്ത അനുകൂലികളായ ശരത് കലാസ്‌കര്‍, സുധന്‍വ ഗോന്ധാലേക്കര്‍, ശ്രീകാന്ത് പാങ്കാര്‍കര്‍, അവിനാഷ് പവാര്‍ എന്നിവരുടെ പങ്ക് വെളിവാകുകയും ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.

ഇവരില്‍ ചിലര്‍ക്ക് ദബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് വധത്തില്‍ പങ്കുണ്ടെന്ന് എ.ടി.എസ് ആരോപിച്ചിരുന്നു.

ചോദ്യം ചെയ്യലിനിടെ ഈ അഞ്ചുപേര്‍ മുര്‍ളിയുടെ പേര് പറഞ്ഞപ്പോള്‍ അവര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പൊലീസ് ആദ്യം വിശ്വസിച്ചത്. മുര്‍ളിയെ തങ്ങള്‍ നേരിട്ട് കണ്ടിട്ടില്ലെന്നും അമോല്‍ കാലെയെന്ന വ്യക്തിയാണ് അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ തങ്ങളെ അറിയിക്കാറുള്ളതെന്നുമാണ് പ്രതികള്‍ പറഞ്ഞത്. പിന്നീട് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് കര്‍ണാടക സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം കാലെയെ അറസ്റ്റു ചെയ്തിരുന്നു.

പിന്നീട് എ.ടി.എസ് അഞ്ചുപേരെ 20 ദിവസത്തിലേറെ കസ്റ്റഡിയില്‍വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മുര്‍ളിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലായത്.

‘ അദ്ദേഹമാണ് ഇവരെ ഒരുമിച്ചു നിര്‍ത്തിയത്. സ്ഥിരമായി യോഗവും വിളിച്ചു ചേര്‍ക്കാറുണ്ടായിരുന്നു’ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. കൂടാതെ 2008 നുശേഷം നടന്ന നിരവധി സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു.

2017ല്‍ പൂനെയിലെ ഹിന്ദുക്കളുടെ ആഘോഷമായ സണ്‍ബേണിനിടെ സ്‌ഫോടനം നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ ആഘോഷം ഹിന്ദുക്കളുടെ സംസ്‌കാരത്തിന് എതിരാണെന്നാണ് ഇവര്‍ വിശ്വസിച്ചിരുന്നത്.

ഈ വിവരങ്ങളെ തുടര്‍ന്ന് എ.ടി.എസ് മുരളിയുടെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചു. ‘മുര്‍ളിയുടെ എല്ലാ ഫോണ്‍ നമ്പറുകളും മറ്റ് ആളുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തവയായിരുന്നു. അതിനാല്‍ അവ ലൊക്കേറ്റ് ചെയ്യുകയെന്നത് വലിയ ബുദ്ധിമുട്ടായിരുന്നു.’ മറ്റൊരു ഓഫീസര്‍ പറയുന്നു.

2018ല്‍ മുര്‍ളിയെ കണ്ടെത്താനായി ഗോവയിലും ഔറംഗാബാദിലും എ.ടി.എസ് സംഘം ചെന്നിരുന്നു. പക്ഷേ അയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.

മുര്‍ളിയുടെ ചിത്രം തങ്ങളുടെ പക്കലുണ്ടെന്നാണ് എ.ടി.എസ് പറയുന്നത്. അദ്ദേഹത്തെക്കുറിച്ചുള്ള നിര്‍ണായകമായ ചില വിവരങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയാണെന്നും അന്വേഷണ സംഘം പറയുന്നു.