അതി തീവ്രമാകുന്ന കാലാവസ്ഥയില്‍ ഭൂപ്രകൃതിയുടെ പ്രാധാന്യം
Opinion
അതി തീവ്രമാകുന്ന കാലാവസ്ഥയില്‍ ഭൂപ്രകൃതിയുടെ പ്രാധാന്യം
എസ്. അഭിലാഷ്
Tuesday, 16th April 2019, 10:55 am

 

ഇപ്പോള്‍ നാം അനുഭവിക്കുന്ന കാലാവസ്ഥ പ്രതിഭാസങ്ങള്‍ കാലാവസ്ഥ ശാസ്ത്രത്തെ സംബന്ധിച്ചു അതിശയോക്തിയുള്ളതല്ല. United Nation-ന്  കീഴിലുള്ള World Meteorolog-icalOrganization (WMO)നും United Nations Environmental Program (UNEP) യും സംയുക്തമായി ആരംഭിച്ച Intergovernmental Panel on Climate (IPCC) 1990ല്‍ പ്രസിദ്ധീകരിച്ച first IPCC Assessment Report (AR1)ല്‍, കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി നാം ഭാവിയില്‍ അഭിമുഖീകരിക്കാന്‍ പോകുന്ന വിപത്തുകളെ മുന്‍കൂട്ടി പറഞ്ഞിരുന്നു. ഇന്നു കാണുന്ന അതി തീവ്ര കാലാവസ്ഥ പ്രതിഭാസങ്ങള്‍ ഈ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

വ്യാവസായിക കാലഘട്ടത്തിനുശേഷം 1880 മുതലുള്ള കണക്കു പരിശോധിച്ചാല്‍ ഭൂമിയുടെ താപനിലയില്‍ ക്രമാനുഗതമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കാണുവാന്‍ സാധിക്കും. വ്യാവസായിക കാലഘട്ടത്തിന് മുന്‍പുള്ള താപനിലയുമായി താരതമ്യം ചെയ്താല്‍ ഭൂമി ഇപ്പോള്‍ 1.2 ഡിഗ്രിയോളം ചൂടുപിചിച്ച അവസ്ഥയിലാണ്. താപനിലയിലുള്ള ഈ വര്‍ദ്ധനവ് കരയും കടലും ഉള്‍പ്പെടുന്ന ഭൂമിയുടെ എല്ലാ പ്രദേശങ്ങളിലും ഒരേ തോതില്‍ ആയിരിക്കുകയില്ല, പ്രാദേശികമായി ഇത് 0.5 മുതല്‍ 2 ഡിഗ്രി വരെയാണ്.

വന്‍തോതിലുള്ള വ്യാവസായിക വത്കരണത്തിന്റെയും, വര്‍ധിച്ച ഫോസില്‍ ഇന്ധനകളുടെ ഉപയോഗത്തിലൂടെയും പുറംതള്ളപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്സിഡിന്റെയും(CO2) മറ്റു ഹരിതഗൃഹ വാതകങ്ങളുടെയും അളവ് അന്തരീക്ഷത്തില്‍ വര്‍ധിച്ചു വരുന്നതാണ് ഇപ്പോള്‍ നാം അനുഭവിക്കുന്ന ആഗോളതാപനത്തിന്റെ മുഖ്യ കാരണം. അന്തരീക്ഷത്തിലെ CO2 ന്റെ ഇപ്പോഴത്തെ അളവ് ഏകദേശം 412 ppm (parts per million volume ) ആണെന്ന് കാണുവാന്‍ സാധിക്കും. കഴിഞ്ഞ 2 കോടി വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന അളവാണ്. ഹരിതഗൃഹ വാതകങ്ങളുടെയും CO2യും ബഹിര്‍ഗമനം (emission ) ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍, ഈ നൂറ്റാണ്ടിന്റെ അവസാനം താപനില 3 ഡിഗ്രിയോളം കൂടുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതുവഴി ദൂരവ്യാപകമായ വളരെയധികം പ്രത്യാഘാതങ്ങളുണ്ടാവും. ഈ അതീവ ഗുരുതരമായ സാഹചര്യം മുന്നില്‍ കണ്ടുകൊണ്ട് പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍, ആഗോളതാപനത്തിന്റെ തോത് 2 ഡിഗ്രിയില്‍ താഴെ പിടിച്ചുനിര്‍ത്തുവാന്‍ 2015 ല്‍ പാരിസില്‍ നടന്ന conference of parties (COP21) ല്‍ ധാരാണയാവുകയും ഇന്ത്യ ഉള്‍പ്പടെ 195 ഓളം രാജ്യങ്ങള്‍ പാരീസ് ഉടമ്പടിയില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു.

 

ആഗോള താപനത്തിന്റെ തോത് 1.5 ഡിഗ്രിയില്‍ പിടിച്ചുനിര്‍ത്തുവാന്‍ IPCC 2018 ല്‍ പ്രസിദ്ധീകരിച്ച special റിപ്പോര്‍ട്ടില്‍ നിരവധി പരിഹാര മാര്‍ഗങ്ങളും നിര്‍ദേശിക്കുന്നുണ്ട്. വര്‍ധിച്ച ജനസംഖ്യയുടെ പശ്ചാത്തലത്തില്‍, അടിയന്തിര പ്രാധാന്യത്തോടുകൂടി മാറ്റങ്ങള്‍ വരുത്തേണ്ടത് ഊര്‍ജ സംരക്ഷണത്തിലും അതിന്റെ
വിനിയോഗത്തിലും, ഭൂസംരക്ഷണത്തിലും, ഭൂവിനിയോഗത്തിലും, വന്‍കിട നഗര വ്യാവസായിക വികസന പദ്ധതികളിലുമാണ്. ഏറ്റവും ശ്രമകരവും പ്രാധാന്യമുള്ളതുമായ നിര്‍ദ്ദേശം ഈ നൂറ്റാണ്ടിന്റെ മധ്യത്തില്‍ net zero CO2 emission (carbon neutrality ) കൈവരിക്കുക എന്ന ലക്ഷ്യമാണ്. അതോടൊപ്പം short lived climate pollutants (SLCP) എന്ന് അറിയപ്പെടുന്ന മീഥേന്‍ , ബ്ലാക്ക് കാര്‍ബണ്‍ എന്നിവയുടെ emission തോത് കുറക്കുക എന്നതും പ്രാധാന്യമുള്ളതാണ്. അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ ഡൈ ഓക്സിഡ് (CO2) നീക്കം ചെയുന്ന, carbon dioxide removal and sequestration സാങ്കേതിക വിദ്യകള്‍ പ്രയോഗത്തില്‍ വരുത്തുന്നതും ഒരു പ്രധാന പരിഹാര മാര്‍ഗമായി നിര്‍ദേശിച്ചിരുന്നു.

ഈ റിപ്പോര്‍ട്ടിലെ ഏറ്റവും പ്രസക്തമായ ഭാഗം സൂചിപ്പിക്കുന്നത് കടലിനെ അപേക്ഷിച്ചു ജനസാന്ദ്രത കൂടിയ കര പ്രദേശങ്ങളില്‍ താപനില 3 ഡിഗ്രി വരെ ഉയരുവാനുള്ള സാധ്യത ഉണ്ടെന്നാണ്. താപനില വധിക്കുന്നത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ പോകുന്നത് കൃഷിയെയും മത്സ്യസമ്പത്തിനേയും ഉപജീവന മാര്‍ഗമായി ആശ്രയിക്കുന്ന തദ്ദേശീയരായ ദുര്‍ബല ജനവിഭാഗങ്ങളെയായിരിക്കും.

ആഗോളതാപനത്തിനോടോപ്പം നമ്മുടെ ഭൂപ്രകൃതിലും ഭൂവിനിയോഗത്തിലും ഉണ്ടാകുന്ന മാറ്റങ്ങളും പ്രാദേശിക കാലാവസ്ഥ നിര്‍ണയിക്കുന്നതില്‍ സുപ്രധാനമായ പങ്കു വഹിക്കുന്നുണ്ട്. ഭൂപ്രതലത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഭൂമിയുടെ ഉപരിതലത്തിലുള്ള ഉര്‍ജബഡ്ജറ്റിനെ മാത്രമല്ല അന്തരീക്ഷ താപനിലയെയും, കാറ്റിന്റെ ഗതിയെയും,
മേഘങ്ങളുടെ രൂപീകരണത്തെയും വളരെയധികം സ്വാധീനിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. സൂര്യന്റെ ചാക്രിക പ്രയാണതിനോടൊപ്പം ഒരു ഭൂപ്രദേശത്തിന് മുകളിലുള്ള അന്തരീക്ഷസ്ഥിതി പ്രാദേശികമായി നിര്‍ണയിക്കുന്നത് പ്രധാനമായും രണ്ടു ഘടകങ്ങളാണ്, ഒന്ന്: മണ്ണിലെയും മരങ്ങളിയെയും ഊഷ്മാവും
ആര്‍ദ്രതയും, രണ്ട് : ഭൂപ്രകൃതിയുടെ സ്വഭാവം. ഭൂമിയുടെ ജലചംക്രമണത്തിലും (water cycle), ഊര്‍ജ ബഡ്ജറ്റിലും (energy budget), കാര്‍ബണ്‍ ചംക്രമണത്തിലും (carbon cycle) ഭൂപ്രദേശത്തിനു വളരെ നിര്‍ണായകമായ സ്ഥാനമാണുള്ളത്. അതിശക്തമായ മഴ ലഭിക്കുമ്പോള്‍ പ്രളയ ജലം നിയന്ത്രിക്കുന്നതിലും, വളരെ കുറച്ചു മാത്രം മഴ ലഭിക്കുന്ന അവസരങ്ങളില്‍ വരള്‍ച്ചയുടെ ആഘാതം കുറക്കുന്നതിലും, പ്രാദേശികമായി ഊഷ്മാവ് ക്രമീകരിക്കുന്നതിലും ഭൂപ്രകൃതിക്ക്, പ്രത്യേകിച്ചും മണ്ണിനും മരങ്ങള്‍ക്കും വളരെയധികം പങ്കുണ്ട്.

ലോകത്തെമ്പാടും കാലാവസ്ഥയില്‍ മാറ്റങ്ങളുണ്ടാവുന്നതായും അതിനെ ചെറുക്കാന്‍ ആഗോളതലത്തിലും പ്രാദേശിക തലത്തിലും പലതരം മാര്‍ഗ്ഗങ്ങള്‍ കൈകൊണ്ടുവരുന്നതായും അവയ്ക്ക് നിരവധി ഗുണപരമായ ഫലങ്ങളും അതേ സമയം പരിമിതികളും ഉള്ളതായും നമുക്കറിയാം.

സമീപ പതിറ്റാണ്ടുകളില്‍ കേരളത്തിലെ കാലാവസ്ഥയിലും പ്രകടമായ മാറ്റങ്ങള്‍ ദൃശ്യമാണ്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര ശക്തമായ ചുഴലിക്കാറ്റുകളും പേമാരിയും പ്രളയവും വരള്‍ച്ചയും, ഉഷ്ണതരംഗങ്ങളും കാലാവസ്ഥാമാറ്റത്തിന്റെ കൂടി പ്രതിഫലനങ്ങളാണ്. ഇത്തരം അതി തീവ്രമാകുന്ന കാലാവസ്ഥാ സംഭവങ്ങള്‍ കേരളത്തില്‍ വരും വര്‍ഷങ്ങളില്‍ തീവ്രതയിലും എണ്ണത്തിലും വര്‍ദ്ധിക്കും എന്നതാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇവയെ നേരിടാന്‍ നമ്മുടെ സംവിധാനങ്ങള്‍ അടിയന്തിരമായി പര്യാപ്തമാവേണ്ടതുണ്ട്.

മുന്‍ വര്‍ഷങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടു വന്നിരുന്ന ഉഷ്ണതരംഗങ്ങള്‍ കേരളത്തിലും സാധാരണമാകുന്നത് ആഗോളതാപനത്തിന്റെ പ്രതിഫലനമായി പൊതുവെ വിലയിരുത്തപ്പെടുന്നു. കേരളത്തെ പോലുള്ള തീരദേശ സംസ്ഥാനത്തെ സംബന്ധിച്ചു വര്‍ധിച്ച ആര്‍ദ്രത (humidity) കൂടിയാകുമ്പോള്‍ തപസൂചിക (heat index) ഉയര്‍ന്നു നില്‍ക്കുകയും സൂര്യാഘാത സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു.

കേരളത്തിലെ ഉഷ്ണതരംഗങ്ങളെ പറ്റി സമൂഹമാധ്യമങ്ങളിലും മറ്റും തെറ്റായ വിവരങ്ങള്‍ പ്രചരിക്കുമ്പോള്‍ എങ്ങനെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗങ്ങളെ നിര്‍വചിച്ചിരിക്കുന്നത് എന്ന് ആദ്യം മനസിലാക്കാം. ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവ് (max temperature) സമതലങ്ങളില്‍ 40 ഡിഗ്രിയോ അതിലധികമോ, തീരപ്രദേശങ്ങളില്‍ 37 ഡിഗ്രിയോ അതിലധികമോ, പര്‍വ്വതങ്ങളില്‍ 30 ഡിഗ്രിയോ അതിലധികമോ ആവുകയും, ശരാശരി താപനില 4.5 മുതല്‍ 6.5 ഡിഗ്രി വരെ രണ്ടു ദിവസത്തില്‍ കൂടുതല്‍ നിലനിന്നാല്‍ ഉഷ്ണതരംഗമായും 6.5 ഡിഗ്രിയിലും കൂടുകയാണെങ്കില്‍ അതി തീവ്ര ഉഷ്ണതരംഗമായും പ്രഖ്യാപിക്കുന്നു. അപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന അവസ്ഥയെ ഉഷ്ണതരംഗമായി കണക്കാക്കുവാന്‍ സാധിക്കുകയില്ല.

കേരളത്തിലെ സൂര്യാഘാതത്തിന്റെ മുഖ്യ പ്രതി ഉയര്‍ന്ന താപനിലയോടൊപ്പം ഉയര്‍ന്നു നില്‍ക്കുന്ന ആര്‍ദ്രത (humidity)യാണ്. സൂര്യാഘാതവും (sunstroke) താപാഘാതവും (heatstroke) ഏകദേശം ഒരേ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. അന്തരീക്ഷ ഉഷമാവ് കൂടുന്നതിനനുസരിച്ചു മനുഷ്യശരീരത്തിലെ ഊഷ്മാവ് 37 ഡിഗ്രിയില്‍ തന്നെ ക്രമീകരിക്കുന്നത് മനുഷ്യശരീരം വിയര്‍ക്കുന്നതിലൂടെയാണ്. എന്നാല്‍ അന്തരീക്ഷത്തില്‍ ആര്‍ദ്രത കൂടിനില്‍ക്കുമ്പോള്‍ മനുഷ്യ ശരീരം വിയര്‍ത്തു തണുക്കുന്നതിന്റെ തോത് കുറയുകയും ശരീര ഊഷ്മാവ് വര്‍ധിക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരത്തില്‍ ഉഷ്മാവിനെയും ആര്‍ദ്രതയേയും ബന്ധപ്പെടുത്തി രൂപീകരിച്ച അളവുകോലാണ് താപസൂചിക (heat index) എന്ന് അറിയപ്പെടുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈര്‍പ്പമുള്ള സാഹചര്യങ്ങളില്‍ മനുഷ്യ ശരീരത്തിന് കൂടുതല്‍ ഊഷ്മാവ് അനുഭവപ്പെടുന്നു. ഇങ്ങനെ അനുഭവേദ്യമാകുന്ന ഊഷ്മാവിനെയാണ് താപസൂചിക (heat index) കൊണ്ട് പ്രതിനിധാനം ചെയ്യുന്നത്. ഉദാഹരണമായി പറഞ്ഞാല്‍ 37 ഡിഗ്രി അന്തരീക്ഷ ഉഷമാവും 70% ആര്‍ദ്രതയും ഉണ്ടെകില്‍ മനുഷ്യശരീരത്തിന് അനുഭവേദ്യമാകുന്ന ഊഷ്മാവ് 54 ഡിഗ്രിയായിരിക്കും. കേരളത്തിലെ തീരദേശ ജില്ലകളില്‍ ഈ രണ്ട് അവസ്ഥകളും ഇപ്പോള്‍ സാധാരണമായതാണ് വര്‍ധിച്ച താപാഘാതത്തിന്റെ
പ്രധാന കാരണം.

സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ടുപതിക്കുമ്പോള്‍ പൊള്ളുന്ന അവസ്ഥയാണ് പൊതുവെ sunburn അല്ലെങ്കില്‍ സൂര്യാതപം എന്ന് അറിയപ്പെടുന്നത്. സൂര്യന്‍ ഉത്തരാര്‍ദ്ധ ഗോളത്തിലേക്കുള്ള പ്രയാണം ആരംഭിക്കുന്ന വസന്ത വിഷുവത്തില്‍ (spring equinox) മാര്‍ച്ച് 23 ന് സൂര്യന്റെ ലംബമായ കിരണങ്ങള്‍ ഭൂമധ്യരേഖയുടെ സമീപ പ്രദേശങ്ങില്‍ പതിക്കുന്നു. ഏപ്രില്‍ പകുതി വരെ സൂര്യന്‍ കേരളത്തിന് നേരെ മുകളില്‍ എത്തുകയും സൂര്യന്റെ ലംബമായി കിരണങ്ങള്‍ കേരളത്തില്‍ എത്തുന്ന അവസ്ഥ എല്ലാ വര്‍ഷവും ഈ സമയത്ത് സംജാതമാകുന്നു. സൂര്യനും, ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവും, ഭൂമിയുടെ ഭ്രമണവുമാണ് ഇതിനു കാരണം, ആയതിനാല്‍ ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവുമായി വസന്ത വിഷുവത്തിന് യാതൊരു ബന്ധവും ഇല്ല. ഈ അവസരത്തില്‍ സൂര്യപ്രകാശത്തിന് അന്തരീക്ഷത്തിലൂടെ വളരെ കുറച്ചു ദൂരം മാത്രം സഞ്ചരിച്ചാല്‍ മതിയാകും. കേവലം 5%ല്‍ താരെയുള്ള ഊര്‍ജം കൂടിയ Ultra Violet (UV) രശ്മികള്‍ കൂടുതലും അന്തരീക്ഷത്തില്‍ വെച്ച് ഓസോണ്‍ പാളി ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ ഭൗമോപരിതലത്തില്‍ എത്തിച്ചേരുന്ന അളവ് കുറവായിരിക്കും. എന്നാല്‍ വിഷുവ സമയത്തു സൂര്യന്റെ കിരണങ്ങള്‍ക്കു കുറച്ചു ദൂരം മാത്രം സഞ്ചരിക്കേണ്ടത് കൊണ്ടും, മാര്‍ച്ച് മാസത്തില്‍ കേരളത്തില്‍ മേഘങ്ങള്‍ കുറവായിരുന്നുതു കൊണ്ടും UV രശ്മികള്‍ ഭൗമോപരിതലത്തില്‍ എത്തിച്ചേരുന്നതിന്റ്റെ അളവും കൂടുതലായിരുന്നു. ഇത്തരം ഊര്‍ജം കൂടിയ UV കിരണങ്ങള്‍ ശരീരത്തില്‍ നേരിട്ട് പതിക്കുമ്പോളാണ് sunburn കൂടുതലും ഉണ്ടാവുന്നത്. ഏപ്രില്‍ പകുതി കഴിയുമ്പോള്‍ സൂര്യന്‍ വടക്കോട്ടു നീങ്ങുകയും മേഘരൂപീകരണം സാധ്യമാകുകയും ചെയ്യുന്നതോടു കൂടി sunburn മൂലമുള്ള ഭീഷണി കുറച്ചു കുറയും. എന്നാല്‍ താപതരംഗങ്ങള്‍, സൂര്യാഘാത-താപാഘാത സാധ്യത തുടരുകയും ചെയ്യും. കേരളത്തെ സംബഡിച്ചു മഴയും മേഘരൂപീകരണവും ഒഴിഞ്ഞു നില്‍ക്കുന്നതും
വെല്ലുവിളിയാണ്.

കഴിഞ്ഞ 150 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും ചൂടുകൂടിയ വര്‍ഷങ്ങളില്‍ 5ഉം സംഭവിച്ചത് ഈ പതിറ്റാണ്ടില്‍ ആണെന്ന് കാണുമ്പോള്‍ ആഗോളതാപനം എത്ര മാത്രം രൂക്ഷമാണെന്നു മനസിലാക്കുവാന്‍ സാധിക്കും. എന്നാല്‍ താപനിലയിലും മഴയിലും പ്രകടമാകുന്ന കയറ്റിറക്കങ്ങള്‍ക്കു വിദൂര സ്ഥലങ്ങളില്‍ നടക്കുന്ന കാലാവസ്ഥ പ്രതിഭാസങ്ങളുമായും ബന്ധമുണ്ട്. ഉദാഹരണത്തിന് ഇന്ത്യയിലെ മഴയും താപനിലയും ശാന്ത സമുദ്രത്തില്‍ നടക്കുന്ന എല്‍നിനോ പ്രതിഭാസവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഏറ്റവും ചൂടുകൂടിയ വര്‍ഷമായി 2016 ഏറ്റവും വലിയ എല്‍നിനോ വര്‍ഷമായിരുന്നു. കേരളം നേരിട്ട ഏറ്റവും വലിയ വരള്‍ച്ചയും 2016 ല്‍ ആയിരുന്നു എന്നുകൂടി കാണുന്പോള്‍, എല്‍നിനോ വരുന്ന വര്‍ഷങ്ങളില്‍ പൊതുവെ ഇന്ത്യയില്‍ ഉയര്‍ന്ന താപനിലയും, കടുത്ത വേനലും വരള്‍ച്ചയും സാധാരണമാണെന്നു കാണാം. 2016 ലെ എല്‍നീനോയുടെ അത്രയും ശക്തി ഉണ്ടാവില്ലെങ്കില്‍ പോലും ഈ വേനല്‍ കാലത്തും മണ്‍സൂണിന്റെ തുടക്കത്തിലും ഒരു ചെറിയ എല്‍നിനോ സാധ്യത പ്രവചിക്കുന്നതിനാല്‍ ഉയര്‍ന്ന താപനിലയോടൊപ്പം വലിയ ജലക്ഷാമവും കേരളത്തെ കാത്തിരിക്കുന്നുണ്ട്. കഴിഞ്ഞ മണ്‍സൂണ്‍ സമയത്തുണ്ടായ പ്രളയത്തില്‍ ലഭിച്ച വെള്ളത്തില്‍ ഭൂരിഭാഗവും ഭൂഗര്‍ഭ ജലമായി സംഭരിക്കാതെ അറബി കടലിലേക്ക് ഒലിച്ചു പോവുകയാണുണ്ടായത്. ഇതോടോപ്പം പ്രളയം മണ്ണിലും നദികളും ഏല്പിച്ച ആഘാതം കൂടി കണക്കിലെടുത്താല്‍ മഴ കുറഞ്ഞു നിലക്കുന്ന അവസ്ഥ എല്ലാ മേഖലകളിലും പ്രതികൂലമായി ബാധിക്കും.

സ്വാഭാവികമായ കാലാവസ്ഥാ മാറ്റത്തിനോടൊപ്പം മനുഷ്യര്‍ പ്രകൃതിയില്‍ വരുത്തുന്ന മാറ്റങ്ങളും ഇടപെടലുകളും കൂടിയാവുമ്പോള്‍ പ്രകൃതിക്ഷോഭങ്ങളുടെ പ്രഹരശേഷി വര്‍ദ്ധിക്കുകയും ആഘാതം കൂട്ടുകയും ചെയ്യുന്നു. കേരളത്തിന്റെ പ്രകൃതി പരിപാലനത്തിനും വികസനപ്രവര്‍ത്തനിങ്ങള്‍ക്കും വേണ്ടി നയങ്ങള്‍ രൂപീകരിക്കുമ്പോളും പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോളും നിശ്ചയമായും അതെല്ലാം ചുരുങ്ങിയത് അടുത്ത രണ്ടോ മൂന്നോ പതിറ്റാണ്ടുകളില്‍ പ്രതീക്ഷിക്കുന്ന കാലാവസ്ഥാ മാറ്റത്തിന്റെ അന്ത:സത്ത ഉള്‍ക്കൊണ്ടുകൊണ്ടാവണം. വളരെയധികം പാരിസ്ഥിക പ്രാധാന്യമുള്ള കേരളത്തിന്റെ സുസ്ഥിര വികസനത്തില്‍ പരിസ്ഥിയും നിര്‍മാണ പ്രവര്‍ത്തനങ്ങളും കൈകോര്‍ത്തു പോകേണ്ടത് അത്യാവശ്യമാണ്. വലിയ പാരിസ്ഥിക ആഘാതങ്ങള്‍ ഉണ്ടാക്കാത്ത ഓരോ പ്രദേശത്തിനും അനുയോജ്യമായ വികസന മാതൃകകളാണ് കണ്ടെത്തേണ്ടത്.