'അജ്ഞത അലങ്കാരമാക്കരുത്. ക്ലാസ് ക്യാമ്പയിനിങ് നടത്തുമ്പോള്‍ വായില്‍ തോന്നിയത് വിളിച്ചുപറയുന്ന ഒരു കെ.എസ്.യു നേതാവല്ല താങ്കളിന്ന്'; ബലറാമിനെ ചരിത്രം പഠിപ്പിച്ച് മാധ്യമപ്രവര്‍ത്തകന്‍
Kerala Politics
'അജ്ഞത അലങ്കാരമാക്കരുത്. ക്ലാസ് ക്യാമ്പയിനിങ് നടത്തുമ്പോള്‍ വായില്‍ തോന്നിയത് വിളിച്ചുപറയുന്ന ഒരു കെ.എസ്.യു നേതാവല്ല താങ്കളിന്ന്'; ബലറാമിനെ ചരിത്രം പഠിപ്പിച്ച് മാധ്യമപ്രവര്‍ത്തകന്‍
എഡിറ്റര്‍
Wednesday, 27th December 2017, 6:27 pm

 

കോഴിക്കോട്: ഗൗരിയമ്മക്ക് പിന്നാലെ ഇ.എം.എസിനെ വിമര്‍ശിച്ച വി.ടി ബലറാമിനെ ചരിത്രം പഠിപ്പിച്ച് മാധ്യമ പ്രവര്‍ത്തകന്‍. “എം.എല്‍.എയാകാന്‍ ചരിത്രമറിയണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ അജ്ഞത അലങ്കാരമാക്കരുത്. ക്ലാസ് ക്യാമ്പയിനിങ് നടത്തുമ്പോള്‍, വായില്‍ തോന്നിയത് വിളിച്ചുപറയുന്ന ഒരു കെ.എസ്.യു നേതാവല്ല താങ്കളിന്ന്. വാക്കിനും അക്ഷരങ്ങള്‍ക്കും പോലും അക്കൗണ്ടബിലിറ്റിയുള്ള ഒരു രാഷ്ട്രീയനേതാവാണ്.” അഭിജിത്ത് ബലറാമിനെ ഓര്‍മിപ്പിക്കുന്നു.

തന്‌റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അഭിജിത്ത് ബലറാമിന് ക്ലാസ്സെടുക്കുന്നത്. “നെഹ്‌റുവിന് ശേഷമുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ അയാള്‍ക്ക് സ്വാതന്ത്ര്യസമര പെന്‍ഷന്‍ അനുവദിച്ചു. സവര്‍ക്കറിനോടുള്ള “ബഹുമാനസൂചകമായി” 20 രൂപ വിലവരുന്ന സ്റ്റാമ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തിറക്കിയത് 1970ലാണ്. അന്നാരായിരുന്നു പ്രധാനമന്ത്രിയെന്ന് അറിയുമോ ബലറാമിന്? ഇന്ദിരാഗാന്ധിയെന്നാണ് അവരുടെ പേര്.” അഭിജിത്ത് കുറിക്കുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം എന്ന ഇ.എം.എസിന്റെ പുസ്തകത്തിലെ ഒരു ഭാഗമാണ് ബല്‍റാം വിമര്‍ശനത്തിന് എടുത്തിരുന്നത്. “ഇന്ത്യയിലാകെ തന്നെ വിപ്ലവപ്രസ്ഥാനം വളര്‍ന്നുവരുന്നതില്‍ അതിപ്രധാനമായ പങ്ക് വഹിച്ച”ത് സവര്‍ക്കറാണെന്ന് ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന താത്വികാചാര്യന്‍ തന്റെ സ്വാതന്ത്ര്യ സമര ചരിത്രപുസ്തകത്തില്‍ മഹത്വവല്‍ക്കരിക്കുന്നു.” എന്നായിരുന്നു ബലറാം തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.

ബല്‍റാമിന്റെ വാദത്തെ വസ്തുതകളിലൂടെയാണ് അഭിജിത്ത് തിരുത്തുന്നത്. ഇ.എം.എസുമായി ബലറാം പ്രതിനിധീകരിക്കുന്ന നാടിനും നാട്ടുകാര്‍ക്കുമുള്ള ബന്ധം തിരിച്ചറിഞ്ഞ് അവരോടൊന്ന് അന്വേഷിച്ചാല്‍ ഈ വിവരക്കേട് തിരുത്താമായിരുന്നുവെന്നും അഭിജിത്ത് പറയുന്നു.

 

അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സവര്‍ക്കറും കോണ്‍ഗ്രസും പിന്നെ ഇ.എം.എസും

എം.എല്‍.എയാകാന്‍ ചരിത്രമറിയണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ ചരിത്രത്തെ നിഷേധിക്കാനും അസത്യം പ്രചരിപ്പിക്കാനും ഈ അജ്ഞത അലങ്കാരമാക്കണോ എന്ന് കേരളനിയമസഭയില്‍ തൃത്താലയെ പ്രതിനിഥീകരിക്കുന്ന വിടി ബലറാം ഒന്ന് ചിന്തിക്കണമെന്ന് തോന്നുന്നു. ഇ.എംഎസുമായി ബല്രാം പ്രതിനിധികരിക്കുന്ന നാടിനും നാട്ടുകാര്‍ക്കുമുള്ള ബന്ധം തിരിച്ചറിഞ്ഞ്, അവരോടൊന്ന് അന്വേഷിച്ചാല്‍ ഈ വിവരക്കേട് അദ്ദേഹത്തിന് തിരുത്താമായിരുന്നുവെന്ന് തോന്നുന്നു.

സവര്‍ക്കറിനെക്കുറിച്ചാണ് ബലറാമിന് ആശങ്കയാകെ. ഹിന്ദുത്വത്തിലേക്ക് കടക്കുന്നതിന് മുന്‍പ് സവര്‍ക്കറിന്റെ സംഘടനയെക്കുറിച്ച് ഇ.എം.എസ് എഴുതിയ നാല് വരിയാണ് ഇ.എം.എസിനെ ഹൈന്ദവരാഷ്ട്രീയത്തിന്റെ വക്താവായി ചിത്രീകരിക്കാന്‍ ബലറാമിനെ പ്രചോദിപ്പിക്കുന്നത്. കോണ്‍ഗ്രസിലെ തീവ്രനിലപാടുകാരനായിരുന്ന ബാലഗംഗാധര തിലകനാല്‍ പ്രചോദിതനായാണ് സവര്‍ക്കര്‍ കൊളേജ് പഠനകാലത്ത് അഭിനവ് ഭാരത് എന്ന സംഘടന രൂപീകരിക്കുന്നത്. കോണ്‍ഗ്രസിനോട് ചേര്‍ന്നുനില്‍ക്കുന്ന വിപ്ലവസ്വഭാവമുള്ളസംഘടന മഹാരാഷ്ട്രയിലും ഇന്ത്യയിലാകെയും സ്വാധീനം ചെലുത്തിയെന്ന് സ്വാതന്ത്ര്യസമര ചരിത്രം പറയുന്നു. സംഘടന എന്ന് ഇഎംഎസ് പറയുമ്പോള്‍, ഇത് സവര്‍ക്കറെന്നായി ബല്രാം തിരുത്തിച്ചേര്‍ക്കുന്നു, പോട്ടെ. ബ്രിട്ടീഷ് ഓഫീസറുടെ കൊലപാതകത്തെ തുടര്‍ന്നാണ് 1910 ല്‍ സവര്‍ക്കര്‍ അറസ്റ്റിലാകുന്നത്. ഈ ചരിത്രത്തെക്കുറിച്ചാണ് ഇഎംഎസ് സ്വന്തം പുസ്തകത്തില്‍ എഴുതുന്നത്.

പക്ഷേ അവിടം കൊണ്ടും തീരുന്നില്ല സവര്‍ക്കറുടെ ചരിത്രം. സവര്‍ക്കര്‍ ജയിലിലാകുന്നു. 50 വര്‍ഷത്തേക്കായിരുന്നു ശിക്ഷ. നാലുതവണയാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കുന്നത്. എന്നാല്‍ സവര്‍ക്കറെ പുറത്തുവിടണമെന്ന് ആവശ്യമുന്നയിച്ച് രംഗത്തെത്തുന്നു, ആര്? ഗാന്ധിജി, പട്ടേല്‍, തിലക് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളാണ്, നിരുപാധിക മോചനം ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിച്ചത്. അത് ജയിലിലാകുന്ന സവര്‍ക്കര്‍ വിപ്ലവകാരിയും കോണ്‍ഗ്രസിലെ തീവ്രവാദസ്വഭാവമുള്ള തിലകനോട് ഉള്‍പ്പെടെ ചേര്‍ന്നു നില്‍ക്കുന്നയാളുമായതിനാലാണ്. ആ സംഘടനയുടെ ആദ്യകാല പ്രവര്‍ത്തനം ഇഎം എസ് പറഞ്ഞതുപോലെ വിപ്ലവ പ്രവര്‍ത്തനങ്ങളെ ഉണര്‍ത്താന്‍ ശ്രമിച്ചതിനാലാണ്. ഇനി എപ്പോളാണ് സവര്‍ക്കര്‍ ഹിന്ദുത്വവാദിയായത്? ചരിത്രരേഖകളാകെ അടയാളപ്പെടുത്തുന്നത് ജയിലില്‍ വെച്ചാണെന്നാണ്.ജയിലില്‍ വെച്ച് സവര്‍ക്കര്‍ ഹിന്ദുത്വ ആശയങ്ങളിലേക്ക് തിരിയുന്നതായും, തിരിച്ചിറങ്ങിയത് തനി ഹിന്ദുത്വവാദിയായാണ് എന്നും പറയുന്നു ബിപിന്‍ ചന്ദ്രയെപ്പോലുള്ള ചരിത്രകാരന്മാര്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്ത് ജയിലില്‍ പോയ സവര്‍ക്കര്‍, ബ്രിട്ടീഷ് സാമ്രാജ്യ വിരുദ്ധനായല്ല ജയില്‍ മോചിതനായത് എന്നത് ചരിത്രമാണെന്ന് ബല്രാം എവിടെയും വായിച്ചിട്ടില്ലേ?

ഗാന്ധിവധത്തെ തുടര്‍ന്ന് സവര്‍ക്കറുടെ വീട് കോണ്‍ഗ്രസുകാരാല്‍ ആക്രമിക്കപ്പെട്ടു, സവര്‍ക്കര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. വഞ്ചകനെന്ന് പറഞ്ഞ് നെഹ്രു അയാളെ മാറ്റിനിര്‍ത്തി. നെഹ്രു ശരിയായിരുന്നു. സെല്ലുലാര്‍ ജയില്‍ ഇടിച്ചുപൊളിച്ചുകളയണം എന്നായിരുന്നു നെഹ്രുവിന്. എന്നിട്ടോ നെഹ്രുവിന് ശേഷമുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ അയാള്‍ക്ക് സ്വാതന്ത്ര്യസമര പെന്‍ഷന്‍ അനുവദിച്ചു. സവര്‍ക്കറിനോടുള്ള “ബഹുമാനസൂചകമായി” 20 രൂപ വിലവരുന്ന സ്റ്റാമ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തിറക്കിയത് 1970ലാണ്. അന്നാരായിരുന്നു പ്രധാനമന്ത്രിയെന്ന് അറിയുമോ ബല്രാമിന്? ഇന്ദിരാഗാന്ധിയെന്നാണ് അവരുടെ പേര്. സവര്‍ക്കര്‍ക്ക് സ്മാരകം പണിയാന്‍ വ്യക്തിപരമായി അവര്‍ നല്‍കിയത് 11000 രൂപ. അവിടം കൊണ്ടും നിര്‍ത്തിയില്ല ഇന്ദിര. “സവര്‍ക്കറുടെ ധീരമായ ബ്രിട്ടീഷ് വിരുദ്ധപോരാട്ടത്തിന് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അതിന്റേതായ സ്ഥാനമുണ്ട്” എന്നായിരുന്നു ഇന്ദിര പറഞ്ഞത്. 1983ല്‍ ഫിലിം ഡിവിഷന്റെ സവര്‍ക്കറെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലായിരുന്നു ഇത്. സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ചുള്ള ഈ സീരീസില്‍ സവര്‍ക്കറുടേത് കമ്മീഷന്‍ ചെയ്തതും മറ്റാരുമല്ല. അപ്പോള്‍ പറയൂ ബല്രാം ആരാണ് കവലകളില്‍ സ്വാതന്ത്ര്യസമരസേനാനിയായി സവര്‍ക്കറിന്റെ പ്രതിമയും കൊടിയുമെല്ലാം ഉയര്‍ത്തേണ്ടത്?

ഇനി മറ്റ് രണ്ട് സംഭവങ്ങളെക്കുടിച്ച് ബലറാമിനെ ഓര്‍മ്മിപ്പിക്കാം. 2003 ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചു. കോണ്‍ഗ്രസ് അതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നോ? കോണ്‍ഗ്രസ് നേതാക്കളായ പ്രണാബ് മുഖര്‍ജിയും ശിവരാജ് പട്ടീലുമെല്ലാം ഉള്‍പ്പെട്ട പാര്‍ലമെന്ററി കമ്മിറ്റിയാണ് പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അതേ കമ്മിറ്റിയില്‍ അംഗമായിരുന്ന സോമനാഥ് ചാറ്റര്‍ജി തെറ്റ് പറ്റിയെന്ന് പറഞ്ഞ് ഈ നീക്കത്തിനെതിരെ രംഗത്തെത്തിയെങ്കിലും, കോണ്‍ഗ്രസുകാര്‍ അപ്പോളും മൗനം തുടര്‍ന്നു. ചിലര്‍ പരാതിയുമായി സോണിയാ ഗാന്ധിയെ ഉള്‍പ്പെടെ സമീപിച്ചെങ്കിലും, അവര്‍ കാര്യമായൊന്നും പ്രതികരിച്ചില്ല. ആ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുക മാത്രമാണ് സോണിയ ചെയ്തത്. ഈ നീക്കത്തിനെതിരെ അന്നത്തെ രാഷ്ട്രപതി കലാമിന് കത്തയയ്ക്കുകയും പ്രതിഷേധിക്കുകയുമെല്ലാം ചെയ്തവരുടെ മുമ്പില്‍ സി.പി.എമ്മും ചരിത്രകാരന്മാരുമുണ്ടായിരുന്നു. സോണിയ വിട്ടുനിന്നതുപോലും സി.പി.എമ്മിന്റെയും സുര്‍ജിത്തിന്റെയുമെല്ലാം നിര്‍ബന്ധപ്രകാരമായിരുന്നുവെന്ന് അന്നത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.വിവാദത്തിനൊടുവില്‍ ആരെയും വേദനിപ്പിക്കാത്തൊരു പ്രസ്താവന മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ സംഭാവന. പാര്‍ലമെന്റില്‍ ഗാന്ധിജിയുടെ ചിത്രത്തിന് എതിര്‍വശത്ത്, ഗാന്ധിജിയേക്കാള്‍ വലിയ ആ ചിത്രം ഇന്നും നില്‍ക്കുന്നുണ്ട് ബല്രാം. പോര്‍ട്ട്‌ബ്ലെയര്‍ വിമാനത്താവളത്തിനും പാര്‍ക്കിനുമെല്ലാം പേരിടുമ്പോളും പ്രതിഷേധശബ്ദങ്ങളില്‍ കോണ്‍ഗ്രസുണ്ടായിരുന്നോ എന്നും പരിശോധിക്കുന്നത് നല്ലതാണ്. ഇന്ദിരാഗാന്ധിയുടെതുള്‍പ്പെടെയുള്ള നിങ്ങളുടെ നെറികെട്ട ചരിത്രമായിരുന്നു ബല്രാം ഇതിനൊക്കെയും തടസം.

സോണിയയും പോകട്ടെ, നിങ്ങളുടെ ഇപ്പോളത്തെ അധ്യക്ഷന്‍ രാഹുലിന്റെ കഥയെടുക്കാം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് സംഭവം. “ഞങ്ങള്‍ക്ക് ഗാന്ധിജിയുണ്ട്, നിങ്ങള്‍ക്ക് സവര്‍ക്കറും” എന്ന് രാഹുല്‍ ലോക്‌സഭയില്‍ ഒരു പ്രസംഗം നടത്തി. പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ രണ്ട് ട്വീറ്റുകള്‍ വന്നു. കൃത്യമായി പറഞ്ഞാല്‍ 2016 മാര്‍ച്ച് 23ന് 2.27ന് വന്ന ട്വീറ്റില്‍ രക്തസാക്ഷിയും ഒറ്റുകാരനും എന്ന് പറഞ്ഞ് ഭഗത് സിങിനേയും സവര്‍ക്കറെയും ചിത്രീകരിക്കുന്നു. താങ്കള്‍ പറഞ്ഞ ചെരുപ്പുനക്കല്‍ സംഭവം തന്നെയാണ് കോണ്‍ഗ്രസ് ഔദ്യോഗിക ട്വീറ്റില്‍ വിവരിച്ചത്. പിന്നാലെ പട്ടേല്‍ സവര്‍ക്കറെക്കുറിച്ച് പറഞ്ഞത് മാര്‍ച്ച് അഞ്ചിനും പോസ്റ്റ് ചെയ്തിരുന്നു. സവര്‍ക്കര്‍ വ്യാജ സ്വാതന്ത്ര്യസമരസേനാനിയാണെന്ന സത്യം മാര്‍ച്ച് നാലിനും കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ @INCIndia പോസ്റ്റ് ചെയ്യപ്പെട്ടു. സവര്‍ക്കറിന്റെ കുടുംബം സോണിയയ്ക്കും രാഹുലിനും വക്കീല്‍ നോട്ടീസ് അയച്ചു. ട്വിറ്റര്‍ പോസ്റ്റിന്റെ പേരില്‍ കോണ്‍ഗ്രസിന് കിട്ടിയ ആദ്യത്തെ വക്കീല്‍ നോട്ടീസായിരുന്നു അത്. വക്കീല്‍ നോട്ടീസിന് സോണിയയും രാഹുലും നല്‍കിയ മറുപടി എക്കണോമിക് ടൈംസ് ഉള്‍പ്പെടെയുള്ളവര്‍ പ്രസിദ്ധീകരിച്ചിരുന്നു. “Kindly note that the tweets are not issued under instructions of or vetted by Congress president/Congress vice president/office bearers, but remain the jurisdictional domain of social media department,” the party said in its response, which was signed by advocate KC Mittal. എന്നുവെച്ചാല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററില്‍ വന്ന ഈ കാര്യത്തിന് തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് സോണിയയും രാഹുലും പറഞ്ഞെന്ന്. ബല്രാം കേള്‍ക്കുന്നുണ്ടല്ലോ അല്ലേ?

കോണ്‍ഗ്രസിലെ തീവ്രവിഭാഗത്തോടൊപ്പം ചേര്‍ന്ന് കോളേജ് കാലത്ത് സവര്‍ക്കര്‍ നേതൃത്വം വഹിച്ച അഭിനവ് ഭാരത് എന്ന സംഘടനയുടെ ആദ്യകാലത്തെക്കുറിച്ച് ഇഎംഎസ് എഴുതിയത് മഹാപാതകമാണെന്ന് വിശ്വസിക്കുന്നു ബല്രാം. ജയിലില്‍ നിന്ന് ഹിന്ദുത്വവാദിയായി പുറത്തിറങ്ങിയ സവര്‍ക്കറെക്കുറിച്ച് കോണ്‍ഗ്രസ് പലകാലത്തായി സ്വീകരിച്ച സമീപനങ്ങളെക്കുറിച്ചാണ് ഈ പറഞ്ഞതത്രയും. മേല്‍ സംഭവങ്ങളോട് താങ്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാന്‍ താല്പര്യമുണ്ട്.

ഇഎം എസിനെ മൈരനെന്ന് വിളിച്ച് നുണമാത്രം പറയുന്ന അനൂപ് വിആറിനേക്കാള്‍ കുറച്ചുകൂടി നിലവാരം താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഒരു തെറ്റല്ലല്ലോ. ഗൗരിയമ്മയെ ക്വോട്ട് ചെയ്യാനും അതിനെ അധികരിച്ച് പട്ടങ്ങള്‍ ചാര്‍ത്തിനല്‍കാനുമുള്ള താങ്കളുടെ അവകാശത്തെ ഞാന്‍ നിഷേധിക്കുന്നില്ല. ഇഎംഎസും മകന്‍ ശ്രീധരനും ഒരേകാലത്ത് സിപിഎം സംസ്ഥാനക്കമ്മിറ്റിയില്‍ ഉണ്ടായിരുന്നില്ലെന്ന വസ്തുത പോലും ബല്രാമിനെ ബാധിക്കുന്നില്ല. കരയാതിരിക്കാന്‍ മക്കളേയും കൂട്ടി പോകുന്ന കൗതുക ഏര്‍പ്പാടല്ല ഇതെന്ന് താങ്കള്‍ മനസിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നു. എങ്കിലും ഗൗരിയമ്മയുടെ ആരോപണം ബല്രാമിന് ക്യാരി ചെയ്യാം, വാദിക്കാം. തോമാച്ചാന്റെ മടിയിലിരിക്കുന്ന ചോവത്തി ഗൗരിയെന്നും മറ്റും വിളിച്ച മതേതരകോണ്‍ഗ്രസിനെ, ആ ലെഗസിയെ മുറുകെപ്പുണര്‍ന്നുതന്നെയാണ് ബല്രാം ഈ തള്ള് തള്ളുന്നത് എന്നതും ഓര്‍ക്കണം. എങ്കിലുംപോട്ടെ, അതിനൊപ്പം പറഞ്ഞ മറ്റ് കാര്യങ്ങള്‍ എന്തൊക്കെയാണ്?

ബാബറി പള്ളി പൊളിച്ച് തര്‍ക്കം തീര്‍ക്കണം എന്ന് ഇഎംഎസ് പറഞ്ഞുവെന്നാണ് പറയുന്നത്. താഴെയുള്ള കമന്റിലെ വിശദീകരണത്തില്‍ 87ലെ പ്രസംഗത്തിന് ചിന്തയിലെ മറുപടി 92ന് ശേഷമാണെന്ന് ബല്രാം പറയുന്നു. മറ്റൊരു തെളിവും കണ്ടില്ലെന്നും അയാള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നു. സത്യമെന്താണ്?സിപിഐ എം ജനറല്‍ സെക്രട്ടറി ഇ എം എസിന്റെ പ്രസംഗത്തിലേതെന്ന നാട്യത്തില്‍ മാതൃഭൂമി പച്ചക്കള്ളം എഴുതിയത്. മറ്റൊരു പത്രവും ഇത്തരമൊരു പ്രസംഗം കേട്ടില്ല. റിപ്പോര്‍ട്ടു പ്രസിദ്ധീകരിച്ച് അടുത്ത ദിവസംതന്നെ ഇഎംഎസിന്റെ മറുപടിയടക്കം ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചു. “പറഞ്ഞതും പറയാത്തതും” എന്ന പേരിലുള്ള ആ വാര്‍ത്തയുടെ തീയതിയും ബല്രാമിന് പരിശോധിക്കാമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ചിന്തയിലെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായും ഇഎംഎസ് ഇത് വിശദീകരിച്ചു. ആദ്യത്തെ വിശദീകരണം ബല്രാം കാണുകയോ വാായിക്കുകയോ ചെയ്തില്ലെന്നത്, ഇഎംഎസിന്റെ കുറ്റമാകുന്നതെങ്ങനെ? ഈ വിഷയത്തിലെ യാഥാര്‍ത്ഥ്യം പുറത്തുവന്നിട്ടും മൗനം തന്നെയാണ് ബല്രാമിന്റെ മറുപടി. ദേശാഭിമാനി തന്നെ പത്രത്താാളുകള്‍ തന്നെ വിവരിച്ച് എത്ര വട്ടം ഇക്കാര്യം പറഞ്ഞു? ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നിലെ കോണ്‍ഗ്രസിന്റെ സംഭാവനയെന്തെന്ന് നന്നായി അറിയുന്ന ഒരു രാജ്യത്തില്‍ നിന്ന് ഇത്തരം ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാന്‍ ചില്ലറത്തൊലിക്കട്ടി പോരാ ബല്രാം. മറ്റ് കാര്യങ്ങളും ഇതുപോലൊക്കെ തന്നെയാണ്, അതും പറഞ്ഞ് എന്റെ സമയം വീണ്ടും ഞാന്‍ കളയുന്നില്ല.

ആദ്യം പറഞ്ഞത് ഒന്നുകൂടി പറയുന്നു. എംഎല്‍എയാകാന്‍ ചരിത്രമറിയണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ അജ്ഞത അലങ്കാരമാക്കരുത്. ക്ലാസ് ക്യാമ്പയിനിങ് നടത്തുമ്പോള്‍, വായില്‍ തോന്നിയത് വിളിച്ചുപറയുന്ന ഒരു കെഎസ്യു നേതാവല്ല താങ്കളിന്ന്. വാക്കിനും അക്ഷരങ്ങള്‍ക്കും പോലും അക്കൗണ്ടബിലിറ്റിയുള്ള ഒരു രാഷ്ട്രീയനേതാവാണ്. ക്ഷേത്രത്തില്‍ കയറിയിറങ്ങി ഹിന്ദുവാണെന്ന് തെളിയിക്കാന്‍ നേതാക്കള്‍ മത്സരിക്കുന്ന ഈ കാലത്തിരുന്നാണ് താങ്കള്‍, പൂണൂല് കത്തിച്ച് സവര്‍ണതയെ വെല്ലുവിളിച്ചയാളെ ആക്ഷേപിക്കുന്നത്. ഫെയ്‌സ്ബുക്കിലെ ആരാധകവൃന്ദത്തിന് പുറത്തൊരു വിശാലലോകമുണ്ട്, അവിടെയുള്ളവരുടെ മനസിലുണ്ട് ഇഎംഎസ്. ഇഎം എസിന്റെയും എകെജിയുടെയും ചിത്രം പൂജാമുറിയില്‍ വെച്ച് സ്‌നേഹിക്കുന്ന ഒരു തലമുറ ഇന്നും നമ്മുടെ നാട്ടിലുണ്ടെന്ന് താങ്കള്‍ മറന്നുപോകരുത്. കേരളം പ്രതീക്ഷയോടെ കാണുന്ന ഒരു യുവജനപ്രതിനിധിയാണ് നിങ്ങള്‍. കുറച്ചുകൂടി നിലവാരം താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു, ഞങ്ങളെ ഇനിയും നിരാശരാക്കരുത്.

(ചരിത്രമവിടെ നില്‍ക്കട്ടെ. ഇഎംഎസിനെക്കുറിച്ചുള്ള താങ്കളുടെ അജ്ഞത നീക്കാന്‍ അദ്ദേഹത്തിന്റെ സമ്പൂര്‍ണകൃതികള്‍ സജസ്റ്റ് ചെയ്യുന്നു. 100 വോള്യമാണ്, ഓരോ വോള്യത്തിനും 300രൂപയാണ് വില. എംഎല്‍എയ്ക്ക് ലഭിക്കുന്ന പുസ്തകം വാങ്ങാനുള്ള ഫണ്ടുകൊണ്ട് താങ്കള്‍ അത് വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കള്‍ താമസിക്കുന്ന എംഎല്‍എ ഹോസ്റ്റലിന് അര കിലോമീറ്റര്‍ മാത്രം അകലെ ചിന്ത പബ്ലിഷേഴ്‌സില്‍ പുസ്തകം ലഭ്യമാണ്)