എഡിറ്റര്‍
എഡിറ്റര്‍
മഅദനിക്ക് ഇടക്കാലജാമ്യം
എഡിറ്റര്‍
Thursday 7th March 2013 5:18pm

ബാംഗ്ലൂര്‍:  ബംഗലരു ബോംബ് സ്‌ഫോടനക്കേസ്സില്‍ ആരോപണവിധേയനനായി ജയിലില്‍ കഴിയുന്ന  പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍  മഅ്്ദനിക്ക് ഇടക്കാലജാമ്യം. എട്ട് മുതല്‍ 12വരെയാണ് പരപ്പന അഗ്രഹാര പ്രത്യേക കോടതി മഅദനിക്ക് ജാമ്യം അനുവദിച്ചത്. മകളുടെ നിക്കാഹില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്ന മഅ്ദനിയുടെ ഹരജി പരിഗണിച്ചാണ് കോടതി  ഇടക്കാലജാമ്യം അനുവദിച്ചത്.

Ads By Google

മകള്‍ ഷമീറയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അഞ്ചു ദിവസത്തേക്ക് സ്വന്തം ചിലവില്‍ പോലിസ് ബന്തവസ്സോടെ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നാണ് അഡ്വ. ഉസ്മാന്‍ വഴി നല്‍കിയ ഹരജിയില്‍ മഅ്ദനി ആവശ്യപ്പെട്ടിരുന്നത്. മഅദനിയെ കേരളത്തിലേക്ക് കൊണ്ട് വരുന്ന കാര്യം കേരളാ മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പി.ഡി.പി നേതൃത്വം അറിയിച്ചു.

അസുഖബാധിതനായ പിതാവിനെ കാണാനും മഅദനിക്ക് അനുമതിയുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലാണ്  മഅദനി കേരളത്തിലെത്തുക. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  കര്‍ണാടക സര്‍ക്കാരിന് കത്തയച്ചിരുന്നു.

മഅദനിക്ക് ജാമ്യം നല്‍കുന്നതിന് എതിരായി ശക്തമായ നിലപാടാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. കേരളത്തില്‍ നിരവധി അനുയായികളുള്ള നേതാവായ മഅ്ദനിക്ക് ജാമ്യം നല്‍കിയാല്‍ പിന്നെ തിരിച്ചു വരില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. ഈ കേസ്സില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ കേരള, കര്‍ണാടക പോലീസിന് ദിവസങ്ങള്‍ വേണ്ടി വന്നതായും  കേരളത്തിലേക്കു പോയാല്‍ കേസിന്റെ വിചാരണ മുടങ്ങുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.എന്നാല്‍ ഈ വാദങ്ങള്‍ കോടതി സ്വീകരിച്ചില്ല.

മാര്‍ച്ച് പത്തിനാണ് മഅ്ദനിയുടെ മകള്‍ ഷമീറ ജൗഹറയുടെ വിവാഹം നടക്കുന്നത്. ഉപ്പയെത്തുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമാണ് താനെന്ന് ഷമീറ നേരെത്തെ പറഞ്ഞിരുന്നു.

തന്റെ ജീവിതത്തിലെ സുപ്രധാനസംഭവമാണ് വിവാഹം. അത് ഉപ്പ തന്നെ നടത്തിത്തരണമെന്നാണ് ഒരോ പെണ്‍കുട്ടിയും ആഗ്രഹിക്കുക. ഒരു വാപ്പയെന്ന നിലയില്‍ മഅ്ദനിക്ക് ഏറെ സന്തോഷം നല്‍കുന്ന മുഹൂര്‍ത്തമായിരിക്കും അത്. അതിന് അവസരമൊരുക്കി സര്‍ക്കാറും കോടതിയും കരുണ കാണിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്ന് ഷമീറ നേരെത്തെ പറഞ്ഞിരുന്നു.

മഅ്ദനിയുടെ ആദ്യ ഭാര്യയായ ഷഫിന്‍സയുടെ മകളാണ് ഷമീറ. ഒരു സ്വകാര്യകമ്പനിയില്‍ മള്‍ട്ടിമീഡിയ ഡിസൈനറായി ജോലി ചെയ്യുകയാണ് ഷമീറ. ആലുംകടവ് നമ്പരുവികാല ഷിഹാബ് മന്‍സിലില്‍ സിദ്ദീഖ്കുഞ്ഞിന്റെ മകനും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ നിസാമാണ് വരന്‍. കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തിലാണ് വിവാഹം നടക്കുന്നത്.

Advertisement