സംശയിക്കണ്ട, ഇതു ഞാന്‍ തെന്നെ; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആ ചിത്രം തന്റേതു തന്നെയെന്ന് മഅ്ദനി
Social Tracker
സംശയിക്കണ്ട, ഇതു ഞാന്‍ തെന്നെ; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആ ചിത്രം തന്റേതു തന്നെയെന്ന് മഅ്ദനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th January 2019, 1:03 pm

കോഴിക്കോട്: പ്രചരിച്ച മുന്‍ കൊല്ലം ജില്ലാ കലക്ടര്‍ ആയിരുന്ന ബാബു ജേക്കബ് ഒരു കുട്ടിക്ക് സമ്മാനം നല്‍കുന്ന ഫോട്ടോ മഅ്ദനിയുടേത് തന്നെ. കഴിഞ്ഞ കുറെ നാളുകളായി മഅ്ദനിയുടെ കുട്ടിക്കാലത്തെ ഫോട്ടോയെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം തന്റേതാണെന്ന് സ്ഥിരീകരിച്ച് ഒടുവില്‍ മഅ്ദനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

“കഴിഞ്ഞ കുറേ നാളുകളായി “മഅദനിയുടെ ചെറുപ്പത്തിലെ ഫോട്ടോ”എന്ന അടിക്കുറിപ്പോടെ ഇങ്ങനെ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട് ഇതിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ പലരും എനിക്ക് ഫോട്ടോ അയച്ചുതന്ന് അന്വഷിക്കുന്നുമുണ്ട്. അതേ, ഈ ഫോട്ടോ എന്റേതു തന്നെയാണ്” മഅ്ദനി ഫേസ്ബുക്കില്‍ കുറിച്ചു.

മൈനാഗപ്പള്ളി മിലദേശരിഫ് ഹൈസ്‌കൂളില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ഥിയായിരുക്കുമ്പോള്‍ കൊല്ലം ജില്ലാ കലോത്സവത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ നടന്ന പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം കാരസ്ഥമാക്കിയതിനു അന്നത്തെ ജില്ലാ കളക്ടര്‍ ബാബു ജേക്കബ് (അദ്ദേഹം പിന്നീട് ചീഫ് സെക്രട്ടറി ആയി റിട്ടയര്‍ ചെയ്തു) ആണ് സമ്മാനം നല്‍കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

Read Also : യു.പിയില്‍ പ്രസംഗിക്കാന്‍ വെച്ച പേപ്പര്‍ മാറിയതാണോ; താങ്കള്‍ നിപ്പ എന്ന് കേട്ടിട്ടുണ്ടോ: രാഹുല്‍ ഗാന്ധിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

“എന്റെ പ്രസംഗ രംഗത്തെ ഏക ഗുരു എന്റെ പ്രിയ വാപ്പ അബ്ദുസ്സമദ് മാസ്റ്റര്‍ ആയിരുന്നു. ഓരോ മത്സരങ്ങള്‍ക്കും പ്രസംഗം പഠിപ്പിച്ച ശേഷം വീട്ടിലെ ഹാളില്‍ ഒരു സ്റ്റൂളിന്റെ മുകളില്‍ എന്നെ കയറ്റിനിര്‍ത്തി പ്രസംഗിപ്പിക്കും. എന്റെ പ്രിയ ഉമ്മായും അനുജനുമായിരുക്കും ശ്രോതാക്കള്‍. മത്സരങ്ങള്‍ക്കെല്ലാം വാപ്പായും കൂടെയുണ്ടാകും. ഉമ്മായ്ക്കായിരിക്കും എന്നേക്കാള്‍ ടെന്‍ഷന്‍. സമ്മാനവുമായി തിരിച്ചുവരുമ്പോഴാണ് ഉമ്മാക്ക് ആശ്വാസമാവുക” അദ്ദേഹം വിശദീകരിച്ചു

അന്നും എന്നും എന്റെ പ്രിയ ഉമ്മാടെ പ്രാര്‍ഥനയായിരുന്നു എന്റെ ശക്തി. എന്റെ പ്രിയ പിതാവിന്റെ ദീര്‍ഘായുസിനും എന്റെ ഉമ്മായുടെ പരലോക സന്തോഷത്തിനും ഈ പോസ്റ്റ് കാണുന്ന ഓരോരുത്തരും പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.