എസ്.ഡി.പി.ഐ-ലീഗ് നേതാക്കന്മാര്‍ തമ്മില്‍ കാണുന്നതിനെ ഒരു വിവാദമാക്കുന്നവരുടെ ദുഷ്ടമനസിനെയാണ് തിരിച്ചറിയേണ്ടത്: ചര്‍ച്ചയെക്കുറിച്ച് അബ്ദുള്‍ മജീദ് ഫൈസി
kERALA NEWS
എസ്.ഡി.പി.ഐ-ലീഗ് നേതാക്കന്മാര്‍ തമ്മില്‍ കാണുന്നതിനെ ഒരു വിവാദമാക്കുന്നവരുടെ ദുഷ്ടമനസിനെയാണ് തിരിച്ചറിയേണ്ടത്: ചര്‍ച്ചയെക്കുറിച്ച് അബ്ദുള്‍ മജീദ് ഫൈസി
ന്യൂസ് ഡെസ്‌ക്
Friday, 15th March 2019, 11:57 am

 

മലപ്പുറം: മുസ്‌ലിം ലീഗ് നേതാക്കളുമായി നടന്നത് രാഷ്ട്രീയ ചര്‍ച്ച തന്നെയെന്ന് സ്ഥിരീകരിച്ച് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി. സമകാലിക രാഷ്ട്രീയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പും ഇതില്‍ വരുമെന്ന് അബ്ദുള്‍ മജീദ് ഫൈസി വ്യക്തമാക്കി.

“നേരത്തെ പറഞ്ഞുവെച്ച ചര്‍ച്ചയായിരുന്നില്ല അത്. കൊണ്ടോട്ടിയില്‍ രണ്ടുപാര്‍ട്ടിയുടെയും നേതാക്കന്മാര്‍ യാദൃശ്ചികമായി ഒത്തുചേര്‍ന്നുവെന്നതാണ് ശരി. അതും ഒരു റസ്റ്റോറന്റില്‍ വെച്ച് പരസ്യമായി. അതുകൊണ്ടുതന്നെ അതൊരു രഹസ്യചര്‍ച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു.

” രാഷ്ട്രീയവും അല്ലാത്തവുമായ കാര്യങ്ങള്‍ ഞങ്ങള് സംസാരിച്ചിട്ടുണ്ട്. പത്തുപതിനഞ്ച് മിനിറ്റുകൊണ്ട് എന്ത് ഗൗരവമായ ചര്‍ച്ച നടത്താനാണ്. ആ സമയം കൊണ്ട് നടക്കുന്ന ഒരു സംസാരം നടന്നിട്ടുണ്ട്.”

“സ്ഥാനാര്‍ത്ഥിയെന്നതിനപ്പുറം പാര്‍ട്ടിയില്‍ പ്രധാനമായ ഉത്തരവാദിത്തം വഹിക്കുന്നവരാണ് കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും. എസ്.ഡി.പി.ഐയുടെയും ലീഗിന്റെയും നേതാക്കന്മാര്‍ തമ്മില്‍ കാണുന്നതിനെ ഒരു വിവാദമാക്കി മാറ്റുന്ന കേന്ദ്രങ്ങളുടെ ദുഷ്ടമനസിനെയാണ് നമ്മള്‍ തിരിച്ചറിയേണ്ടത്. ”

Also read:ശ്രീശാന്തിനെതിരായ ബി.സി.സി.ഐ.യുടെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി പിന്‍വലിച്ചു

“പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും സി.പി.ഐ.എം ഒരുമിച്ച് നില്‍ക്കുന്നു. പ്രോത്സാഹിപ്പിക്കേണ്ടതാണല്ലോ. കേരളത്തില്‍ ബി.ജെ.പിക്ക് സാധ്യത വരുന്ന സ്ഥലങ്ങളിലൊന്നാണ് തിരുവനന്തപുരം. ബി.ജെ.പി ടാര്‍ഗറ്റ് ചെയ്യുന്ന തിരുവനന്തപുരത്ത് കോണ്‍ഗ്രസും സി.പി.ഐ.എമ്മും എല്‍.ഡി.എഫും യു.ഡി.എഫും ഒന്നിച്ചു നില്‍ക്കാന്‍ തയ്യാറാവണമെന്നാണ് ഞങ്ങള്‍ പറയുന്നത്.” അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ലീഗ് നേതാവും പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ നേരത്തെ നിഷേധിച്ചിരുന്നു. ഞങ്ങള്‍ അവിടെയുണ്ടായിരുന്നപ്പോള്‍ അപ്രതീക്ഷിതമായി എസ്.ഡി.പി.ഐ നേതാക്കള്‍ അവിടെയെത്തിയതാണെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റിന്റെ വീട് എന്റെ വീടിന്റെ തൊട്ടടുത്താണെന്നും ചര്‍ച്ച നടത്താന്‍ അങ്ങോട്ട് പോണോ എന്നും ഇ.ടി ചോദിച്ചിരുന്നു. രാഷ്ട്രീയമായി ഒന്നും തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും ഇ.ടി പറഞ്ഞിരുന്നു.

അവരെ ഒന്നു കണ്ടു, പക്ഷെ ചര്‍ച്ച നടത്തിയിട്ടില്ല. അവരുമായി ഒരു രാഷ്ട്രീയ ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഇ.ടി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏറെ വിവാദമുണ്ടാക്കുന്നതാണ് ഈ കൂടിക്കാഴ്ച്ച.