സുന്നി ആശയാദര്‍ശങ്ങള്‍ക്കെതിരായ പ്രവര്‍ത്തനത്തിനാണ് പുറത്താക്കിയതെന്ന് സമസ്ത; സുന്നി ആശയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി
Kerala News
സുന്നി ആശയാദര്‍ശങ്ങള്‍ക്കെതിരായ പ്രവര്‍ത്തനത്തിനാണ് പുറത്താക്കിയതെന്ന് സമസ്ത; സുന്നി ആശയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th November 2022, 8:59 pm

മലപ്പുറം: സുന്നി ആശയാദര്‍ശങ്ങള്‍ക്കും സമസ്തയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി പ്രചാരണം നടത്തിയെന്നാരോപിച്ച് സമസ്തയില്‍ നിന്ന് പുറത്താക്കിയതിനെതിരെ പ്രതികരണവുമായി അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി.

സുന്നി ആശയങ്ങള്‍ക്കെതിരെ ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും തനിക്കെതിരെയുണ്ടായ നടപടി വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ വിശദീകരണം സമസ്ത കേട്ടിട്ടില്ലെന്നും സമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ ആദൃശ്ശേരി പറഞ്ഞു.

‘സുന്നി ആദര്‍ശത്തില്‍ അടിയുറച്ച് നില്‍ക്കുന്നയാളാണ് ഞാന്‍. ഇപ്പോള്‍ ആരോപിക്കുന്ന കുറ്റമെന്തെന്ന് എനിക്ക് ഇതുവരെയും മനസിലായിട്ടില്ല. 25 കൊല്ലമായി സമസ്തയുടെ പാതയിലാണ്. എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ പറയുന്നതെന്ന് അറിയില്ല. ആരോപണ വിധേയനെ ഒരുവട്ടമെങ്കിലും കേള്‍ക്കുകയെന്നത് പട്ടാളക്കോടതിയില്‍ പോലും നടപ്പുള്ളതാണ്.

സമസ്തയും സി.ഐ.സിയും തമ്മിലുള്ള തര്‍ക്കം ഇവിടെ വരുന്നില്ല. സമസ്തക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് പറയുന്നത്. സി.ഐ.സി കൂട്ടുത്തരവാദിത്തത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍, ഇപ്പോള്‍ പറയുന്നത് ആശയാദര്‍ശത്തെ പറ്റിയാണ്. സമസ്ത എനിക്കെതിരെ ഒരു നടപടിയെടുത്താലും ഞാന്‍ സുന്നിയാണ്, സമസ്തയാണ്. അവസരം ഉണ്ടെങ്കില്‍ ഇനിയും പ്രവര്‍ത്തിക്കും,’ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി പറഞ്ഞു.

കോഴിക്കോട്ട് ബുധനാഴ്ച ചേര്‍ന്ന സമസ്ത മുശാവറയാണ് സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ് (സി.ഐ.സി) ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കാന്‍ തീരുമാനിച്ചത്. ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിലാണ് മുശാവറ ചേര്‍ന്നത്.

സുന്നി ആശയങ്ങള്‍ക്ക് വിരുദ്ധമായ പ്രചാരണം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് സമസ്ത മുശാവറ ആദൃശ്ശേരിയെ പുറത്താക്കിയത്. നിലവില്‍ സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ് അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി.

‘സുന്നി ആശയാദര്‍ശങ്ങള്‍ക്കും സമസ്തയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി പ്രചാരണം നടത്തുകയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതായി സമസ്ത മുശാവറക്ക് ലഭിച്ച രേഖാമൂലമുള്ള പരാതികളില്‍ നിന്നും ഇതുസംബന്ധമായി നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരിയെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കംചെയ്യാനും മുശാവറ യോഗം തീരുമാനിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും ദേശീയതലത്തില്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സമസ്ത ദേശീയ ജംഇയ്യത്തുല്‍ ഉലമയ്ക്ക് രൂപംനല്‍കാന്‍ കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ തീരുമാനിച്ചു’, എന്നാണ് സമസ്തയുടെ പ്രസ്താവന.

മുസ്‌ലിം ലീഗിലെ ചില നേതാക്കളുടെ പിന്തുണയോട് കൂടി സംഘടനയ്ക്കുള്ളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് ഹകീം ഫൈസിക്കെതിരെ സമസ്ത നേതാക്കളുടെ പ്രധാന ആരോപണം.

സി.ഐ.സിയുടെ കീഴില്‍ നടക്കുന്ന വഫിയ്യ കോഴ്‌സില്‍ ചേരുന്ന പെണ്‍കുട്ടികളുടെ വിവാഹമടക്കം വിവിധ വിഷയങ്ങളില്‍ സമസ്ത നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.തുടര്‍ന്ന് ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നെങ്കിലും വാഫി വഫിയ്യ കലോത്സവത്തില്‍ നിന്നും സനദ് ദാനത്തില്‍ നിന്നും സമസ്ത നേതാക്കളും പോഷകസംഘടനാ നേതാക്കളും വിട്ടുനിന്നു.

എന്നാല്‍, വിലക്കുകള്‍ ലംഘിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളടക്കം ചിലര്‍ പങ്കെടുത്തത് ചെയ്തത് വലിയ വിവാദമായിരുന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും വാഫി വഫിയ്യ സമ്മേളത്തില്‍ പങ്കെടുത്തിരുന്നു.

Content Highlight: Abdul Hakeem Faizy Adrisseri’s Reaction on Expelled from Samastha