'വളരെ വൈകിപ്പോയി എ.ബി'; ടീമിലേക്ക് തിരിച്ചുവരാനുള്ള ഡിവില്ലിയേഴ്‌സിന്റെ തീരുമാനത്തെക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍
ICC WORLD CUP 2019
'വളരെ വൈകിപ്പോയി എ.ബി'; ടീമിലേക്ക് തിരിച്ചുവരാനുള്ള ഡിവില്ലിയേഴ്‌സിന്റെ തീരുമാനത്തെക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 11th June 2019, 8:57 am

ദുബായ്: ടീമിലേക്കു തിരിച്ചുവരാനുള്ള ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റര്‍ എ.ബി ഡിവില്ലിയേഴ്‌സിന്റെ തീരുമാനം വൈകിപ്പോയെന്ന് ടീം ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്. ഐ.പി.എല്‍ കാലത്ത് ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് ടീമിന്റെ പ്രഖ്യാപനത്തിനു തലേദിവസം ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹവുമായി താന്‍ ഫോണില്‍ സംസാരിച്ചതാണെന്നും ഡുപ്ലെസിസ് പറഞ്ഞു.

‘എനിക്കറിയാം ഇതു വൈകിപ്പോയെന്ന്. പക്ഷേ ഞാന്‍ നാളെ രാവിലെ സെലക്ടര്‍മാരുമായും കോച്ചുമായും സംസാരിക്കാം. എന്നാണു ഞാന്‍ ഡിവില്ലിയേഴ്‌സിനോടു പറഞ്ഞു. എന്നാല്‍ 99.99 എന്നു നില്‍ക്കുമ്പോള്‍ ടീം മാറ്റുക എന്നതു സാധ്യമായിരുന്നില്ല.’- ഡുപ്ലെസിസ് പറഞ്ഞു.

2018 മേയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച ഡിവില്ലിയേഴ്‌സ് പിന്നീട് ലോകകപ്പ് സമയത്ത് തിരിച്ചുവരവിനുള്ള സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡും കോച്ച് ഓട്ടിസ് ഗിബ്‌സണും അതു തള്ളിയിരുന്നു.

ഡിവില്ലിയേഴ്‌സില്ലാതെ ലോകകപ്പ് കളിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്ക കളിച്ച ആദ്യ മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനോടും പിന്നീട് ഇന്ത്യയോടും ഒടുവില്‍ ബംഗ്ലാദേശിനോടുമായിരുന്നു പരാജയം. ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരം മഴയില്‍ക്കുളിച്ചതിനാല്‍ ഒരു പോയിന്റ് ലഭിച്ചതു മാത്രമാണ് ഏക ആശ്വാസം.

ഡിവില്ലിയേഴ്‌സിന്റെ അഭാവം ടീമിനെ ചെറിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ തങ്ങള്‍ തിരിച്ചുവരുമെന്നും ക്യാപ്റ്റന്‍ പറഞ്ഞു. തങ്ങളുടെ സൗഹൃദം പഴയതുപോലെ തന്നെ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസങ്ങളില്‍ ഡിവില്ലിയേഴ്‌സിന്റെ തിരിച്ചുവരവ് തള്ളിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനും കോച്ചിനുമെതിരേ വ്യാപക പ്രതിഷേധമാണു ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ നിന്നുയര്‍ന്നത്.

15-ന് ദുര്‍ബലരായ അഫ്ഗാനിസ്താനെതിരേ സോഫിയാ ഗാര്‍ഡന്‍സിലാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരം.