എഡിറ്റര്‍
എഡിറ്റര്‍
വൃദ്ധയെ കയറ്റാതെ പോയതിന് നടപടിയെടുത്ത സി.ഐയ്ക്കെതിരെ വ്യാജപരാതി നല്‍കിയ ബസ് ജീവനക്കാര്‍ കുടുങ്ങി: ജീവക്കാരെ കുടുക്കിയത് സി.ഐയുടെ ഒളിക്യാമറ
എഡിറ്റര്‍
Monday 3rd April 2017 12:33pm

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ സി.ഐ മര്‍ദ്ദിച്ചെന്നാരോപിച്ച് സമരത്തിന് ആഹ്വാനം ചെയ്ത സ്വകാര്യബസ് ജീവനക്കാര്‍ക്കും യൂണിയനും എട്ടിന്റെ പണികൊടുത്ത് സി.ഐ അനില്‍കുമാര്‍.

പ്രായമായ സ്ത്രീയെ കയറ്റാതെ പോയ ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തിന് പിന്നാലെയായിരുന്നു സി.ഐ തങ്ങളെ മര്‍ദ്ദിച്ചെന്നാരോപിച്ച് ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തത്.

എന്നാല്‍ ഇതിന് പിന്നാലെ സമരത്തിന് ആഹ്വാനം നടത്തിയ യൂണിയന്‍ നേതാക്കള്‍ക്ക് സി.ഐ ചോദ്യം ചെയ്യല്‍ വീഡിയോ തന്നെ അയച്ച് കൊടുത്തതോടെ സംഗതി തലകീഴായി മറിഞ്ഞു. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ മര്‍ദ്ദിക്കുന്നത് പോയിട്ട് ബസ് ജീവനക്കാരെ സി.ഐ ഒന്നു തൊടുന്നുപോലുമില്ലെന്ന കാര്യം വ്യക്തമായിരുന്നു.

കഴിഞ്ഞ മാസം മുപ്പതാം തിയതിയായിരുന്നു സംഭവം. ആറ്റിങ്ങലില്‍ നിന്നും ചിറയിന്‍ കീഴിലേക്ക് പോകുകയായിരുന്ന ആര്‍.കെ.വി എന്ന സ്വകാര്യ ബസാണ് സ്റ്റോപ്പില്‍ നിന്ന് കൈകാട്ടിയ വയോധികയെ കയറ്റാതെ പോയത്.


Dont Miss ബീഫ് നിരോധനത്തെ കുറിച്ച് മലപ്പുറത്ത് മിണ്ടാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോ; ശിവസേനയുടെ ചോദ്യം സാമ്‌നയില്‍ 


സംഭവം അത് വഴി വന്ന ആറ്റിങ്ങല്‍ സിഐ ജി സുനില്‍കുമാറിന്റെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍തന്നെ പിന്തുടര്‍ന്ന സിഐ ബസ് നിര്‍ത്തിക്കുകയും സ്റ്റോപ്പില്‍ നിന്ന വയോധികയെ തിരികെ പോയി കയറ്റിക്കൊണ്ട് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അത് നടക്കില്ലെന്ന നിലപാടിലായിരുന്നു ബസ് ജീവനക്കാര്‍. ഇതോടെ ബസിലെ യാത്രക്കാരെ ഇറക്കി മറ്റൊരു ബസില്‍ കയറ്റി വിട്ടിട്ട് ജീവനക്കാരെയും ബസിനെയും സിഐ കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍ സുജിത്തിനെതിരെ ബസ് സ്റ്റോപ്പില്‍ നിര്‍ത്താഞ്ഞതിനും ബസില്‍ യാത്രക്കാരെ കയറ്റാതിരുന്നതിനും കേസെടുത്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു.

പിന്നീടാണ് സി.ഐ മര്‍ദ്ദിച്ചെന്ന് പറഞ്ഞ് ജീവനക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയതും തൊഴിലാളി സംഘടനകളെ വിവരമറിയിക്കുകയും ചെയ്തത്. സംഭവം കേട്ടപാതി കേള്‍ക്കാത്ത പാതി തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തു.

ഇതോടെ ബസ് ജീവനക്കാരെ താന്‍ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ സഹിതം തൊഴിലാളി നേതാക്കള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കിയ ഇവര്‍ സി.ഐയോട് മാപ്പ് പറയുകയും പണിമുടക്ക് പിന്‍വലിക്കുകയുമായിരുന്നു. ബസ് ജീവനക്കാരെ യൂണിയനില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ചിത്രം കടപ്പാട്: റിപ്പോര്‍ട്ടര്

Advertisement