സി.പി.ഐ.എമ്മിലെ എം സൂചിപ്പിക്കുന്നത് മാര്‍ക്‌സിനെയാണ്; കെ.എസ്.ഇ.ബി ചിലവഴിച്ച തുക ഞങ്ങള്‍ പിരിച്ചുതരാം: ശാന്തിവനം വിഷയത്തില്‍ ആഷിഖ് അബു
santhi vanam
സി.പി.ഐ.എമ്മിലെ എം സൂചിപ്പിക്കുന്നത് മാര്‍ക്‌സിനെയാണ്; കെ.എസ്.ഇ.ബി ചിലവഴിച്ച തുക ഞങ്ങള്‍ പിരിച്ചുതരാം: ശാന്തിവനം വിഷയത്തില്‍ ആഷിഖ് അബു
ന്യൂസ് ഡെസ്‌ക്
Wednesday, 8th May 2019, 10:26 am

 

കോഴിക്കോട്: ശാന്തിവനം വിഷയത്തില്‍ സി.പി.ഐ.എം സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിക്ക് അബു. സി.പി.ഐ.എമ്മിലെ ‘എം’ സൂചിപ്പിക്കുന്നത് കാള്‍ മാര്‍ക്‌സിനെയാണ്. അതിനാല്‍ ശാന്തിവനം സംരക്ഷിക്കപ്പെടണമെന്നാണ് ആഷിഖ് അബു പറയുന്നത്.

ശാന്തിവനത്തില്‍ ടവര്‍ നിര്‍മാണത്തിനായി കെ.എസ്.ഇ.ബി ഇതുവരെ ചിലവഴിച്ച തുക തങ്ങള്‍ പിരിച്ചുതരാമെന്നും ആഷിഖ് പറയുന്നു.

ആഷിക്ക് അബുവിന്റെ പോസ്റ്റ്:

കെ.എസ്.ഇ.ബി എന്ന സ്ഥാപനം ഇതുവരെ ചിലവഴിച്ച തുക ഞങ്ങള്‍ പിരിച്ചുതരാം. നഷ്ട്ടം കമ്പനി സഹിക്കണ്ട. ഈ വളവ് നേരെയാക്കി, ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം സര്‍ക്കാര്‍. CPI(M).കാള്‍ മാര്‍ക്‌സിനെയാണ് ‘M’ സൂചിപ്പിക്കുന്നത്. ശാന്തിവനം സംരക്ഷിക്കപ്പെടണം.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ രണ്ടു ഏക്കറിലായി കഴിഞ്ഞ 200 വര്‍ഷമായി പരിപാലിച്ചു പോരുന്ന സ്വകാര്യ വനമാണ് ശാന്തിവനം. മന്നത്ത് നിന്നും ചെറായിലേയ്ക്കുള്ള കെ.എസ്.ഇ.ബിയുടെ 110 കെ.വി വൈദ്യുത ലൈന്‍ കടന്നു പോകുന്നതും അതിനു വേണ്ട ടവര്‍ നിര്‍മിക്കുന്നതും ശാന്തിവനത്തിലാണ്.

കേവലം അര സെന്റു ഭൂമി മാത്രമാണ് ടവര്‍ നിര്‍മാണത്തിന് വേണ്ടി ഉപയോഗിക്കൂ എന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വാദം. എന്നാല്‍ 50 സെന്റ് സ്ഥലം ഇതിനു വേണ്ടി കെ.എസ്.ഇ.ബി എടുത്തെന്നും 12 മരങ്ങള്‍ മുറിച്ചു മാറ്റിയെന്നും ശാന്തിവനത്തിന്റെ ഉടമ മീന മേനോന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 48 മരങ്ങള്‍ മുറിക്കാനുള്ള കത്തും കെ.എസ്.ഇ.ബി നല്‍കിയതായും മീന മേനോന്‍ പറഞ്ഞിരുന്നു.

കെ.എസ്.ഇ.ബിയില്‍ മുന്‍ ചെയര്‍മാന്‍ ആയിരുന്ന വ്യക്തിയുടെ മകന്റെ സ്ഥലത്തിലൂടെ കടന്നു പോകേണ്ട വൈദ്യുത ലൈന്‍ ശാന്തിവനത്തിലൂടെ മാറ്റുകയായിരുന്നു. ഇതിനെതിരെ പൊതുസമൂഹത്തില്‍ നിന്നും വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നതോടെ ശാന്തിവനത്തില്‍ കെ.എസ്.ഇ.ബി നടത്തുന്ന ടവര്‍ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുള്ള ഉത്തരവിട്ടിരുന്നു.

എന്നാല്‍ നിര്‍ദേശം മറികടന്ന് വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ബോര്‍ഡ് നീക്കം നടത്തിയിരുന്നു. വന്‍ പൊലീസ് സന്നാഹത്തോടെയാണ് കെ.എസ്.ഇ.ബി ശാന്തിവനത്തില്‍ നിര്‍മാണങ്ങള്‍ പുനരാരംഭിക്കാന്‍ എത്തിയത്. ഇതിനെതിരെ ശാന്തിവനം സംരക്ഷണ സമിതി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവന്നിരുന്നു.

സമരത്തിലേയ്ക്ക് കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരെയും എഴുത്തുകാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും ക്ഷണിച്ചു കൊണ്ടുള്ള അഭ്യര്‍ത്ഥന ശാന്തിവനം സംരക്ഷണ സമിതി പുറത്തിറക്കിയിരുന്നു.

മൂന്ന് കാവുകളും മൂന്ന് കുളങ്ങളും ഉള്‍ക്കൊള്ളുന്ന രണ്ടേക്കര്‍ ഭൂമി മീനാ മേനോന്‍ എന്ന സ്ത്രീയും അവരുടെ ഒന്‍പതാം ക്ലാസ്സുകാരിയായ മകളും ചേര്‍ന്നാണ് സംരക്ഷിക്കുന്നത്.

ഏപ്രില്‍ ആറാം തിയ്യതി മുതലാണ് ശാന്തിവനത്തില്‍ കെ.എസ്.ഇ.ബി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കോടതി വിധി തെറ്റായി വ്യാഖ്യാനിച്ച് കെ.എസ്.ഇ.ബി കാടിനുള്ളിലേക്ക് വേലി പൊളിച്ച് കയറി. ജെ.സി.ബി കയറ്റി അടിക്കാടും ചെറു മരങ്ങളും തകര്‍ത്തു കളഞ്ഞു. അപൂര്‍വ്വമായ, വളരെ വലിയ ഒരു വെള്ള പൈന്‍ മരം മുറിച്ചു തള്ളി. ഒരു മരം മാത്രമേ മുറിക്കൂ അര സെന്റ് സ്ഥലമേ ആവശ്യമുള്ളു എന്ന് പറഞ്ഞു തുടങ്ങിയവര്‍ പന്ത്രണ്ട് മരങ്ങള്‍ മുറിച്ച് നീക്കി. പതിനഞ്ച് സെന്റിലധികം തരിശാക്കി. അമ്പത് മീറ്റര്‍ താഴ്ചയില്‍ അഞ്ച് പൈലിങ്ങ് നടത്തി. ഭൂമിയുടെ അഗാധത്തില്‍ നിന്ന് വന്ന വെള്ളവും ചളിയും കലര്‍ന്ന സ്ലറി വലിയ ഹോസ് ഉപയോഗിച്ച് കാവിനുള്ളിലേക്ക് തള്ളി. മീന അത് ആവശ്യപ്പെട്ടു എന്ന് കള്ളം പറഞ്ഞു കൊണ്ടാണ് കെ.എസ്.ഇ.ബി അത് ചെയ്തത്.

ഈ ഘട്ടത്തിലാണ് ഏപ്രില്‍ 22 മുതല്‍ ശാന്തിവനം സംരക്ഷണ സമിതി രൂപീകരിച്ച് സമരം ആരംഭിച്ചത്. രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും ജില്ലാ ഭരണകൂടത്തെയും ശാന്തിവനത്തില്‍ എത്തിക്കുന്നതിന് സമിതിക്ക് സാധിച്ചു.