ഷാരുഖ് ഖാന് സൂപ്പര്‍ഹിറ്റ് നല്‍കുക ആഷിഖ് അബുവോ രാജ്കുമാര്‍ ഹിറാനിയോ?; വെട്രിമാരനുമായുള്ള കൂടിക്കാഴ്ച ചിത്രത്തിലേക്കെത്തുമോ?
indian cinema
ഷാരുഖ് ഖാന് സൂപ്പര്‍ഹിറ്റ് നല്‍കുക ആഷിഖ് അബുവോ രാജ്കുമാര്‍ ഹിറാനിയോ?; വെട്രിമാരനുമായുള്ള കൂടിക്കാഴ്ച ചിത്രത്തിലേക്കെത്തുമോ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th December 2019, 5:22 pm

ഷാരുഖ് ഖാന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം സീറോയായിരുന്നു. അതിന് മുമ്പിറങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റുകളാവാതിരുന്നതിനെ തുടര്‍ന്നാണ് എന്റര്‍ടെയിന്റ്‌മെന്റ് ഘടകങ്ങളെല്ലാം ചേര്‍ത്ത് ആനന്ദ്.എല്‍.റായി സീറോ അണിയിച്ചൊരുക്കിയത്. എന്നാല്‍ മുന്‍ചിത്രങ്ങളുടെ അനുഭവം തന്നെയായിരുന്നു ബോക്‌സ് ഓഫീസില്‍ സീറോയും നേരിട്ടത്.

സീറോ പരാജയപ്പെട്ടതോടെ ഷാരുഖ് ഏതാണ്ട് ഒരു വര്‍ഷത്തോളമായി പുതിയ ചിത്രങ്ങളിലൊന്നിനും കൈകൊടുത്തിരുന്നില്ല. യാത്രകളിലും മറ്റ് ചടങ്ങുകളിലും പങ്കെടുത്ത് അഭിനയ ജീവിതത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഷാരുഖ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്ത വര്‍ഷത്തോടെ മികച്ച സിനിമകളിലൂടെ തിരിച്ചു വരാം എന്ന പ്രതീക്ഷയിലാണ് ഷാരുഖ്. അത് കൊണ്ട് മികച്ച കഥകള്‍ക്ക് കാത് കൊടുക്കുന്നുണ്ട് താരം. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയോടൊത്തുള്ള പ്രൊജക്ട് മാത്രമാണ് അടുത്ത വര്‍ഷം ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നത്. അതോടൊപ്പം തന്നെ സ്ട്രീ, ഗോ ഗോ ഗോണ്‍ എന്നീ ചിത്രങ്ങളുടെ സംവിധായകര്‍ രാജ്-ഡി.കെ എന്നിവരുമായും ചിത്രവും നടന്നേക്കും.

ഈ രണ്ട് ചിത്രങ്ങള്‍ മാത്രമായിരുന്നു അടുത്ത വര്‍ഷം നടന്നേക്കുക എന്ന് കരുതിയിരുന്നിടത്താണ് മലയാളി സംവിധായകന്‍ ആഷിഖ് അബുവിന് ഷാരുഖ് കൈകൊടുത്തിരിക്കുന്നത്. ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം അവസാനമാണ് നടക്കുക. ഷാരുഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിജയിന് സൂപ്പര്‍ഹിറ്റുകള്‍ നല്‍കിയ സംവിധായകന്‍ ആറ്റ്‌ലിയുമായി ഷാരുഖ് ഒന്നിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരൊരുമിച്ചുള്ള ചിത്രം പെട്ടെന്നുണ്ടാവില്ലെന്നാണ് ഇപ്പോള്‍ ബോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം.

തെന്നിന്ത്യയിലെ പ്രമുഖ സംവിധായകന്‍ വെട്രിമാരനും ഷാരുഖിനെ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനവും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ ധനുഷ് ചിത്രം അസുരന്‍ ചിത്രം കണ്ട് അഭിനന്ദിക്കാന്‍ വേണ്ടി ഷാരുഖ് വിളിച്ചതാണെന്നും ഒരുമിച്ച് ചിത്രം ചെയ്യുന്നില്ലെന്നും വെട്രിമാരന്‍ പറഞ്ഞിരുന്നു. എന്നാല്‍ വെട്രിമാരനുമായി ഇപ്പോഴും സജീവചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ