'സൗഹൃദമല്ല മാനവികത തന്നെ പ്രധാനം'; ശ്യാം പുഷ്‌ക്കരന്‍ന്റെ നിലപാട് തന്നെ തനിക്കും എന്ന് വ്യക്തമാക്കി ആഷിഖ് അബു
Malayalam Cinema
'സൗഹൃദമല്ല മാനവികത തന്നെ പ്രധാനം'; ശ്യാം പുഷ്‌ക്കരന്‍ന്റെ നിലപാട് തന്നെ തനിക്കും എന്ന് വ്യക്തമാക്കി ആഷിഖ് അബു
ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2019, 4:27 pm

സൗഹൃദം ഒരു തേങ്ങയുമല്ല. മാനവികതയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു.
തന്റെ സുഹൃദ് വലയത്തില്‍ ഉള്ള അലന്‍സിയറിനെതിരെ മീ ടു ആരോപണം വന്നപ്പോള്‍ ഈ നിലപാടാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കിയതായിരുന്നു ശ്യാം പുഷ്‌ക്കരന്‍. ശ്യാമിനോടൊപ്പം നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച ആഷിഖ് അബുവും വ്യക്തമാക്കി തന്റെ നിലപാട്. സൗഹൃദമല്ല മാനവികത തന്നെ പ്രധാനമെന്നാണ് ആഷിഖ് പറഞ്ഞത്.

ഇന്നലെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഷിഖ് അവസരം നല്‍കിയിരുന്നു. ഒരു ആരാധകന്റെ ചോദ്യം ഇങ്ങനെയായിരുന്നു. സൗഹൃദമോ മാനവികതയോ?, അതിന് ആഷിഖ് നല്‍കിയ ഉത്തരമായിരുന്നു. മാനവികത എന്ന്.

ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ എന്ന ചോദ്യത്തിന് ശ്യാം പുഷ്‌ക്കരന്‍ എന്നായിരുന്നു മറുപടി. ശ്യാമിന്റെ ഇഷ്ടപ്പെട്ട തിരക്കഥ ദിലീഷ് നായര്‍ക്കൊപ്പം എഴുതിയ ഇടുക്കി ഗോള്‍ഡാണ്. അടുത്ത ചിത്രം എഴുതുന്നത് ഉണ്ണി ആര്‍ ആണെന്നും സംഗീതം ബിജിബാലാണ് എന്നും ആഷിഖ് ഉത്തരങ്ങളായി നല്‍കി.

മായാനദിയിലെ മാത്തന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന ചിത്രം ഇറങ്ങി ഇത്രയായിട്ടും അവസാനിക്കാത്ത ആ ചോദ്യത്തിന് ആഷിഖ് തന്നെ ഉത്തരം നല്‍കി. ഇല്ല എന്നായിരുന്നു മറുപടി. ദൈവത്തില്‍ വിശ്വസിക്കുന്നോ എന്ന ചോദ്യത്തിന് ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്നും നിങ്ങളിലാണ് വിശ്വസിക്കുന്നതെന്നും ഉത്തരമുണ്ട്.