'ആറാട്ട്' ഒക്ടോബറിലുണ്ടാകുമോ? പ്രതികരണവുമായി ഉണ്ണികൃഷ്ണന്‍
Aarattu
'ആറാട്ട്' ഒക്ടോബറിലുണ്ടാകുമോ? പ്രതികരണവുമായി ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd September 2021, 7:44 pm

കൊച്ചി: തിയേറ്ററുകള്‍ തുറന്നേക്കുമെന്ന വാര്‍ത്തകള്‍ സിനിമാപ്രേമികള്‍ ആവേശത്തോടെയാണ് എതിരേറ്റത്. സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തതോടെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനില്‍ സിനിമ കാണാനുള്ള തയ്യാറെടുപ്പിലാണ് സിനിമാപ്രേമികള്‍.

ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ നിരവധി സിനിമകളാണ് റിലീസിന് തയ്യാറെടുക്കുന്നത്. ഇതില്‍ ഏത് സിനിമയായിരിക്കും ആദ്യമെത്തുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലിറങ്ങുന്ന ആറാട്ട് ആയിരിക്കും കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം ആദ്യമെത്തുന്ന സിനിമയെന്ന് ഇതിനോടകം വാര്‍ത്ത പ്രചരിച്ചു.

എന്നാല്‍ അത്തരം വാര്‍ത്തകള്‍ തെറ്റാണെന്ന് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ പറയുന്നു. ചിത്രത്തിന്റെ റിലിസ് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് സംവിധായകന്‍ പറഞ്ഞു.

പതിനെട്ട് കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാല്‍ എത്തുന്നത്.

ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍- ബി. ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മോഹന്‍ലാലിനെ വെച്ച് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. വില്ലനാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.


പുലിമുരുകന് ശേഷം ഉദയകൃഷ്ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ആറാട്ട്. ബി. ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയകൃഷ്ണ തിരക്കഥ എഴുതുന്നത്.

ഒരു പ്രത്യേക ലക്ഷ്യത്തോടെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ആറാട്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും അതിന്റെ നമ്പറും വൈറലായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. ഐ.എ.എസ്. ഓഫീസറായിട്ടാണ് താരം എത്തുന്നത്.

നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് ആറാട്ടിലെ മറ്റു താരങ്ങള്‍.

ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റര്‍: സമീര്‍ മുഹമ്മദ്. സംഗീതം: രാഹുല്‍ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍. പാലക്കാട്, ഹൈദരാബാദ് എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Aaraattu Movie Release Mohanlal B Unnikrishnan