25 കോടിയുടെ ബി.ജെ.പി വാഗ്‌ദാനം; എ.എ.പി വിട്ടില്ലെങ്കിൽ ഇ.ഡി അറസ്റ്റ് നേരിടാന്‍ തയ്യാറാവണമെന്ന് മുന്നറിയിപ്പ്: ആതിഷി
national news
25 കോടിയുടെ ബി.ജെ.പി വാഗ്‌ദാനം; എ.എ.പി വിട്ടില്ലെങ്കിൽ ഇ.ഡി അറസ്റ്റ് നേരിടാന്‍ തയ്യാറാവണമെന്ന് മുന്നറിയിപ്പ്: ആതിഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd April 2024, 1:40 pm

ന്യൂദല്‍ഹി: ബി.ജെ.പിയില്‍ ചേരാന്‍ സമ്മര്‍ദമുണ്ടെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മന്ത്രിയുമായ ആതിഷി. ബി.ജെ.പിയില്‍ ചേരണമെന്നും അല്ലാത്തപക്ഷം ഇ.ഡി അറസ്റ്റ് നേരിടാന്‍ തയ്യാറാവണമെന്നും അടുപ്പമുള്ളൊരു വ്യക്തി അറിയിച്ചതായി ആതിഷി മാധ്യമങ്ങളോട് പറഞ്ഞു.

വരുന്ന ദിവസങ്ങളില്‍ തന്റെയും ബന്ധുക്കളുടെയും വീടുകള്‍ റെയ്ഡ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആതിഷി പറഞ്ഞു. തനിക്കുപുറമെ സൗരബ ഭരദ്വാജ്, ദുര്‍ഗേഷ് പഥക്, രാഘവ് ഛദ്ദ എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

കിരാരിയില്‍ നിന്നുള്ള ആംആദ്മിയുടെ എം.എല്‍.എ ഋതുരാജ് ഝാക്ക് ബി.ജെ.പിയില്‍ ചേരാന്‍ 25 കോടി രൂപയുടെ വാഗ്ദാനം ലഭിച്ചതായും ആതിഷി മാധ്യമങ്ങളെ അറിയിച്ചു. ദല്‍ഹിയില്‍ രാഷ്ട്രപതി ഭരണം നടപ്പിലാക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ ശക്തമായി നേരിടുമെന്നും എ.എ.പി നേതൃത്വം വ്യക്തമാക്കി.

തങ്ങളുടെ നേതാക്കളെ ജയിലിലടച്ച് എ.എ.പിയെ തകര്‍ക്കാനാണ് ബി.ജെ.പി പദ്ധതി ഒരുക്കിയിരിക്കുന്നതെന്നും അതിഷി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിലൂടെ പാര്‍ട്ടി തകരില്ലെന്ന് ഞായറാഴ്ച രാംലീല മൈതാനത്തെ ജനപങ്കാളിത്തത്തില്‍ നിന്ന് ബി.ജെ.പി മനസിലാക്കിയെന്നും ആതിഷി കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ ബി.ജെ.പിയെ ഭയപ്പെടുന്നില്ലെന്നും എ.എ.പി പ്രവര്‍ത്തകര്‍ അരവിന്ദ് കെജ്‌രിവാളിൻ്റെ സൈനികരും ഭഗത് സിങ്ങിന്റെ അനുയായികളുമാണെന്നും ആതിഷി പറഞ്ഞു. നമ്മുടെ രാജ്യത്തെ രക്ഷിക്കാന്‍ തങ്ങള്‍ അവസാനം വരെ പോരാടുമെന്നും ആതിഷി കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിട്ട് കോടതി ഉത്തരവിറക്കിയിരുന്നു. കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വേണമെന്ന് കേന്ദ്ര ഏജന്‍സി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി അദ്ദേഹത്തെ ഏപ്രില്‍ 15 വരെ കസ്റ്റഡിയില്‍ വിട്ടത്.

മാര്‍ച്ച് 21 നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റു ചെയ്യുന്നത്. മുന്‍ ഡെപ്യൂട്ടി മനീഷ് സിസോദിയയ്ക്കും രാജ്യസഭാ എം.പി സഞ്ജയ് സിങ്ങിനും ശേഷം മദ്യനയ കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ എ.എ.പി നേതാവാണ് അദ്ദേഹം.

Content Highlight: Aam Aadmi Party leader and Delhi Minister Atishi says there is pressure to join BJP