ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ പരാജയത്തിന് പിന്നാലെ ദല്‍ഹി ക്യാപിറ്റല്‍സിന്റെ സ്പിന്‍ ബൗളര്‍ കുല്‍ദീപ് യാദവിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ബൗളിങ്ങില്‍ കുല്‍ദീപ് പരാജയപ്പെട്ടെന്നും താരം വിക്കറ്റുകള്‍ നേടിയിട്ടില്ലെന്നും ചോപ്ര പറഞ്ഞു. കുല്‍ദീപിനെ പോലൊരു ബൗളര്‍ വിക്കറ്റ് നേടാത്തത് ഒരു പ്രശ്‌നമാണെന്നും ചോപ്ര പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു താരം.

‘ബൗളിങ്ങില്‍ കുല്‍ദീപ് പരാജയപ്പെട്ടിട്ടുണ്ട്, എങ്ങനെയെന്ന് അറിയില്ല! ഏറ്റവും എക്‌സ്പന്‍സീവ് സ്പിന്നറായിരിക്കാം അദ്ദേഹം. അദ്ദേഹം വിക്കറ്റുകള്‍ പോലും നേടിയിട്ടില്ല. കഴിഞ്ഞ 19 മത്സരങ്ങളില്‍ ദല്‍ഹിക്ക് വേണ്ടി എട്ടോ ഒമ്പതോ വിക്കറ്റുകള്‍ മാത്രമാണ് കുല്‍ദീപ് നേടിയത്. കുല്‍ദീപിനെപ്പോലൊരു ബൗളര്‍ വിക്കറ്റുകള്‍ നേടാത്തത് ഒരു പ്രശ്‌നമാണ്,’ ചോപ്ര പറഞ്ഞു.

മത്സരത്തില്‍ ദല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ നല്ലരീതിയില്‍ ഓവര്‍ ചെയ്‌തെന്നും എന്നിരുന്നാലും തോല്‍വിയോടെ ദല്‍ഹി ഒരുപാട് പിന്നിലേക്ക് പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അക്‌സര്‍ പട്ടേല്‍ നന്നായി പന്തെറിഞ്ഞു. അദ്ദേഹം നാല് ഓവറുകള്‍ വേഗത്തില്‍ എറിഞ്ഞു, പക്ഷേ അതൊന്നും ഒരിക്കലും മതിയാകില്ല. ഒരിക്കല്‍ കൂടി ദല്‍ഹി വളരെ പിന്നോട്ട് പോയി. പ്രായോഗികമായി പറഞ്ഞാല്‍, നിങ്ങളുടെ കളി കഴിഞ്ഞെന്ന് പറയാം. നിങ്ങളുടെ ക്രിക്കറ്റ്, അത്രമാത്രം. ഇവിടെ നിന്ന് പുറത്തുവന്ന് ഉയര്‍ന്നുവരുന്നത് അസാധ്യമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ദല്‍ഹിസ്പിന്നര്‍ കുല്‍ദീപ് യാദവിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. ഇംപാക്ട് പ്ലെയറായി വന്ന് മൂന്ന് ഓവറില്‍ 41 റണ്‍സാണ് താരം വഴങ്ങിയത്. 13.67 എന്ന എക്കോണമിയിലായിരുന്നു കുല്‍ദീപിന്റെ ബൗളിങ്.

മാത്രമല്ല സീസണില്‍ 11 മത്സരത്തില്‍ നിന്ന് 352 റണ്‍സ് വഴങ്ങി വെറും ഏഴ് വിക്കറ്റുകളാണ് താരം നേടിയത്. 198 പന്തുകളില്‍ നിന്നാണ് താരം ഇത്രയും റണ്‍സ് വഴങ്ങിയത്. 50.29 എന്ന ആവറേജിലാണ് താരം പന്തെറിയുന്നത്. 10.67 എന്ന എക്കോണമിയാണ് താരത്തിനുള്ളത്.

അതേസമയം ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത വിജയിച്ച് കയറിയത്. ദല്‍ഹി ഉയര്‍ത്തിയ 143 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത 34 പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. ഇതോടെ കൊല്‍ക്കത്ത ഒമ്പത് പോയിന്റുമായി ഏഴാം സ്ഥാനത്തെത്തി. ഫിന്‍ അലന്റെ സെഞ്ച്വറി കരുത്തിലാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്.

Content Highlight: Aakash Chopra Talking About Kuldeep Yadav