Administrator
Administrator
‘മന്ത്രി സിനിമ കണ്ടത് കുളിക്കാന്‍ പോകുന്നതിനിടെ’
Administrator
Thursday 8th December 2011 9:09pm

ഇനി ഒരാഴ്ചക്കാലം തിരുവനന്തപുരം ചലച്ചിത്ര പ്രേമികളുടെ തീര്‍ത്ഥാടന കേന്ദ്രമാണ്. 15 ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരം വീണ്ടും ആതിഥേയത്വം വഹിക്കുമ്പോള്‍ ഇത്തവണത്തെ പ്രത്യേകത മത്സരത്തിന് ഒരു മലയാള സിനിമ പോലുമില്ലെന്നതാണ്.

നിരവധി അംഗീകാരങ്ങള്‍ നേടിയ ആദാമിന്റെ അബുവും ഹ്രസ്വചിത്ര സംവിധായകനെന്ന നിലയില്‍ അറിയപ്പെട്ട ഷെറിയുടെ ആദിമധ്യാന്തവും മേളയുടെ മത്സര വിഭാഗത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. സാങ്കേതിക പ്രശ്‌നങ്ങള്‍ ആദാമിന്റെ അബുവിനും സത്യവാങ്മൂലത്തിലെ പ്രശ്‌നങ്ങള്‍ ആദിമധ്യാന്തത്തിനും വിനയായി. ചിത്രം മേളയില്‍ നിന്ന് പുറത്താക്കപ്പെട്ടതെന്താണെന്ന് ചോദിക്കുമ്പോള്‍ ചിത്രത്തിന്റെ സംവിധായകന് പോലും അറിയില്ല യഥാര്‍ത്ഥ കാരണം.

മേളയിലേക്ക് നിര്‍ദേശിക്കപ്പെട്ട് പാതിവഴിയില്‍ നിന്നും തിരിച്ചുപോരേണ്ടിവന്ന ആദിമധ്യാന്തത്തിന്റെ സംവിധായകന്‍ ഷെറി തന്റെ ആദ്യ ചിത്രം നേരിട്ട പ്രശ്‌നങ്ങള്‍ ഡൂള്‍ ന്യൂസ് പ്രതിനിധി ജിന്‍സി ബാലകൃഷ്ണനുമായി പങ്കുവയ്ക്കുന്നു.


ചലച്ചിത്ര മേളയില്‍ നിന്നും ആദിമധ്യാന്തം ഒഴിവാക്കാനുള്ള യഥാര്‍ത്ഥ കാരണമെന്താണ്?

സത്യം പറഞ്ഞാല്‍ അതെനിക്കറിയില്ല. ചിത്രം പൂര്‍ണമല്ലെന്നാണ് ചലച്ചിത്ര അക്കാദമി ആദ്യം പറഞ്ഞത്.  ഞാന്‍ സമര്‍പ്പിച്ചത് ചിത്രത്തിന്റെ ഒറിജിനല്‍ സി.ഡിയാണ്. അത് മോഷണം പോയി എന്നത് സത്യമാണ്. ചിത്രം എഡിറ്റ് ചെയ്യാനായി ബീനാ പോളിന്റെ കൈവശം ഞാന്‍ കൊടുത്ത പ്രിന്റാണ് അപൂര്‍ണമെന്ന് അവര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഒറിജിനല്‍ സി.ഡി അവര്‍ കാണിച്ചു. അത് പൂര്‍ണമാണെന്ന് സമ്മതിക്കുകയും ചെയ്തു. എന്നിട്ടും ചിത്രം മേളയില്‍ നിന്നും ഒഴിവാക്കി. അതിന് പ്രിയദര്‍ശന്‍ നല്‍കിയ ന്യായീകരണം സത്യവാങ്മൂലത്തില്‍ പിഴവുണ്ടെന്നാണ്. ആ പിഴവെന്താണെന്ന് എന്നോടോ പത്രക്കാര്‍ക്കുമുന്നിലോ പറയാന്‍ തയ്യാറായിട്ടില്ല. അഥവാ പിഴവുണ്ടെങ്കില്‍ തന്നെ ക്ലറിക്കല്‍ ആയ ഒരു മിസ്‌റ്റേക്കിന്റെ പേര് പറഞ്ഞ് അവര്‍ എന്റെ സിനിമയെ മനപൂര്‍വ്വം തടയുകയാണുണ്ടായത്.

എന്റെ സിനിമയുള്‍പ്പെടെ എട്ട് സിനിമകള്‍ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ ആദാമിന്റെ അബു മത്സരവിഭാഗത്തില്‍ നിന്നൊഴിവാക്കി. മറ്റ് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്റെ സിനിമയെ ഉള്‍പ്പെടുത്തിയത് നെറികെട്ട ജൂറിയാണെങ്കില്‍ ആ ജൂറി നിര്‍ദേശിച്ച മറ്റ് ചിത്രങ്ങളും മേളയില്‍ നിന്ന് ഒഴിവാക്കേണ്ടേ.

സത്യവാങ്മൂലത്തിലെ പിഴവെന്താണെന്ന് ചോദിച്ചില്ലേ?

പ്രിയദര്‍ശനുള്‍പ്പെടെയുള്ളവരുമായി പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ഞാന്‍ വിളിച്ചാല്‍ അവര്‍ സംസാരിക്കാന്‍ തയ്യറാവുന്നില്ല.

ചിത്രത്തിന് സബ്‌ടൈറ്റില്‍ ഇല്ലെന്ന് പറഞ്ഞാണ് കോടതി ചിത്രം തള്ളിയത്. അതിനെക്കുറിച്ച്?

ചലച്ചിത്രമേളയുടെ നിയമാവലി പ്രകാരം മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ഡി.വി.ഡിയില്‍ അക്കാദമി സ്വന്തം ചിലവില്‍ സബ്‌ടൈറ്റില്‍ എഴുതി ചേര്‍ക്കണമെന്നാണ്. ആ നിയമാവലി പരിശോധിച്ചാല്‍ ആര്‍ക്കും മനസിലാക്കാവുന്ന കാര്യമാണിത്.

എന്തുകൊണ്ട് കോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചില്ല?

ഇന്ന് എന്റെ സിനിമ നേരിട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഞാന്‍ പണക്കാരനല്ലെന്നതാണ്. കടംവാങ്ങിയും മറ്റുമാണ് ഈ സിനിമ പൂര്‍ത്തിയാക്കിയത്. ഒരു നല്ല വക്കീലിനെ വയ്ക്കാനോ, നിയമനടപടികളുമായി ശക്തമായി മുന്നോട്ട് പോകാനോ ആവശ്യമായ പണം എന്റെ കയ്യിലില്ല. ദരിദ്രനായിപ്പോയി എന്ന ഒറ്റക്കാരണംകൊണ്ടാണ് അക്കാദമി പോലും എന്നോടിങ്ങനെ പെരുമാറിയത്.

സാംസ്‌കാരിക മന്ത്രിയുടെ ഇടപെടല്‍ ദോഷം ചെയ്‌തോ?

മാഫിയ ഭരണമാണ് സാംസ്‌കാരിക വകുപ്പില്‍ നടക്കുന്നത്. ഈ വകുപ്പ് നയിക്കാന്‍ ഇത്തിരി വിവരമുള്ളവരുണ്ടായില്ല. ഒരു തെരുവ് ഗുണ്ടയുടെ നിലവാരം പോലുമില്ലാത്തയാളാണ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. ചില സീരിയലുകളിലും മറ്റും ചെറിയ വേഷം ചെയ്തുവെന്നല്ലാതെ സിനിമയെക്കുറിച്ച് അയാള്‍ക്ക് എന്തറിയാം. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ ഇത്തിരി സീനിയര്‍ അതാണ് ഗണേഷിന്റെ സിനിമാ പരിചയമെന്നാണ് ഈയിടെ ഒരാള്‍ എന്നോട് അഭിപ്രായപ്പെട്ടത്.

മന്ത്രി സിനിമ കണ്ടത് രാവിലെ തിരക്കില്‍ കുളിക്കാന്‍ പോകുന്നതിനിടയ്ക്കാണ്. അതുതന്നെ സിനിമ കാണാന്‍ മറ്റാരെയോ എല്‍പ്പിക്കുകയാണ് ചെയ്തത്. സിനിമയുടെ ആദ്യ 20 മിനിറ്റില്‍ സൗണ്ട് ട്രാക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. ബധിരനായ ഒരു കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമ കണ്ടയാള്‍ ആദ്യ 15 മിനിറ്റോ മറ്റോ മാത്രമാണ് കണ്ടത്. അപ്പോഴേക്കും മന്ത്രി കുളികഴിഞ്ഞ് വന്നു. പറയുന്നതുപോലെ ഇതിന് സൗണ്ട് പ്രശ്‌നമുണ്ടെന്ന് സിനിമ കണ്ടയാള്‍ മന്ത്രിയോട് പറഞ്ഞു.

മന്ത്രി പുറത്ത് വന്ന് മാധ്യമങ്ങളോട് പറഞ്ഞു ഇതിന് സൗണ്ട് ട്രാക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. ചിത്രം അപൂര്‍ണമാണ്. ചലച്ചിത്രമേളയില്‍ നിന്നും ഇത് എടുത്തുമാറ്റും. സത്യം പറഞ്ഞാല്‍ അതിനുളള അധികാരം മന്ത്രിക്കില്ല. മന്ത്രിക്കുമാത്രമല്ല, ചലച്ചിത്ര അക്കാദമിക്കുമില്ല. ഒരു സിനിമയെ കൂട്ടിച്ചേര്‍ക്കാനേ അക്കാദമിക്ക് അധികാരമുള്ളൂ. മേളയില്‍ ഉള്‍പ്പെടുത്തിയ ചിത്രത്തെ ഒഴിവാക്കാന്‍ അക്കാദമിക്കാവില്ല.
അടുത്ത പേജില്‍ തുടരുന്നു

Advertisement