അർജന്റീനയുടെ ജയം കണ്ടത് 210 പത്രങ്ങളിൽ; വ്യത്യസ്ത ആഘോഷവുമായി മലപ്പുറത്തെ ആരാധകൻ
Football
അർജന്റീനയുടെ ജയം കണ്ടത് 210 പത്രങ്ങളിൽ; വ്യത്യസ്ത ആഘോഷവുമായി മലപ്പുറത്തെ ആരാധകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd December 2022, 8:48 pm

ഖത്തർ ലോകകപ്പിൽ മുൻ ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് അർജന്റീന വിശ്വകിരീടമുയർത്തിയത്. 36 വർഷങ്ങൾക്ക് ശേഷം ഫിഫ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനയുടെ ജയം വലിയ ആഘോഷമാക്കിയാണ് ആരാധകർ‌ കൊണ്ടാടിയത്.

ലോകത്തെ ഒട്ടുമിക്ക പത്രങ്ങളും ആദ്യ പേജിൽ തന്നെ ഈ വിജയം ആഘോഷമാക്കിയിരുന്നു. വിവിധ ദേശങ്ങളിൽ ആരാധകർ വ്യത്യസ്ത രീതിയിൽ അർജന്റീനയുടെ ആഘോഷത്തിൽ പങ്കുചേർന്നപ്പോൾ 60 ഭാഷകളിലെ 210 പത്രങ്ങൾ ശേഖരിച്ച് കൊണ്ടാണ് മലപ്പുറത്ത് നിന്ന് ഒരു ആരാധകൻ ഈ ചരിത്ര വിജയം കൊണ്ടാടിയത്.

ഫുട്ബോൾ ഗവേഷകനും എഴുത്തുകാരനുമായ വടശ്ശേരി സ്വദേശി ജാഫർ ഖാൻ ആണ് 210 പത്രങ്ങളിൽ അർജന്റീന ലോകകപ്പ് നേടിയ വാർത്ത വായിച്ചത്.

ഇന്ത്യയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, മറാത്തി, കന്നഡ, ഒഡിയ, തെലുഗു, ഇംഗ്ലീഷ്, ഉറുദു തുടങ്ങിയ ഭാഷകളിലെ എല്ലാ പത്രങ്ങളും ശേഖരിച്ചതോടൊപ്പം ഭൂമിയിൽ കൈയ്യെഴുത്തിൽ പുറത്തിറങ്ങുന്ന ഒരേയൊരു പത്രമായ മുസൽമാനും അദ്ദേഹം കൈക്കലാക്കി. ചെന്നൈയിലെ ട്രിപ്ലിക്കെയിനിൽ നിന്ന് പുറത്തിറക്കുന്ന ഉറുദു പത്രമാണ് മുസൽമാൻ.

കൂടാതെ അർജൻ്റീന, ബ്രസീൽ, ചിലി, ഉറുഗ്വെ, കൊളംബിയ, യു.എസ്.എ, മെക്സികോ, കാനഡ, തുടങ്ങിയ അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ പത്രങ്ങളും ശേഖരത്തിലുണ്ട്. യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ മേഖലയിലെ 100 കണക്കിന് പത്രങ്ങളുമുണ്ട് ഇക്കൂട്ടത്തിൽ.

പന്ത് പറഞ്ഞ മലപ്പുറം കിസ്സ, ഫുട്ബോൾ മൈ സോൾ എന്നീ പുസ്തകങ്ങളുടെ രചയിതാവായ ജാഫർ ഖാൻ പഠനാവശ്യത്തിനാണ് ഇവ ശേഖരിച്ചിരിക്കുന്നത്. വ്യത്യസ്ത വലിപ്പങ്ങളിലാണ് പത്രങ്ങൾ പുറത്തിറങ്ങുന്നതെങ്കിലും ഏറ്റവും മനോഹരമായി 2022 ലോകകപ്പ് ചിത്രീകരിച്ചത് മലയാള പത്രങ്ങളിൽ ആണ് എന്നാണ് ജാഫർ ഖാൻ പറയുന്നത്.

ഫ്രഞ്ച് പത്രങ്ങൾ സ്വന്തം ടീമിൻ്റെ തോൽവി ഒന്നാം പേജിൽ വരച്ചുകാട്ടിയപ്പോൾ ബാക്കി എല്ലാ പത്രങ്ങളും മെസിയെ ഫോക്കസ് ചെയ്താണ് പേജ് തയ്യാറാക്കിയത്. യൂറോപ്പിലെ ചില പത്രങ്ങൾ മെസിയും കുടുംബവും ഒന്നിച്ചുള്ള ഫോട്ടോയാണ് ഒന്നാം പേജിൽ കൊടുത്തത്. നിലവിൽ ഇവയെല്ലാം ചേർത്തു ഇ ഫോൾഡർ ആക്കി മാറ്റിയിട്ടുണ്ട് ജാഫർ.

മാധ്യമ പഠനത്തിനും ഗവേഷണത്തിനും ഉപകാരപ്പെടും എന്നതിനാലാണ് ഇവ ശേഖരിച്ചത് എന്നും പത്രങ്ങൾ പരിശോധിക്കാൻ എല്ലാവർക്കും സൗകര്യം നൽകുമെന്നും ജാഫർ ഖാൻ കൂട്ടിച്ചേർത്തു.

Content Highlights: A writer from malapuram collects 210 newspapers of Argentina’s World Cup Victory in 60 languages