Administrator
Administrator
നക്‌സല്‍ വേട്ട, കേരള മോഡല്‍: എ.വാസു സംസാരിക്കുന്നു
Administrator
Saturday 15th October 2011 7:21pm


മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പോലീസ് വേട്ടയാടുന്ന തൃശൂരിലെ ഷൈനിയുടെ അമ്മയെയും കുട്ടികളെയും കാണാനാണ് കോഴിക്കോട്ടെ മനുഷ്യാവകാശ പ്രവര്‍ത്തകനായ എ.വാസുവും സംഘവും തൃശൂരിലെത്തിയത്.

എന്നാല്‍ തൃശൂര്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് വാസുവിനെയും സംഘത്തെയും തൃശൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പ്രാഥമിക കൃത്യങ്ങള്‍ പോലും ചെയ്യാന്‍ അനുവദിക്കാതെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. പോലീസ് കസ്റ്റഡിയെക്കുറിച്ചും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഒരു കുടുംബത്തെ പോലീസ് പീഡിപ്പിക്കുന്നതിനെക്കുറിച്ചും എ.വാസു സംസാരിക്കുന്നു.
തൃശൂരില്‍ എന്തിനായിരുന്നു നിങ്ങള്‍ പോയിരുന്നത്. പോലീസ് നിങ്ങളെ സംശയിക്കാനുള്ള കാരണമെന്താണ്?

മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ് ആരോപിക്കുന്ന തൃശൂര്‍ വലപ്പാട് ഷൈനിയും ഭര്‍ത്താവും വര്‍ഷങ്ങളായി ഒളിവിലാണ്. അവരെ തേടി വരുന്ന പോലീസ് ഷൈനിയുടെ അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്യുന്നുവെന്ന് പരാതി ലഭിച്ചിരുന്നു. ഇക്കാര്യ അന്വേഷിച്ച് നിജസ്ഥിതി മനസ്സിലാക്കാനാണ് തൃശൂരിലേക്ക് പോയത്.

തൃശൂരില്‍ നിങ്ങളെയും സംഘത്തെയും പോലീസ് കസ്റ്റഡിയിലെടുക്കാനുണ്ടായ സാഹചര്യമെന്തായിരുന്നു?

വ്യാഴാഴ്ച രാത്രിയാണ് തങ്ങള്‍ തൃശൂരിലെത്തിയത്. തൃശൂരില്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ തന്നെ പോലീസ് തങ്ങളെ പിന്തുടരുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. മഫ്ടിയില്‍ ഒരു പോലീസുകാരന്‍ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഒരു ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറിയപ്പോള്‍ അയാളും കയറി. പിന്നീട് ഹോട്ടലില്‍ നിന്ന് ഞങ്ങള്‍ പി.ഡബ്ല്യു.ഡി ഗസ്റ്റ്ഹൗസിലേക്കാണ് പോയത്. ഹോട്ടലില്‍ നിന്നിറങ്ങിയ ഞങ്ങളെ കയറ്റാന്‍ ഒരു ഓട്ടോ തയ്യാറായി നിന്നിരുന്നു. അതും പോലീസ് ഒരുക്കിയതാണെന്നാണ് ഞാന്‍ കരുതുന്നു.

രാത്രി ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞു. രാവിലെ ആറ് മണിയോടെ തന്നെ പോലീസ് ഞങ്ങള്‍ താമസിക്കുന്ന റൂമിലെത്തി. അവിടെ അരിച്ചുപെറുക്കി. ഞങ്ങള്‍ വല്ല ആയുധങ്ങളുമായി ആക്രമണം നടത്താനെത്തിയവരാണെന്ന മട്ടിലായിരുന്നു പോലീസിന്റെ പെരുമാറ്റം. ഞങ്ങളെ കസ്റ്റഡിയിലെടുക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ തങ്ങള്‍ പ്രഭാത കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പോലീസ് സ്‌റ്റേഷനിലെത്തിക്കൊള്ളാമെന്ന് അറിയിച്ചെങ്കിലും സമ്മതിച്ചില്ല. തുടര്‍ന്ന് ഞങ്ങളെ ആറ് പേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പോലീസ് സ്‌റ്റേഷനില്‍ ഞങ്ങളെ മാവോയിസ്റ്റുകളോടെന്ന പോലെയാണ് പോലീസ് ആദ്യം പെരുമാറിയത്. ചോദ്യങ്ങളെല്ലാം അത്തരത്തിലുള്ളതായിരുന്നു. 30 വര്‍ഷം മുമ്പ് ഞാന്‍ മാവോയിസ്റ്റ് പ്രവര്‍ത്തകനായിരുന്നുവെന്നും പിന്നീട് സംഘടനയില്‍ നിന്ന് രാജിവെച്ച് മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുകയാണെന്നും പറഞ്ഞു. എന്നാല്‍ മാവോവാദി ആശയങ്ങളോട് സ്‌നേഹവും ബഹുമാനവുമുണ്ട്. അത് പറയുന്നതില്‍ ഭയമില്ല എന്നും പോലീസിനോട് ഞാന്‍ പറഞ്ഞു. ഓരോരുത്തരും അവരുടെ നിലപാടുകള്‍ പോലീസിനോട് പറഞ്ഞു.

രണ്ട് മണിക്കൂര്‍ നേരം തുടര്‍ച്ചയായി പ്രഭാത കൃത്യങ്ങള്‍ പോലും ചെയ്യാന്‍ അനുവദിക്കാതെ പോലീസ് തങ്ങളെ ചോദ്യം ചെയ്തു. അപ്പോഴേക്കും ചാനലുകളില്‍ ഞങ്ങളെ കസ്റ്റഡിയിലെടുത്ത വിവരം വാര്‍ത്തയായി വരാന്‍ തുടങ്ങിയിരുന്നു. പോലീസ് സ്‌റ്റേഷനു മുന്നില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും എത്തിത്തുടങ്ങി. ജോയ് കൈതാരം, അഡ്വ.പി.എ പൗരന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. ഞങ്ങളെ വിട്ടയച്ചില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്ന ഘട്ടമെത്തി. അപ്പോഴേക്കും തങ്ങള്‍ ചെയ്തത് അബദ്ധമായെന്ന തോന്നല്‍ പോലീസിനുമുണ്ടായി. പിന്നീട് ഞങ്ങളോടുള്ള പെരുമാറ്റത്തിലും വലിയ മാറ്റമുണ്ടായി. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ ഞങ്ങളെ പോലീസ് ഏറെ നിര്‍ബന്ധിച്ചു. എന്നാല്‍ വിട്ടയക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്യണമെന്നും പോലീസ് തരുന്ന ഭക്ഷണം തങ്ങള്‍ കഴിക്കില്ലെന്നും ഉറപ്പിച്ച് പറഞ്ഞു.

ആദ്യം ബോണ്ട് നല്‍കി വിട്ടയക്കാമെന്ന് പറഞ്ഞെങ്കിലും അതിന് തങ്ങള്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് നിരുപാധികം വിട്ടയക്കുകയായിരുന്നു. നിങ്ങളെ ഞങ്ങള്‍ വിട്ടയക്കുകയാണെന്നും ഇനി എന്ത് ചെയ്യുന്നുവെന്നും പോലീസ് ചോദിച്ചു. ഞങ്ങള്‍ വന്നത് വലപ്പാട് സ്വദേശി ഷൈനിയുടെ വീട് സന്ദര്‍ശിക്കാനാണെന്നും അങ്ങോട്ട് പോവുകയാണെന്നും പറഞ്ഞു. തുടര്‍ന്ന് രണ്ട് മണിയോടെ ഞങ്ങളെ പോലീസ് വിട്ടയച്ചു.

നിങ്ങള്‍ എത്ര പേരുണ്ടായിരുന്നു?

ഞാനും കോഴിക്കോട് സ്വദേശികളായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സുഗതന്‍, അജയന്‍ എന്നവരുമാണ് മലയാളികളായിട്ടുണ്ടായിരുന്നു. രണ്ട് അഭിഭാഷകരും ഒരു ശാസ്ത്രജ്ഞരുമടക്കം മൂന്ന് തമിഴ്‌നാട്ടുകാരുമുണ്ടായിരുന്നു. അവരും അവിടെ മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്.

ഷൈനിയുടെ വീട്ടില്‍ എന്തായിരുന്നു സാഹചര്യം?.

ഷൈനിയുടെ 15 ഉം എട്ടും വയസ്സായ രണ്ട് പെണ്‍കുട്ടികളും അമ്മയുമാണ് അവിടെ താമസിക്കുന്നത്. വലപ്പാട് സ്റ്റേഷനിലെ സി.ഐ  വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചതിന്റെ തെളിവുകള്‍ അവര്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ഷൈനിയെ അന്വേഷിച്ച് പോലീസ് സ്ഥിരമായി വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തുകയാണ്. ‘ ഇത്തരം മക്കളെ പ്രസവിക്കുന്നതിനേക്കാള്‍ വിഷം കഴിച്ച് മരിക്കുകയായിരുന്നില്ലെ നല്ലത്’ എന്ന് സി.ഐ ചോദിച്ചതായി ഷൈനിയുടെ അമ്മ ഞങ്ങളോട് പരാതിപ്പെട്ടു.

ഇവരുടെ വീട്ടില്‍ നിന്ന് വാങ്ങിയ കുട തിരിച്ചു നല്‍കാന്‍ എത്തിയ ഷൈനിയും മകളുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുണ്ടായി. 15 വയസ്സുകാരിയായ ഷൈനിയുടെ മൂത്ത കുട്ടിയുമായി ബന്ധപ്പെടുത്തി ചില അശ്ലീല ചോദ്യങ്ങള്‍ പോലീസ് ഇയാളോട് ചോദിച്ചതായി പരാതി ലഭിച്ചിട്ടുണ്ട്. നിന്നെക്കുറിച്ച് ചോദ്യം ചെയ്യലില്‍ ഇയാള്‍ അശ്ലീലമായ കാര്യങ്ങള്‍ പറഞ്ഞതായി പോലീസ് പെണ്‍കുട്ടിയോട് പറയുകയുണ്ടായി. കുട്ടി പോലീസിന് ഇതിന് ചുട്ട മറുപടി കൊടുക്കുകയും ചെയ്തു. ഇക്കാര്യങ്ങളെക്കും ഷൈനിയുടെ അമ്മയും കുട്ടികളും ഞങ്ങളോട് പറഞ്ഞു. അഭിലാഷ് എന്ന പോലീസുകാരനാണ് പെണ്‍കുട്ടിയോട് ഇക്കാര്യം പറഞ്ഞത്.

ഇക്കാര്യത്തില്‍ പരാതിപ്പെടാനായി ഞങ്ങള്‍ വലപ്പാട് പോലീസ് സ്‌റ്റേഷനിലേക്ക് പോയി. ഷൈനിയുടെ വീട്ടില്‍ പോയി ഭീഷണിപ്പെടുത്തിയ സി.ഐ അപ്പോഴേക്കും അവിടെ നിന്നും സ്ഥലം മാറി എറണാകുളത്തേക്ക് പോയിരുന്നു. നിലവിലെ സി.ഐയെ കണ്ട് പരാതിപ്പെട്ടു. ഞങ്ങളുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാമെന്ന് സി.ഐ അറിയിച്ചു. വിഷയത്തില്‍ വിശദമായ പരാതി തയ്യാറാക്കി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മാധ്യമങ്ങള്‍ക്കും നല്‍കാനാണ് ഞങ്ങളുടെ തീരുമാനം.

തയ്യാറാക്കിയത്: കെ.എം ഷഹീദ്

Advertisement