വീസയില്ലാതെ' ലിറ്റില്‍ ഇംഗ്ലണ്ട് 'കാണാം;പനിനീര്‍പ്പൂക്കളുടെ നാട്ടിലേക്ക് വരൂ...
Travel Info
വീസയില്ലാതെ' ലിറ്റില്‍ ഇംഗ്ലണ്ട് 'കാണാം;പനിനീര്‍പ്പൂക്കളുടെ നാട്ടിലേക്ക് വരൂ...
ന്യൂസ് ഡെസ്‌ക്
Saturday, 8th June 2019, 5:14 pm
പ്രകൃതിയുടെ സൗന്ദര്യവും വ്യവസായ ലോകവും ഒരുപോലെ ഇഴചേരുന്ന ,റോസാപൂക്കളുടെ സുഗന്ധമുള്ള കാറ്റ് വീശുന്ന ഈ ചെറിയ ഇംഗ്ലണ്ടിനെ ആരുമൊന്ന് മോഹിക്കും.

ബംഗലൂരുവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് ഹൊസൂര്‍ എന്ന ലിറ്റില്‍ ഇംഗ്ലണ്ട്. മനോഹരമായ കാലാവസ്ഥയാണ് ഹൊസൂറിന് ലിറ്റില്‍ ഇംഗ്ലണ്ട് എന്ന വിശേഷണം നേടിക്കൊടുത്തത്. പ്രകൃതി സൗന്ദര്യവും വര്‍ഷം മുഴുവന്‍ അനുഭവപ്പെടുന്ന നല്ല കാലാവസ്ഥയും തിരക്കേറിയ ഈ വ്യവസായ നഗരത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വാഹന നിര്‍മ്മാണ വ്യവസായകേന്ദ്രം എന്ന നിലയിലും ഹൊസൂര്‍ പ്രശസ്തമാണ്.

നല്ല കാലാവസ്ഥയും പൊന്നിയാറിന്റെ സാമീപ്യവും വ്യവസായങ്ങളും മാത്രമല്ല കെലവരപള്ളി ഡാം, രാജാജി മെമ്മോറിയല്‍ പോലുള്ള സ്മാരക മന്ദിരങ്ങള്‍, ചന്ദ്ര ചൂഢേശ്വര്‍ ക്ഷേത്രം പോലുള്ള ആരാധനാലയങ്ങള്‍ മുതലായവയും സഞ്ചാരികള്‍ക്ക് പുതിയ അനുഭവം പകരും.

 

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ മുതല്‍ പ്രകൃതി ദൃശ്യങ്ങള്‍ വരെ ഇവിടെയുണ്ട്. കൂട്ടുകാരുമായും കുടുംബത്തോടൊപ്പവും അടിച്ചുപൊളിക്കാന്‍ പറ്റിയ ഉല്ലാസകേന്ദ്രമാണ് കെലവരപള്ളി അണക്കെട്ട്. ഹൊസൂരിലെ പ്രധാന ആകര്‍ഷണങ്ങളാണ് അരുള്‍ മിഗു മരഗതാംബാള്‍ സമേധ ക്ഷേത്രവും ശ്രീ ചന്ദ്ര ചൂഢേശ്വര്‍ ക്ഷേത്രവും. ഹൊസൂരില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ മലമുകളില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു അമ്പലമാണ് വെങ്കിടേശ്വര ക്ഷേത്രം. ദക്ഷിണ തിരുപ്പതിയെന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.

ഹൊസൂരില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ഹൊഗനക്കല്‍ വെള്ളച്ചാട്ടമാണ് മറ്റൊരു പ്രധാന ആകര്‍ഷണം. പ്രകൃതി സ്‌നേഹികള്‍ക്ക് കൃഷ്ണഗിരിയും സന്തോഷം പകരുന്നതാണ്. ഇവിടെ ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ കാണാന്‍ കഴിയും. കൃഷ്ണഗിരി അണക്കെട്ടാണ് മറ്റൊരു കാഴ്ച. തമിഴ്‌നാട്ടിലെ നിരവധി ജില്ലകള്‍ക്ക് വൈദ്യുതി നല്‍കുന്നത് ഈ അണക്കെട്ടാണ്.

 

 

 

ഹൊസൂരിന് സമീപത്തുള്ള മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളാണ് മെടിക്കേരി (310 കിലോമീറ്റര്‍ അകലെ), വയനാട് (290 കിലോമീറ്റര്‍ അകലെ), കൂര്‍ഗ് (280 കിലോമീറ്റര്‍ അകലെ), ഊട്ടി (296 കിലോമീറ്റര്‍ അകലെ), കൊടൈക്കനാല്‍ (405 കിലോമീറ്റര്‍ അകലെ) എന്നിവ. ഹൊസൂരില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയുള്ള പുട്ടപര്‍ത്തി, 240 കിലോമീറ്റര്‍ അകലെയുള്ള തിരുപ്പതി എന്നിവിടങ്ങളിലേയ്ക്കും ആളുകളുടെ ഒഴുക്ക് എപ്പോഴുമുണ്ട്.

 

 

ഹൊയ്‌സാല രാജവംശത്തിലെ ഭരണാധികാരിയായിരുന്ന രാമനാഥ എഡി 1290ല്‍ ആണ് ഹൊസൂര്‍ നഗരം സ്ഥാപിച്ചത്. 1768ലും 1791ലും ബ്രിട്ടീഷുകാര്‍ ഹൊസൂര്‍ പിടിച്ചടക്കി. അക്കാലത്ത് ഹൊസൂറില്‍ സ്‌കോട്ട്‌ലന്റിലെ കെനില്‍വര്‍ത്ത് കോട്ടയുടെ മാതൃകയിലുള്ള ഒരു കോട്ടയും നിര്‍മ്മിച്ചു. ബ്രെട്ട്‌സ് കോട്ട എന്ന് അറിയപ്പെട്ടിരുന്ന ഈ കോട്ട അക്കാലത്ത് ഹൊസൂറിലെ പ്രധാന ആകര്‍ഷണമായിരുന്നു. ഇപ്പോള്‍ ഈ കോട്ടയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

 

ലോകത്തിലെ പ്രധാനപ്പെട്ട റോസാപ്പൂവ് കയറ്റുമതി കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് ഹൊസൂര്‍ ഇപ്പോള്‍. ഓരോ വര്‍ഷവും 80 ലക്ഷത്തിലധികം റോസാ പൂക്കളാണ് ഇവിടെ നിന്ന് കയറ്റി അയക്കുന്നത്.
യൂറോപ്പിലേക്ക് റോസാപ്പൂക്കള്‍ കയറ്റുമതി ചെയ്യുന്ന പ്രധാന സ്ഥാപനമാണ് മധഗൊണ്ടപള്ളിയില്‍ സ്ഥിതി ചെയ്യുന്ന ടാന്‍ഫ്‌ളോറ ഇന്‍ഫ്രാസ്ട്രക്ചര്‍ പാര്‍ക്ക്.

റോഡ് മാര്‍ഗം: ബംഗളുരുവില്‍ നിന്ന് ടാക്‌സി വിളിച്ചോ,ബസ് മാര്‍ഗമോ ഹൊസൂരില്‍ എത്തിച്ചേരാം. നിരവധി ബസുകള്‍ക്ക് റൂട്ടുണ്ട്.