ഒരു കുളം കുത്തിയ കഥ അഥവാ കേരളത്തിന്റെ ജാതി ചരിത്രത്തില്‍നിന്നും വിട്ടുപോയ ഒരേട്
ഹരികൃഷ്ണ ബി

കേരളത്തിന്റെ സാമൂഹിക നവോധാന ചരിത്രത്തില്‍ അധികമാരും ഓര്‍ക്കാന്‍ ഇടയില്ലാത്ത ഒരു സ്ഥാനമാണ് വടകരയിലെ പുതുപ്പണത്തുള്ള മണല്‍താഴകുളത്തിനുള്ളത്. പുതുപ്പണം രാമോട്ടി എന്ന വാഗ്ഭടാനന്ദ ശിഷ്യന്‍ തനിക്ക് ചുറ്റും നിലനിന്നിരുന്ന ജാതിവിവേചനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന്റെ ഫലമാണ് ഈ കുളം. തീയ്യ ജാതിയില്‍പ്പെട്ട രാമോട്ടി സമ്പന്നനായിരുന്നു.

വാഗ്ഭടാനന്ദന്റെ നേതൃത്വത്തിലുള്ള “ആത്മവിദ്യാസംഘം” ഈ സമയത്താണ് വടകരയില്‍ നിലവില്‍ വരുന്നത്. ആയിരത്തി തൊള്ളായിരത്തി മുപ്പതില്‍. രാമോട്ടിയുമായി ഉണ്ടായിരുന്ന അടുപ്പം ഭാഗ്ഭടനെ ഈ കുളത്തിലേക്ക് ആകര്‍ഷിച്ചു. തന്റെ പ്രഭാഷണങ്ങളും മറ്റും ഈ കുളത്തിന്റെ കരയില്‍ വെച്ചാണ് അദ്ദേഹം നടത്തിയത്. കുളത്തില്‍ കുളിച്ച് അത് ഉത്ഘാടനം ചെയ്യുന്നത് ചെറുമക്കള്‍ ആയിരിക്കണം എന്ന് വാഗ്ഭടന്‍ നിര്‍ദ്ദേശിച്ചു. സന്തോഷപൂര്‍വം രാമോട്ടി അത് സമ്മതിച്ചു. അങ്ങനെ കാലക്രമേണ അവര്‍ണ്ണര്‍ മാത്രം എന്നത് മാറി, നാനാജാതിമതത്തില്‍ പെട്ട ആള്‍ക്കാരും കുളം ഉപയോഗിക്കാന്‍ തുടങ്ങി.

പിന്നീടാണ് കുളത്തിലും അത് നില്‍ക്കുന്ന സ്ഥലത്തും അവകാശമുന്നയിച്ചുകൊണ്ട് കൊറുമ്പന്‍ എന്നൊരാള്‍ വരുന്നത്. രാമോട്ടി കുളം നിര്‍മ്മിച്ചത് കൊറുമ്പന്റെ സ്ഥലത്തായിരുന്നു. തലശേരി കോടതിയില്‍ കേസ് നടന്നു. അവസാനം കോടതിവിധിയനുസ്സരിച്ച് സ്ഥലവും അതിലുള്ള കുളവും കൊറുമ്പന്റെ പേരിലേക്ക് വന്നു. വിധിയനുസരിച്ച് കുളം നികത്താനുള്ള അവകാശം കൊറുമ്പനുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അതിനു തയാറായില്ല. സമൂഹത്തിന്റെ നന്മയ്ക്കും ജാതിചിന്ത ഇലാതാക്കാനുമായി നിര്‍മ്മിച്ച കുളം നശിപ്പിക്കുന്നത് ശരിയല്ല എന്നദ്ദേഹം ചിന്തിച്ചു.

പക്ഷെ, കുളം തന്റെ കയ്യില്‍ ഇരിക്കുന്നതിനേക്കാള്‍ നല്ലത്, കുളം പരിപാലിക്കാനും അത്‌പോലെ തന്നെ നിലനിര്‍ത്താനും കഴിയുന്ന ഒരാളുടെ കയ്യില്‍ എത്തിച്ചേരുന്നതാകും എന്ന് കൊറുമ്പന് തോന്നി. അങ്ങനെയാണ് നാല്പതുകളുടെ തുടക്കത്തില്‍ കുളം പുതുപ്പണത്തുള്ള ഭജനമഠത്തിനു കൈമാറാന്‍ തീരുമാനിക്കന്നത്. ഭജനമഠം കുളത്തിന്റെ ചരിത്രം മനസിലാക്കി കുളത്തിലെ മാലിന്യങ്ങളും മറ്റും നീക്കം ചെയ്യുകയും, കുളം മലിനമാക്കാന്‍ പാടില്ല എന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. ഇപ്പോഴും വര്‍ഷങ്ങളുടെ ചരിത്രമുറങ്ങിക്കിടക്കുന്ന ഈ കുളം നിരവധി പേര്‍ കുളിക്കാനായും മറ്റുമായി ഇപ്പോഴും ഉപയോഗിക്കുന്നു.

ഹരികൃഷ്ണ ബി
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ, വീഡിയോഗ്രാഫിയില്‍ പരിശീലനം നേടി, ഏഷ്യാനെറ്റ് ന്യൂസില്‍ രണ്ടുവര്‍ഷം ക്യാമറാമാനായി പ്രവര്‍ത്തിച്ചു, നിലവില്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍