രാജിവെച്ചവരെ ഒരു കാലത്തും അംഗമായി പരിഗണിക്കില്ലെന്ന് എ.എം.എ.എ; അംഗത്വം വേണ്ടവര്‍ വീണ്ടും അപേക്ഷിക്കണം; പ്രതികരണങ്ങള്‍ക്കും വിലക്ക്
Kerala
രാജിവെച്ചവരെ ഒരു കാലത്തും അംഗമായി പരിഗണിക്കില്ലെന്ന് എ.എം.എ.എ; അംഗത്വം വേണ്ടവര്‍ വീണ്ടും അപേക്ഷിക്കണം; പ്രതികരണങ്ങള്‍ക്കും വിലക്ക്
ന്യൂസ് ഡെസ്‌ക്
Wednesday, 26th June 2019, 3:15 pm

തിരുവനന്തപുരം: എ.എം.എം.എയില്‍ അംഗത്വം വേണ്ടവര്‍ വീണ്ടും അപേക്ഷ നല്‍കണമെന്ന് സംഘടന. രാജിവെച്ച നടിമാരുടെ തിരിച്ചുവരവ് എളുപ്പമാകില്ലെന്നും രാജി വെച്ചവര്‍ അപേക്ഷ നല്‍കിയാല്‍ മാത്രം പരിഗണിക്കുമെന്നും സംഘടന പറഞ്ഞു.

രാജിക്കത്ത് നല്‍കിയവരെ ഒരുകാലത്തും അംഗമായി പരിഗണിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്. സംഘടനയുടെ പുതിയ ഭരണഘടന ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മാധ്യമങ്ങള്‍ വഴിയുള്ള പ്രതികരണങ്ങള്‍ക്കും എ.എം.എം.എ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങൡലാ സോഷ്യല്‍ മീഡിയയിലോ സംഘടനയെ വിമര്‍ശിക്കരുതെന്നാണ് എ.എം.എം.എ മുന്നറിയിപ്പ് നല്‍കുന്നത്.

വിമര്‍ശനങ്ങളെ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും ഭരണഘടനാ ഭേദഗതിയില്‍ പറയുന്നു.

സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്നും സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം ഇനിമുതല്‍ വനിതകള്‍ക്കായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍വാഹക സമിതിയിലും കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്താനാണ് പുതിയ തീരുമാനം. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ വനിതകളുടെ എണ്ണം നാലായി നിജപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ജനറല്‍ ബോഡിയില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്നാണ് അറിയുന്നത്.

നേരത്തെ ഡബ്ല്യു.സി.സി അടക്കം എ.എം.എം.എയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് ഭരണഘടനാ ഭേദഗതിയ്ക്കായി എ.എം.എം.എ ഒരുങ്ങുന്നത്. ഭേദഗതികള്‍ അടുത്ത വാര്‍ഷിക ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കാനാണ് നീക്കം.

എ.എം.എം.എയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം വേണമെന്ന് ചൂണ്ടിക്കാട്ടി നടിമാരായ പാര്‍വതി, രേവതി, രമ്യാ നമ്പീശന്‍ തുടങ്ങിയവര്‍ രംഗത്തുവന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ എ.എം.എം.എ നേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.