എഡിറ്റര്‍
എഡിറ്റര്‍
തലവെട്ടാന്‍ ആളില്ല; സൗദിയില്‍ ഇനി വെടിവെച്ചുകൊല്ലല്‍
എഡിറ്റര്‍
Tuesday 12th March 2013 8:45am

റിയാദ്: ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് തലവെട്ടി ശിക്ഷ നടപ്പാക്കുന്ന ലോകത്തിലെ ഏക രാജ്യമായ സൗദി അറേബ്യ ശിക്ഷയില്‍ ഭേദഗതി വരുത്തുന്നു. തലവെട്ടാന്‍ ആളെ ലഭിക്കാത്തതാണ് നിയമം പരിഷ്‌കരിക്കാന്‍ സൗദി ഭരണകൂടത്തെ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

Ads By Google

പരസ്യമായി തലവെട്ടുന്നതിന് പകരമായി ഇനി വെടിവെച്ച് കൊല്ലാനാണ് തീരുമാനം. പുതിയ തീരുമാനത്തിന് സൗദി ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയെന്നാണ് അറിയുന്നത്.

വെടിവെച്ച് കൊല്ലുന്നതിനായി സൈനിക സംഘത്തെ ഉപയോഗിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന്കടത്ത്, സായുധകവര്‍ച്ച എന്നീ കുറ്റങ്ങള്‍ക്കാണ് രാജ്യത്ത് വധശിക്ഷ നല്‍കുന്നത്.

പ്രത്യേക ക്രിമിനല്‍ നിയമ വ്യവസ്ഥ നിലവിലില്ലാത്ത രാജ്യമായ സൗദി അറേബ്യയില്‍ ഇസ്‌ലാം മതഗ്രന്ഥമായ ഖുര്‍ആന്‍ വിധി പ്രകാരമാണ് ശിക്ഷ നടപ്പാക്കുന്നത്.

പ്രത്യേക ക്രിമിനല്‍ നിയമ വ്യവസ്ഥ നിലവിലില്ലാത്ത രാജ്യമായ സൗദി അറേബ്യയില്‍ ഇസ്‌ലാം മതഗ്രന്ഥമായ ഖുര്‍ആന്‍ വിധി പ്രകാരമാണ് ശിക്ഷ നടപ്പാക്കുന്നത്. പുതിയ ശിക്ഷാ വിധിക്കായി പ്രത്യേക സ്‌ക്വഡുകളെ നിയമിക്കാന്‍ പ്രവിശ്യാ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞതായും അറിയുന്നു.

ഈ വര്‍ഷം ഇതുവരെയായി പതിനെട്ട് പേര്‍ക്കാണ് വധശിക്ഷ നടപ്പാക്കിയത്. കഴിഞ്ഞ വര്‍ഷം 150 പേര്‍ക്കെതിരെ ശിക്ഷ നടപ്പാക്കി. കഴിഞ്ഞ തിങ്കളാഴ്ച്ചയും ഇത്തരത്തില്‍ തലവെട്ടി ശിക്ഷ നടപ്പാക്കിയിരുന്നു.

സൗദി പൗരനായ അബ്ദുള്‍ മുഹസന്‍ ബിന്‍ ഒത്താമനെ കുത്തിക്കൊന്ന കുറ്റത്തിനാണ് ഖാലിദ് ബിന്‍ ഹമദ് എന്നയാളെ തിങ്കളാഴ്ച തലവെട്ടിക്കൊന്നത്.

സൗദിയില്‍ വധശിക്ഷാ നിയമം പരിഷ്‌കരിക്കുന്നതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് അറബ് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. തലവെട്ടാന്‍ ആളെ ലഭിക്കാത്തതാണ് ശിക്ഷ പരിഷ്‌കരിക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നതെന്നും പത്രങ്ങള്‍ പറയുന്നു.

ശിക്ഷ നടപ്പാക്കാന്‍ ആരാച്ചാര്‍ വൈകിയെത്തുന്നതും പരിഷ്‌കരണത്തിന് കാരണമാണെന്നാണ് അറിയുന്നത്. പുതിയ ഭേദഗതി ഇസ്‌ലാമിക നിയമത്തിന് എതിരാകുമോ എന്ന വാദവും  നിലവിലുണ്ട്.

സൗദിയുടെ ശിക്ഷാ നടപടിക്കെതിരെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ നേരത്തേ രംഗത്തെത്തിയിരുന്നു. ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പുറത്ത് വിട്ട കണക്ക് പ്രകാരം 2012 ല്‍ 69 പേര്‍ക്കാണ് സൗദി വധശിക്ഷ നല്‍കിയത്.

സൗദിയില്‍ പ്രത്യേക ശിക്ഷാ നിയമം ഇല്ലാത്തതിനാല്‍ അഭിഭാഷകരും വിധികര്‍ത്താക്കളും വ്യാപകമായി വധശിക്ഷയെ പ്രോത്സാഹിപ്പിക്കുന്നതായും ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ആരോപിച്ചിരുന്നു.

സൗദിയിലെ ശിക്ഷാ നടപടികളെ കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും സജീവമായത് ശ്രീലങ്കന്‍ യുവതിയായ റിസാന നഫീസയുടെ വധശിക്ഷയെ തുടര്‍ന്നാണ്.താന്‍ ജോലി ചെയ്യുന്ന വീട്ടിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കുറ്റാരോപണത്തെ തുടര്‍ന്നായിരുന്നു റിസാനയ്ക്ക് സൗദി ഗവണ്‍മെന്റ് വധശിക്ഷ നടപ്പാക്കിയത്.

2005ലാണ് റിസാന സൗദിയില്‍ എത്തുന്നത്. അന്ന് പതിനേഴ് വയസ്സുണ്ടായിരുന്ന റിസാന കൊലപാതകത്തെ തുടര്‍ന്ന് ഏഴ് വര്‍ഷത്തോളം സൗദിയില്‍ തടവിലായിരുന്നു. ഇതിന് ശേഷമായിരുന്നു വധശിക്ഷ.

അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാതെ സൗദി വിദേശ പൗരന്റെ വധശിക്ഷ രാജ്യാന്തരതലത്തില്‍  ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ സൗദി പ്രതിക്കൂട്ടിലായ സംഭവം കൂടിയായിരുന്നു ഇത്.

Sri Lankan Maids Become Victims in Saudi Arabia

Advertisement