എഡിറ്റര്‍
എഡിറ്റര്‍
ജനദുരിതം വര്‍ധിപ്പിക്കുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്നു; വിലവര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ പ്രക്ഷോഭമെന്നും ആന്റണി.
എഡിറ്റര്‍
Thursday 2nd March 2017 1:02pm

ന്യൂദല്‍ഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ച് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി.

അവശ്യ സാധനങ്ങളുടെ വിലവര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ പ്രക്ഷോഭമെന്ന് എ.കെ ആന്റണി. അടിക്കടി പാചകവാതകത്തിന്റെ വിലവര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ പിടിച്ചുപറി നടത്തുകയാണ്. ജനദുരിതം വര്‍ധിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം സംസ്ഥാന സര്‍ക്കാരും മല്‍സരിക്കുകയാണെന്നും ആന്റണി കുറ്റപ്പെടുത്തി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി അന്തിമ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനവും മത്സരിക്കുകയാണ്. സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. എല്‍പിജി സിലിണ്ടറിന് ഒറ്റയടിക്ക് 90 രൂപ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഉടന്‍ പിന്‍വലിക്കണം. ഇത്രയധികം തുക ഒറ്റയടിക്ക് വര്‍ധിപ്പിച്ചാല്‍ അടുക്കളയില്‍ തീ പുകയില്ലെന്നും എങ്ങനെ ആളുകള്‍ സിലിണ്ടര്‍ വാങ്ങുമെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തില്‍ അരിവില സര്‍വകാല റിക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരം നേടിയവര്‍ വില നിയന്ത്രിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും എ.കെ.ആന്റണി കുറ്റപ്പെടുത്തി.


Dont Miss ജിഷ്ണുവിന്റെ മരണം: കൃഷ്ണദാസിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം; സര്‍ക്കാരിന്റെ വാദങ്ങള്‍ ഹൈക്കോടതി തള്ളി 


കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി കേരളം മറുപടി റിപ്പോര്‍ട്ടും നിലപാടും അറിയിച്ചിട്ടും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിനെതിരെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

കേരളം നടപടികള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കാമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തമിഴ്‌നാട് മറുപടി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി മാര്‍ച്ച് നാലിനു കാലാവധി അവസാനിക്കുന്ന കരട് വിജ്ഞാപനത്തിനു പകരം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കം.

Advertisement