കള്ളം പറഞ്ഞ് ആരും അവധിയെടുക്കണ്ട; മണി ഹീസ്റ്റ് ആദ്യ ദിവസം കാണാന്‍ ജീവനക്കാര്‍ക്ക് അവധി നല്‍കി ഇന്ത്യന്‍ കമ്പനി
Entertainment news
കള്ളം പറഞ്ഞ് ആരും അവധിയെടുക്കണ്ട; മണി ഹീസ്റ്റ് ആദ്യ ദിവസം കാണാന്‍ ജീവനക്കാര്‍ക്ക് അവധി നല്‍കി ഇന്ത്യന്‍ കമ്പനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 31st August 2021, 10:46 pm

ജയ്പൂര്‍: മണി ഹീസ്റ്റിന്റെ അഞ്ചാം സീസണ്‍ പുറത്തിറങ്ങുന്ന സെപ്തംബര്‍ 3ന് ജീവനക്കാര്‍ക്ക് ‘നെറ്റ്ഫ്‌ളിക്‌സ് ആന്റ് ചില്‍ ഹോളിഡേ’ നല്‍കി ജയ്പൂര്‍ കമ്പനി വെര്‍വ് ലോജിക്. കമ്പനിയിലെ മുഴുവന്‍ മണി ഹീസ്റ്റ് ആരാധകര്‍ക്കും അഞ്ചാം സീസണ്‍ കാണുന്നതിനായാണ് അവധി നല്‍കുന്നതെന്ന് കമ്പനി അറിയിച്ചു.

‘മണി ഹീസ്റ്റിന്റെ അഞ്ചാം സീസണ്‍ പുറത്തിറങ്ങുന്ന സെപ്തംബര്‍ 3ാം തീയതി നിങ്ങള്‍ക്കെല്ലാം അവധി നല്‍കുവാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുകയാണ്. അന്നേ ദിവസം കള്ളം പറഞ്ഞ് നിങ്ങളെല്ലാം അവധിയെടുക്കാന്‍ സാധ്യതയുള്ളതിനാലാണ് മാനേജ്‌മെന്റ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്. ആഘോഷിക്കാനുള്ള ഇത്തരം അവസരങ്ങളാവും കൂടുതല്‍ നന്നായി ജോലി ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്നത്,’ എന്നാണ് വെര്‍വ് ലോജിക് ജീവനക്കാര്‍ക്ക് നല്‍കിയ അറിയിപ്പില്‍ പറയുന്നത്.

വര്‍ക്ക് ഫ്രം ഹോമില്‍ കാണിച്ച ഉത്സാഹത്തിന് ജീവനക്കാര്‍ക്ക് നന്ദി പറയുകയാണെന്നും ഇടയ്ക്ക് ഒരു ബ്രേക്ക് ആവശ്യമാണ് എന്നാണ് കമ്പനിയുടെ സി.ഇ.ഒ അഭിഷേക് ജൈന്‍ പറഞ്ഞത്.

മണി ഹീസ്റ്റിലെ ഏറെ പ്രശസ്തമായ ‘ബെല്ലാ ചാവോ’ പാടിയാണ് ജീവനക്കാര്‍ക്കുള്ള അറിയിപ്പ് ജൈന്‍ അവസാനിപ്പിച്ചത്. ഇതുകൂടാതെ മണി ഹീസ്റ്റ് മാസ്‌ക് പശ്ചാത്തലമാക്കി ഒരു വര്‍ക്ക് ഫ്രം ഹോം ടാസ്‌ക് ലിസ്റ്റും ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.

വെര്‍വ് ലോജിക്കിന്റെ ഈ തീരുമാനത്തെ കയ്യടികളോടെയാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. എനിക്കും ആ കമ്പനിയില്‍ ജോലി വേണം, എന്നാണാവോ എന്റെ കമ്പനിയും ഇങ്ങെനയൊക്കെയാവുക തുടങ്ങി ഒട്ടേറെ പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.

അതേസമയം മണി ഹീസ്റ്റിന്റെ അവസാന ഭാഗങ്ങള്‍ക്കായുള്ള കാത്തിരിപ്പ് അവസാനിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. രണ്ട് സീസണുകളായാണ് അവസാന ഭാഗം ഒരുങ്ങുന്നത്. ആഗസ്റ്റ് രണ്ടിനായിരുന്നു അഞ്ചാം സീസണിന്റെ ആദ്യ ഭാഗത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നത്.

2017 മെയ് മാസത്തില്‍ സ്പാനിഷ് ടി.വി ചാനലായ ആന്റിന 3 എന്ന ചാനലിലാണ് ലാ കാസ ദെ പാപെല്‍ എന്ന മണിഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. തുടക്കത്തില്‍ ടെലിവിഷനില്‍ സീരീസ് ജനശ്രദ്ധ നേടിയിരുന്നു

എന്നാല്‍ ആദ്യ സീസണിനു ശേഷം സ്‌പെയിനില്‍ മണി ഹീസ്റ്റിന്റെ ജനപ്രീതി ഇടിഞ്ഞു. സീരീസ് ഒരു പരാജയമായി അണിയറ പ്രവര്‍ത്തകര്‍ കണക്കാക്കിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് നെറ്റ്ഫ്‌ളിക്‌സിന്റെ അപ്രതീക്ഷിത വരവ്. തുടര്‍ന്ന് സീരീസിനെ നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്തു.

രണ്ടു സീസണുകളിലായി 15 എപ്പിസോഡുകളാണ് സ്‌പെയിന്‍ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്നത്. നെറ്റ്ഫ്‌ളിക്സ് ഇതേറ്റെടുത്തപ്പോള്‍ ഇത് 22 ചെറിയ എപ്പിസോഡുകളാക്കി ചുരുക്കിയാണ് സ്ട്രീം ചെയ്തത്. പിന്നാലെയാണ് മണി ഹീസ്റ്റ് ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നത്. മൂന്നും നാലും സീസണ്‍ നെറ്റ്ഫ്ളിക്സ് ഒറിജിനലായാണ് ഇറങ്ങിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: A Jaipur-based company named VerveLogic has declared a ‘Money Heist’ holiday on September 3