'ഗോട്ടിനെ കാണാൻ ഒറിജിനൽ ഗോട്ടുമായി ആരാധകൻ' വീഡിയോ വൈറൽ
Football
'ഗോട്ടിനെ കാണാൻ ഒറിജിനൽ ഗോട്ടുമായി ആരാധകൻ' വീഡിയോ വൈറൽ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th September 2023, 1:05 pm

ഇന്റർ മയാമി സൂപ്പർ താരം മെസിയുടെ കളി കാണുന്ന ഒരു ആരാധകന്റെ രസകരമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്.

മെസിയുടെ കളി കാണാൻ ആടിനെ കയ്യിൽ പിടിച്ചുനിൽക്കുന്ന ആരാധകന്റെ വീഡിയോ വൈറലായിരിക്കുന്നത്. സമൂഹ മാധ്യമമായ റെഡ്ഡിറ്റിലൂടെയാണ് വീഡിയോ പുറത്തു വന്നത്.

2023 ഓഗസ്റ്റ് 19 ന് മേജർ ലീഗ് സോക്കർ ലീഗ് കപ്പ് ഫൈനലിൽ ഇന്റർ മയാമി നാഷ്‌വില്ലെ മത്സരത്തിലാണ് ഈ രസകരമായ സംഭവം നടന്നത്.

വീഡിയോയിൽ ഒരു ആരാധകൻ ടി.വിക്ക് മുന്നിൽ ആടിനെ പിടിച്ച് കളി വീക്ഷിക്കുന്നതാണ് കാണിക്കുന്നത്.

 

മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞപ്പോൾ മത്സരം പെനാൽറ്റിയിലേക്ക് കടക്കുകയായിരുന്നു. ഇന്റർ മയാമിക്ക് വേണ്ടി ആദ്യത്തെ കിക്ക്‌ എടുക്കുന്ന മെസിയുടെ ദൃശ്യമായിരുന്നു ആരാധകൻ ടെലിവിഷനിലൂടെ കണ്ടത്.

‘ടി.വിയിലുള്ള ആടിനെ മറ്റേ ആടിന് തിരിച്ചറിയാൻ കഴിയുന്നുണ്ടോ അതോ ഒരു വിഷ്വൽ ഫ്രെയിം മാറ്റിമറിക്കുന്ന സാഹചര്യം ഉണ്ടാവുമോ എന്ന് നോക്കാനാണെന്നും’ ആരാധകൻ ഈ സംഭവത്തിൽ രസകരമായി പ്രതികരിച്ചു.

മത്സരത്തിൽ നാഷ്‌വില്ലയെ പെനാൽറ്റിയിൽ 10 -9 ന് തോൽപ്പിച്ചുകൊണ്ട് ഇന്റർ മയാമി കിരീടം നേടുകയും ചെയ്തു. സൂപ്പർ താരത്തിന്റെ വരവോടു കൂടി മികച്ച പ്രകടനമാണ് ഇന്റർ മയമി കാഴ്ചവെക്കുന്നത്.

പത്ത്‌ മത്സരങ്ങളിൽ നിന്നും 11 ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്.

 

സെപ്റ്റംബർ 17 ന് അത്‌ലാൻഡ യൂണൈറ്റഡിനെതിരെയാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം.

Content Highlight: A fan holding a goat in front of the TV to watch Messi play. The video viral