ആ ചങ്കുറപ്പ് പ്രിയപ്പെട്ടതാണെങ്കിലും 'വര്‍ത്തമാന'ത്തിനോടുള്ള 5 വിയോജിപ്പുകള്‍ | പി. ജിംഷാര്‍
Opinion
ആ ചങ്കുറപ്പ് പ്രിയപ്പെട്ടതാണെങ്കിലും 'വര്‍ത്തമാന'ത്തിനോടുള്ള 5 വിയോജിപ്പുകള്‍ | പി. ജിംഷാര്‍
പി. ജിംഷാര്‍
Sunday, 14th March 2021, 5:09 pm

എല്ലാ രാജ്യത്തിലും ഒന്നാംകിട പൗരന്മാരും
രണ്ടാംകിട പൗരന്മാരും ഇല്ലാതാകുന്നത് വരെ
ഒരാളുടെ തൊലിയുടെ നിറം
അയാളുടെ കണ്ണിന്റെ നിറത്തോളം
പ്രാധാന്യം ഇല്ലാതാകുന്നത് വരെ
ഞാന്‍ പറയുന്നൂ, യുദ്ധം!……
-ബോബ് മാര്‍ലി-

റെഗേ സംഗീതത്തിലൂടെ ലോകം മുഴുവന്‍ വിപ്ലവം വിതച്ച ബോബ് മാര്‍ലിയുടെ വാചകങ്ങളുടെ ആകെത്തുകയാണ്, ഫൈസ സൂഫിയ എന്ന മുസ്‌ലിം യുവതിയുടെ വര്‍ത്തമാനകാല അനുഭവങ്ങള്‍. ഫൈസ സൂഫിയ അല്ലാതെ മറ്റൊരാളും തിയേറ്ററില്‍ നിന്നും പ്രേക്ഷകരുടെ കൂടെ ഇറങ്ങി വരില്ലെന്നത്, അഭിനേത്രിയെന്ന നിലയില്‍ പാര്‍വതി തിരുവോത്തിന്റെ മികവും മിടുക്കുമാണ്. എന്നാല്‍ അതുതന്നെയാണ്, വര്‍ത്തമാനം എന്ന ചലച്ചിത്രത്തിന്റെ പരിമിതിയും.

തികഞ്ഞ രാഷ്ട്രീയ ചിത്രമായതിനാല്‍, സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത വര്‍ത്തമാനം സിനിമയോട് രാഷ്ട്രീയപരമായ വിയോജിപ്പുകളുണ്ട്. അവ താഴെ കുറിക്കുന്നു;

1. ദേശീയത തെളിയിക്കേണ്ടത് മുസ്‌ലിങ്ങളുടെ കാലാകാലങ്ങളായുള്ള ബാധ്യതയായാണ്, സകല കാലവും മുഖ്യധാര സിനിമകള്‍ പുലര്‍ത്തി പോന്നിരുന്നത്. ‘മേജര്‍ രവി, ഷാജി കൈലാസ് ‘ സിനിമകളിലെ ദേശീയത തെളിയിക്കാനെത്തുന്ന ഇന്ത്യന്‍ മുസ്‌ലിമിന്റെ തുടര്‍ച്ച തന്നെയാണ് ഫൈസ സൂഫിയയുടെ പശ്ചാത്തലവും.

സ്വാതന്ത്ര സമര സേനാനിയായിരുന്ന ഉപ്പൂപ്പയുടെ പാരമ്പര്യം പേറുന്ന ഫൈസ സൂഫിയ സംഘപരിവാര്‍ നരേറ്റീവുകളുടെ തുടര്‍ച്ചയായ നല്ല മുസ്‌ലിം ബൈനറിയ്ക്ക് അകത്ത് തന്നെയാണ് വരുന്നത്. ഈയൊരു പാത്രവല്‍ക്കരണം, സാംസ്‌ക്കാരികമായൊരു പ്രിവിലേജ് പൊസിഷന്‍ ഫൈസ സൂഫിയയ്ക്ക് നല്‍കുന്നു.

പാരമ്പര്യത്തിന്റെ ഭൂതകാല കുളിരില്‍ മുങ്ങിയവരല്ല, NRC – CAA പ്രക്ഷോഭ കാലത്ത് ജയിലിലായ സഫൂറയും ഷെര്‍ജീല്‍ ഇമാമുമൊന്നും. ദേശീയതയുടെ ഈ പാരമ്പര്യത്തില്‍ അഭിരമിക്കാത്ത കൂലിവേലക്കാരും വിദ്യാര്‍ത്ഥികളും വേട്ടയാടപ്പെടുമ്പോള്‍, ആസിഫയും അഹ്‌ലാഖും
മുസ്‌ലിമായതിന്റെ പേരില്‍ മാത്രം സംഘപരിവാറിനാല്‍ കൊല്ലപ്പെടുമ്പോള്‍, ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ സര്‍വ്വകലാശാലയ്ക്ക് അകത്തെ മുസ്‌ലിങ്ങളുടെ രാപ്പകലുകളെയാണ് വര്‍ത്തമാനം പകര്‍ത്തിയിട്ടുള്ളത്.

വംശഹത്യയ്ക്ക് ഇരയായി കൊണ്ടിരിക്കുന്ന, മുസ്‌ലിം ദളിത് അതിജീവനങ്ങളെ കുറച്ചു കാണുന്നു, എന്നത് തന്നെയാണ് വര്‍ത്തമാനത്തോടുള്ള വിമര്‍ശനം. ആഴത്തില്‍ ആവിഷ്‌ക്കരിക്കേണ്ട വിഷയം ഉപരിപ്ലവമായി കൊണ്ടാടപ്പെട്ടു എന്ന് ചുരുക്കും.

2. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡറിന് വിധേയനായ രോഹിത് വെമുലയെ അനുസ്മരിക്കുന്ന കഥാപാത്രം വര്‍ത്തമാനം സിനിമയിലെ ജെ.എന്‍.യു ക്യാമ്പസില്‍ ഉണ്ട്. എന്നാല്‍ സംഘപരിവാര്‍ തീവ്രവാദികളാല്‍ ക്യാമ്പസില്‍ നിന്നും കാണാതായ നജീബിനെ കുറിച്ച് കുറ്റകരമായ മൗനം തുടരുന്നു.

3. 1992-93 കാലഘട്ടത്തില്‍ ഇന്ത്യയില്‍ സംഘപരിവാര്‍ തീവ്രവാദം ശക്തമായ കാലത്ത് ഇസ്‌ലാമിക തീവ്രവാദത്തെ വിമര്‍ശിച്ച് തിരക്കഥ എഴുതിയ ആര്യാടന്‍ ഷൗക്കത്തും, ബീഫ് രാഷ്ട്രീയത്തിന് സംഘപരിവാര്‍ അനുകൂല പ്രത്യയശാസ്ത്ര നിലപാട് എടുക്കുന്ന ഐന്‍ എന്ന സിനിമയുടെ സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവയും പാര്‍വതിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന സിനിമ എങ്ങനെയിരിക്കും ? എന്ന കൗതുകം തന്നെയാണ് വര്‍ത്തമാനത്തിന്റെ രാഷ്ട്രീയത്തെ ഇത്രമേല്‍ ഗൗരവമായി സമീപിക്കാനുള്ള കാരണം.

മാസ്റ്റര്‍പീസ് എന്ന മമ്മൂട്ടി സിനിമയിലെ റിയല്‍ ഫൈറ്റേഴ്സും റോയല്‍ ചലഞ്ചേഴ്സും തമ്മിലുള്ള ഗ്യാങ് ഫൈറ്റുപോലെയാണ്, ഫാസിസ്റ്റുവല്‍ക്കരിക്കപ്പെട്ട അക്കാദമിക പരിസരത്തെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. എത്രമേല്‍ ശക്തിപ്പെട്ടാലും വരാനിരിക്കുന്ന കാലങ്ങളിലൊന്നും ഭരണഘടനയ്ക്കോ സിസ്റ്റത്തിനൊ ഭീഷണിയാവാത്ത മുസ്‌ലിം തീവ്രവാദത്തെ ഹിന്ദുത്വരാഷ്ട്രവാദത്തിന് സമമായി ചിത്രീകരിക്കുന്നു.

ഹിന്ദുത്വം = മുസ്‌ലിം തീവ്രവാദം, എന്ന സമകാക്യം സംഘപരിവാര്‍ വയലന്‍സുകളെ ലഘൂകരിക്കുന്നു. മലേഗാവ് സ്ഫോടനം അടക്കം രാജ്യത്ത് നടന്ന പല സ്ഫോടനങ്ങളും ഹിന്ദുത്വ തീവ്രവാദത്തിന്റെ വംശഹത്യ പ്ലാനുകളായിരുന്നെന്നിരിക്കേ, ഈ സമീകരണം രാഷ്ട്രീയമായി വര്‍ത്തമാനത്തെ ദുര്‍ബലപ്പെടുത്തുന്നു.

4. ഗജേന്ദ്ര ചൗഹാനെ പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി വാഴിക്കുന്ന കൂട്ടത്തില്‍, ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ മാനവവിഭവ ശേഷി മന്ത്രാലയം ഇടപെട്ടിരുന്നു. ആ ഇടപെടലിനെ രാഷ്ട്രീയമായി പ്രതിരോധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി, അംബേദ്ക്കര്‍ സ്റ്റുഡന്‍സ് മൂവ്മെന്റ് നടത്തിയ സമരങ്ങളുടെ പരിണിത ഫലമായി സ്മൃതി ഇറാനിയുടെ മന്ത്രാലയത്തിന്റെ ഇടപെടലുകളാണ് രോഹിത് വെമുലയുടെ കൊലപാതകത്തിന് കാരണമായതെന്ന് പറയാനുള്ള ചങ്കൂറ്റമോ ഉള്‍ക്കാഴ്ചയോ വര്‍ത്തമാനം സിനിമയ്ക്ക് ഇല്ലാതെ പോയി. സര്‍വ്വകലാശാലയിലെ ഗ്യാങ് ഫൈറ്റുകളല്ല സമരങ്ങള്‍ എന്ന തിരിച്ചറിവ് സംവിധാത്തിലെവിടെയോ കൈമോശം വന്നിട്ടുണ്ട്.

5. മേക്കിങ്ങില്‍ സ്‌കൂള്‍ നാടകത്തിന്റെയും തെരുവ് നാടകത്തിന്റേയും ഭാഷ അനുഭവപ്പെട്ടു. ഒട്ടും സിനിമാറ്റിക്കോ റിയലിസ്റ്റിക്കോ അല്ലാത്ത സംഭാഷണങ്ങള്‍ സിനിമയ്ക്ക് കൃത്രിമത്വം നല്‍കുന്നുണ്ട്.

ഈ അഞ്ച് വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോളും തുല്‍സയേയും ഫൈസ സൂഫിയയേയും അമലിനേയും എനിക്ക് മനസിലാവുന്നുണ്ട്. അവരുടെ ജീവിതം എന്റേത് കൂടിയാണ്. വര്‍ത്തമാനകാല ഇന്ത്യയില്‍ മുസ്‌ലിമോ ദളിതോ ആയിരിക്കുക എന്നത് ഭരണകൂടത്തിന് കൊല്ലാനും ആത്മഹത്യ ചെയ്യിപ്പിക്കാനും ഭ്രാന്തനും കുറ്റവാളിയുമാക്കാനുമുള്ള വഴികളാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഘപരിവാര്‍ പിടിമുറുക്കിയതിന്റെ ലക്ഷണം കാണിച്ച, ബാബരി മസ്ജിദിന്റെ തകര്‍ച്ച മുതല്‍ മുസ്‌ലിങ്ങള്‍ക്കിടയിലുണ്ടായ അരക്ഷിതത്വം വളരെ വലുതാണ്. ആ അരക്ഷിതത്വത്തെ ഗൗരവത്തോടെ പ്രശ്നവല്‍ക്കരിക്കുന്നതില്‍ ചിത്രം പരാജയമാകുന്നു.

എങ്കിലും പേര് പോലെ തന്നെ വര്‍ത്തമാനകാല ഇന്ത്യയെ കുറിച്ചുള്ള പത്രവായനയുടെ സാധ്യത നല്‍കുന്നുണ്ട് സിനിമ. ഈയൊരു മേക്കിംഗ് സ്റ്റൈലിനെ സ്വാധീനിക്കും വിധം, സിനിമയുടെ ആത്മാവിനോട് ചേര്‍ന്നു നില്‍ക്കുന്നുണ്ട് ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിങ്. സിനിമയെന്ന കലയെ ഭരണകൂട വിമര്‍ശനത്തിന് ഉപയോഗിച്ച സിദ്ധാര്‍ത്ഥ ശിവയും ക്രൂവും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.

ആയിരത്തിത്തൊള്ളായിരത്തില്‍ ജനിച്ചു വീഴുകയും പുതിയ നൂറ്റാണ്ടില്‍ കൗമാരവും യൗവ്വനവും ചെലവഴിക്കേണ്ടി വന്ന സൈബര്‍കാല യുവത്വത്തിന്റെ രാഷ്ട്രീയ വ്യഥകള്‍ കൈകാര്യം ചെയ്ത എന്റെ എഡിറ്റിങ് നടക്കുന്ന ആകാശം എന്ന നോവലിലൂടെ നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്തിച്ച കാര്യങ്ങള്‍, ഇന്ന് സ്‌ക്രീനില്‍ കണ്ട സന്തോഷവും വിഷയങ്ങളോടുള്ള ഐക്യദാര്‍ഢ്യത്തേയും വര്‍ത്തമാനം സിനിമയെ പ്രിയപ്പെട്ടതാക്കുന്നു.

കലകാരന്മാര്‍ എന്ന നിലയില്‍ നിങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയോടും ഇടപെട്ട് സംസാരിക്കാനുള്ള ചങ്കുറപ്പിനോടുമുള്ള ഇഷ്ടം വര്‍ത്തമാനം എന്ന സിനിമയോട് ഉണ്ട്. അതിനാല്‍ തീര്‍ച്ചയായും ഏറെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാകുന്നുണ്ട്, വര്‍ത്തമാനം.

ആദ്യം അവരെത്തിയത്
ജൂതരെ തേടിയായിരുന്നു.
ഞാനവരോടൊന്നും മിണ്ടിയില്ല.
കാരണം ഞാനൊരു
ജൂതനല്ലായിരുന്നു.

പിന്നെയവര്‍,
പ്രൊട്ടസ്റ്റന്റുകാരെ തേടിവന്നു
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല.
കാരണം ഞാനൊരു
പ്രൊട്ടസ്റ്റന്റ് അല്ലായിരുന്നു.

പിന്നെയവര്‍
കമ്മ്യൂണിസ്റ്റുകാരെ തേടി വന്നു.
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല.
കാരണം ഞാനൊരു
കമ്മ്യൂണിസ്റ്റുകാരനല്ലായിരുന്നു.

ഒടുവിലവര്‍ എന്നെ തേടിവന്നു…
അപ്പോള്‍ എനിക്കുവേണ്ടി മിണ്ടാന്‍
ആരും അവശേഷിച്ചിരുന്നില്ല….

മാര്‍ട്ടിന്‍ നിമോളറുടെ വിശ്വപ്രസിദ്ധമായ ഈ കവിതയെ ഓര്‍മ്മപ്പെടുത്തി കൊണ്ട് ഗാന്ധിയില്‍ തുടങ്ങി ഗൗരി ലങ്കേഷും കഴിഞ്ഞ്, സിനിമയിലെ ഫൈസ സൂഫിയയില്‍ എത്തി നില്‍ക്കുന്ന ഇരകളുടെ നേര്‍ക്ക് ഭരണകൂടം വമിപ്പിക്കുന്ന വെറുപ്പ് കാഴ്ചക്കാരന് അനുഭവപ്പെടുന്നുണ്ട്. കാഴ്ചക്കാരന് ആ അര്‍ത്ഥത്തില്‍ രാഷ്ട്രീയ വിദ്യഭ്യാസം നല്‍കാന്‍ വര്‍ത്തമാനം എന്ന സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതു തന്നെയാണ് വര്‍ത്തമാനത്തിന്റെ പ്രസക്തിയും.

നിറയൊഴിക്കുന്നത് എന്റെ നേര്‍ക്കാണ്, വെടിയേറ്റ് വീഴുന്ന ഓരോ ശിരസും എന്റേത് കൂടിയാണ്. അയാള്‍ ഞാനാണ്, അവള്‍ ഞാനാണ്. നമ്മുടെ സ്വാതന്ത്രത്തിന്റെ ആകാശം ഭരണകൂടം എഡിറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ് വര്‍ത്തമാന കാലത്തില്‍ എന്ന ഓര്‍മ്മപ്പെടുത്തലും ജാഗ്രതയും നല്‍കുന്നു എന്ന ഒറ്റക്കാരണത്താല്‍ തന്നെ, ഇക്കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ ഇറങ്ങിയ മികച്ചൊരു രാഷ്ട്രീയ സിനിമ തന്നെയാണ് വിജോയിപ്പുകള്‍ക്കിടയിലും സിദ്ധാര്‍ത്ഥ ശിവയുടെ വര്‍ത്തമാനം എന്ന ചലച്ചിത്രം.