എഡിറ്റര്‍
എഡിറ്റര്‍
‘തോക്കിന് തോക്ക് കൊണ്ടാണ് മറുപടി’ യു.പിയില്‍ ഏറ്റുമുട്ടല്‍ കൊലകള്‍ വര്‍ധിക്കുന്നതിനെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്
എഡിറ്റര്‍
Sunday 17th September 2017 11:29am

ലക്‌നൗ: യു.പി പൊലീസിന് സര്‍വ്വ സ്വാതന്ത്ര്യവും നല്‍കുന്നതായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം. തോക്കിനെ തോക്കു കൊണ്ടുതന്നെ നേരിടാനാണ് പൊലീസിനോട് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടത്.

‘യു.പിയിലെ പൊലീസ് ഇനി തോക്കിനെ തോക്കുകൊണ്ട് നേരിടും. ക്രിമിനലുകളെ ഏറ്റവും അനുയോജ്യമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഞാന്‍ പൊലീസിന് എല്ലാ അധികാരവും നല്‍കുന്നു.’ എന്നാണ് അദ്ദേഹം പറഞ്ഞത്.

യു.പിയില്‍ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതിനു പിന്നാലെ കുറ്റകൃത്യങ്ങള്‍ വലിയ തോതില്‍വര്‍ധിച്ചെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മറുപടിയെന്ന നിലയിലാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.


Must Read: ‘ഇമ്മാതിരി സോഷ്യലിസ്റ്റ് സ്വപ്‌നങ്ങളുമായി ഇങ്ങോട്ടുവരേണ്ട’ പെട്രോള്‍ വിലവര്‍ധനവിനെ ന്യായീകരിച്ച കണ്ണന്താനത്തിന് ജോയ് മാത്യുവിന്റെ മറുപടി


യു.പിയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ 420 ഏറ്റുമുട്ടലുകളാണ് നടന്നതെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. വിവിധ ഏറ്റുമുട്ടലുകളിലായി പൊലീസ് 15 പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരെല്ലാം കുറ്റവാളികളാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത്തരം നിലപാടുകള്‍ വലിയ ആശങ്കയ്ക്കു വഴിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന് ഇവ തുടര്‍ന്നുവരാനുള്ള ഊര്‍ജ്ജം പകരുന്നതരത്തില്‍ യു.പി മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്.

ഇത്തരം ഏറ്റുമുട്ടലുകള്‍ വര്‍ധിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ടാണ് യോഗി ആദിത്യനാഥ് പൊലീസ് സര്‍വ്വ അധികാരവും നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചത്.

‘ഇത്രയും കര്‍ശനമായി ക്രിമിനലുകളെ നേരിടുന്നത് അവരെ ഭയപ്പെടുത്തും. പൊലീസിന് പൂര്‍ണ അധികാരം നല്‍കിയത് അവരുടെ ഉത്തവാദിത്വം വര്‍ധിപ്പിച്ചിട്ടുണ്ട്. അവര്‍ക്ക് രാഷ്ട്രീയ സ്വാധീനം ഭയക്കാതെ നന്നായി ജോലി ചെയ്യാന്‍ സാധിക്കുന്നു.’ യോഗി ആദിത്യനാഥ് പറഞ്ഞു.

സഹാരണ്‍പൂരിലെ കലാപം രണ്ടു ജാതികള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. ‘ ഞാന്‍ അധികാരത്തിലിരുന്ന ആറുമാസം ഒരു കലാപം പോലും ഇവിടെ നടന്നിട്ടില്ല. സഹാരണ്‍പൂരില്‍ നടന്നത് രണ്ടു ജാതിക്കാര്‍ തമ്മിലുള്ള സംഘര്‍ഷമാണ്. ഞാനവിടുത്തെ സ്ഥിതി പരിശോധിച്ചതാണ്.’ എന്നാണ് അദ്ദേഹം പറഞ്ഞത്.

Advertisement