ദല്‍ഹി യൂണിവേഴ്‌സിറ്റിലെ നിര്‍ബന്ധിത ഹിന്ദി പരീക്ഷ പിന്‍വലിക്കണം; കേന്ദ്രത്തിന് കത്തയച്ച് എ.എ. റഹീം
Nationl News
ദല്‍ഹി യൂണിവേഴ്‌സിറ്റിലെ നിര്‍ബന്ധിത ഹിന്ദി പരീക്ഷ പിന്‍വലിക്കണം; കേന്ദ്രത്തിന് കത്തയച്ച് എ.എ. റഹീം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th November 2022, 11:48 pm

ന്യൂദല്‍ഹി: ദല്‍ഹി യൂണിവേഴ്‌സിറ്റിലെ ഹിന്ദി നിര്‍ബന്ധിത പരീക്ഷ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ.എ. റഹീം എം.പി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രാധാന് കത്ത് നല്‍കി.

ഇത്തരം നിര്‍ബന്ധിത നീക്കങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നേടുന്നതില്‍ തടസമാകുമെന്നും മുന്‍പുണ്ടായിരുന്നതുപോലെ ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയുന്ന സംവിധാനം ഏര്‍പ്പെടുത്തണമെന്നും എ.എ. റഹീം കത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍വകലാശാലയിലെ ഇത്തരം നീക്കങ്ങള്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതും രാജ്യത്തിന്റെ വൈവിധ്യത്തെ അവഹേളിക്കുന്നതുമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന ഒരു സര്‍വകലാശാലയില്‍ ഇത്തരത്തിലുള്ള അടിച്ചേല്‍പ്പിക്കല്‍ രാജ്യത്തിന്റെ വൈവിധ്യങ്ങളെ നിരാകരിക്കുന്നതിന് തുല്യമാണെന്നും എ.എ. റഹീം പറഞ്ഞു.

‘ബിരുദം ലഭിക്കുന്നതിന് ഹിന്ദിയില്‍ നിര്‍ബന്ധിത പരീക്ഷ കൊണ്ടുവരുന്നത് തീര്‍ച്ചയായും അടിച്ചേല്‍പ്പിക്കലാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നയിടമാണ് ദല്‍ഹി യൂണിവേഴ്‌സിറ്റി.

നിര്‍ബന്ധിത നൈപുണ്യ കോഴ്സില്‍ നേരത്തെ ഇംഗ്ലീഷും മറ്റ് വിഷയങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹിന്ദിയും സംസ്‌കൃതവും മാത്രമാക്കി ചുരുക്കാനാണ് സര്‍വകലാശാല നീക്കം. ഇതിന് പിന്നില്‍ അജണ്ടയുണ്ടെന്ന് വ്യക്തമാണ്. വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നും,’ ധര്‍മേന്ദ്ര പ്രാധാനിനയച്ച കത്തില്‍ റഹീം പറഞ്ഞു.

അതേസമയം, 2018, 2019, 2020, 2021 വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ എല്ലാ ബിരുദ വിദ്യാര്‍ത്ഥികളും ഹിന്ദി പരീക്ഷക്ക് നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നാണ് ദല്‍ഹി സര്‍വകലാശാലയുടെ വിജ്ഞാപനം. നവംബര്‍ 11നാണ് വിജ്ഞാപനം പറുത്തുവന്നത്.