എട്ട് പേരുടെ നിപ പരിശോധനാഫലങ്ങള്‍ നെഗറ്റീവ്; ആശ്വാസകരമെന്ന് ആരോഗ്യമന്ത്രി
Nipah
എട്ട് പേരുടെ നിപ പരിശോധനാഫലങ്ങള്‍ നെഗറ്റീവ്; ആശ്വാസകരമെന്ന് ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th September 2021, 8:38 am

കോഴിക്കോട്: നിപാ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധനക്കയച്ച സാമ്പിളുകളെല്ലാം നെഗറ്റീവ്. ചാത്തമംഗലത്ത് നിപ ബാധിച്ചുമരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന എട്ട് പേരുടെ സാമ്പിളുകളാണ് നെഗറ്റീവായിട്ടുള്ളത്.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാഫലം ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് മാധ്യമങ്ങളുമായി പങ്കുവെച്ചത്. പരിശോധനാഫലം ആശ്വാസകരമാണെന്ന് വീണ ജോര്‍ജ് പറഞ്ഞു. കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയക്കുമെന്നും മന്ത്രി പറഞ്ഞു.

മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കും കുട്ടിയുമായി ഇടപഴകിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമില്ലെന്ന് വ്യക്തമായത് നിപ പ്രതിരോധത്തിനും സംസ്ഥാനത്തെ ആരോഗ്യമേഖലക്കും വലിയ ആശ്വാസമായിട്ടുണ്ട്.

നിലവില്‍ രോഗലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

251 പേരാണ് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരില്‍ 121 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സാംപിളുകള്‍ പരിശോധിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിനടുത്ത് റമ്പൂട്ടാന്‍ മരങ്ങളുണ്ടെന്നും ഇവയില്‍ വവ്വാലുകള്‍ വരാറുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പാതി കടിച്ച റമ്പൂട്ടാന്‍ കായകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുന്‍പാണ്. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച കഴിഞ്ഞ ദിവസം നില ഗുരുതരമായി മണിക്കൂറുകള്‍ക്കകം മരണപ്പെടുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: 8 Nipah results are negative, Nipah update by Health Minister Veena George