എഡിറ്റര്‍
എഡിറ്റര്‍
ഗസയില്‍ വീണ്ടും 72 മണിക്കൂര്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍
എഡിറ്റര്‍
Monday 11th August 2014 10:02am

gaza8

ഗസ: ഗസയില്‍ വീണ്ടും 72 മണിക്കൂര്‍ നേരത്തെ വെടിനിര്‍ത്തലിന്  ധാരണ. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് ഇസ്രഈലും ഹമാസും തയ്യാറായി. പ്രാദേശിക സമയം രാത്രി ഒന്‍പത് മണി മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരിക.

നേരത്തെ ഹമാസ് വെടിനിര്‍ത്തലിന് സന്നദ്ധമായിരുന്നെങ്കിലും ഇസ്രഈല്‍ വിസമ്മതിച്ചിരുന്നു. ആക്രമണ സമയത്ത് യാതൊരു ചര്‍ച്ചക്കും തങ്ങളില്ലെന്നായിരുന്നു ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്. വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാനുള്ള ഉന്നതതല ചര്‍ച്ചകള്‍ക്ക് ഇസ്രഈല്‍ കൈറോയില്‍ എത്തിയില്ലെങ്കില്‍ തങ്ങള്‍ തിരിച്ച് പോകുമെന്ന് ഫലസ്തീന്‍ പ്രതിനിധികള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇസ്രഈല്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുകയായിരുന്നു.

ആക്രമണം അവസാനിപ്പക്കാനുള്ള ശ്രമങ്ങള്‍ ഉന്നതരുടെ നേതൃത്വത്തില്‍ കൈറോയില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഗസയില്‍ നിന്ന് ഇസ്രഈലിന്റെ പൂര്‍ണ പിന്മാറ്റം, ഉപരോധം പിന്‍വലിക്കല്‍, ജറുസലമില്‍ നിന്ന് കഴിഞ്ഞ ജൂണില്‍ പിടികൂടിയവരടക്കമുള്ള തടവുകാരെ വിട്ടയക്കുക, പുനര്‍ നിര്‍മ്മാണത്തിനുള്ള അന്താരാഷ്ട്ര സഹായം എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഫലസ്തീന്‍ പ്രതിനിധികള്‍ മുന്നോട്ട് വെച്ചത്. ഹമാസിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയെന്നാതായിരുന്നു ഇസ്രഈലിന്റെ ആവശ്യം. എന്നാല്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ പ്രാഥമിക ചര്‍ച്ചയില്‍ തന്നെ ഇരുകൂട്ടരും അംഗീകരിച്ചിരുന്നില്ല.

വെടിനിര്‍ത്തലിന് ശേഷവും ആക്രമണം തുടരുന്നതാണ് ഗസയിലെ അനുഭവം. അതുകൊണ്ട് തന്നെ പുതിയ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിലും ഗസക്കാര്‍ ഭീതിയോടെയാണ് കഴിയുന്നത്. നേരത്തെ പ്രഖ്യാപിച്ച 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച്ച രാവിലെയോടെ അവസാനിപ്പിച്ച് ഇസ്രഈല്‍ ആക്രമണം തുടങ്ങിയിരുന്നു.

ഞായറാഴ്ച്ച ഗസയില്‍ ഇസ്രഈല്‍ രൂക്ഷമായ വ്യോമാക്രമണമാണ് നടത്തിയത്. 13ഉം 14ഉം വയസ്സുള്ള കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് ഫലസ്തീനികള്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു. ഒരു മാസത്തോളമായി തുടരുന്ന അക്രമങ്ങളില്‍ ഇതുവരെ 1939 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 73 ശതമാനവും സാധാരണക്കാരാണ്. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങളില്‍ 64 ഇസ്രഈല്‍ പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു.

അന്തരാഷ്ട്ര തലത്തില്‍ മാത്രമല്ല, ആഭ്യന്തര തലത്തിലും ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹു വന്‍ സമ്മര്‍ദ്ദത്തിലാണ്.

ലോകത്തെ നാണിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന തരത്തിലാണ് ഗസയിലെ കൂട്ടക്കുരുതിയെന്നും അഭയാര്‍ത്ഥിക്യാമ്പുകളിലുണ്ടായ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടിരുന്നു.

Advertisement